പ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം, സംവിധായകന്റെ മകളെ പ്രേമിച്ച സംഗീത സംവിധായകന്‍; വീട്ടില്‍ പറഞ്ഞപ്പോള്‍!
മലയാളികള്‍ക്ക് സുപരിചിതനാണ് ശ്രീനാഥ് ശിവശങ്കരന്‍. ഗായകനും സംഗീത സംവിധായകനുമൊക്കെയായ ശ്രീനാഥിനെ മലയാളികള്‍ പരിചയപ്പെടുന്നത് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഐഡിയ സ്‌റ്‌റാര്‍ സിംഗറെന്ന ഷോയിലൂടെ കടന്നു വന്നാണ് ശ്രീനാഥ് ശ്രദ്ധ നേടുന്നത്. ഷോയിലെ വിജയ് ആരാധകന്‍ ഇന്ന് വളര്‍ന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
ഗായകനായി സിനിമയിലെത്തിയ ശ്രീനാഥ് പിന്നീട് സംഗീത സംവിധായകനുമായി മാറി. ഈയ്യടുത്തായിരുന്നു ശ്രീനാഥിന്റെ വിവാഹം. തിരക്കഥാകൃത്ത്് സേതുവിന്റെ മകള്‍ അശ്വതിയെയാണ് ശ്രീനാഥ് വിവാഹം കഴിച്ചത്. മലയാള സിനിമയിലെ പ്രമുഖര്‍ എല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീനാഥും അശ്വതിയും. വിവാഹ ശേഷം ശ്രീനാഥും അശ്വതിയും ആദ്യമായി നല്‍കിയ അഭിമുത്തിലാണ് ഇരുവരും മനസ് തുറന്നത്. ആറ് വര്‍ഷത്തെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം താരങ്ങള്‍ സംസാരിക്കുന്നുണ്ട്. മൈല്‍സ്റ്റോണിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
സിനിമയില്‍ വന്ന തുടക്ക കാലത്ത് എപ്പോഴോ തന്നെ അശ്വതിയെ കണ്ടിട്ടുണ്ടെങ്കിലും വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. പിന്നീട് അശ്വതിയുടെ അച്ഛനും തിരക്കഥാകൃത്തുമായ സേതുവിന്റെ സിനിമയായ കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീനാഥ് സംഗീത സംവിധായകനാകുന്നത്. ഈ സമയത്താണ് അശ്വതിയെ ശ്രീനാഥ് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.

അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയതെന്നും താരങ്ങള്‍ പറയുന്നുണ്ട്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ പ്രണയമാണ് എന്ന് പറയുകയായിരുന്നില്ലെന്നും പരസ്പരമുള്ള സംസാരത്തിലൂടെയും പരിചയത്തിലൂടെയും രണ്ട് പേര്‍ക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. പിന്നീട് ഒരു അവസരം വന്നപ്പോള്‍ ശ്രീനാഥ് മനസ് തുറക്കുകയായിരുന്നു. പക്ഷെ പ്രണയിക്കാം എന്നായിരുന്നില്ല, കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് തന്നെയായിരുന്നു ശ്രീനാഥ് പറഞ്ഞത്.
പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറയുമ്പോള്‍ അശ്വതി ഡിഗ്രി ഫസ്റ്റ് ഇയറില്‍ പഠിക്കുകയായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അശ്വതിയും ശ്രീനാഥും പറയുന്നു. പഠനം പൂര്‍ത്തിയാക്കണം എന്നത് അത്യാവശ്യമായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു. അതേസമയം, അശ്വതിയുടെ അച്ഛനാണെങ്കിലും തന്റെ അച്ഛന്‍ ആണെങ്കിലും വളരെ ഫ്രണ്ട്ലിയാണ് എന്നും, കാര്യങ്ങള്‍ പറഞ്ഞാല്‍ അതേ സെന്‍സില്‍ മനസ്സിലാക്കുന്നവരാണെന്നാണ് ശ്രീനാഥ് അഭിപ്രായപ്പെടുന്നത്.

കല്യാണം കഴിഞ്ഞ ശേഷം ഇപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും തോന്നുന്നില്ല. രണ്ട് പേരും പഴയത് പോലെ ഒക്കെ തന്നെയാണെന്നാണ് വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരങ്ങള്‍ പറയുന്നത്. ശരിയ്ക്ക് കല്യാണ അവധി ആഘോഷിക്കാന്‍ പോലും പറ്റിയിട്ടില്ലെന്നും താരങ്ങള്‍ പറയുന്നു. ശ്രീനാഥ് നേരത്തെ കമ്മിറ്റ് ചെയ്ത ജോലികളുടെ തിരക്കിലാണ്. കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ പിജി പരീക്ഷ പൂര്‍ത്തിയായത്. ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ് അശ്വതി.

ഹണിമൂണ്‍ ഒന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ചില ഓഫറുകള്‍ എല്ലാം വന്നിട്ടുണ്ട്. പക്ഷെ എങ്ങിനെയായാലും ഒരു മാസം ഒക്കെ കഴിഞ്ഞിട്ട് അക്കാര്യം പ്ലാന്‍ ചെയ്യാം എന്നാണ് ഇപ്പോള്‍ തീരുമാനമെന്നാണ് താരങ്ങള്‍ പറയുന്നത്. ഇപ്പോഴത്തെ തിരക്കിനിടയില്‍ ഒരു യാത്ര പുറപ്പെട്ടാല്‍ അത് ആസ്വദിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഈ തിരക്കും കമ്മിറ്റ്മെന്റ്സുകളും എല്ലാം കഴിഞ്ഞിട്ടേ ഹമിണൂണ്‍ ഉള്ളൂവെന്നുമാണ് താരങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനിടയില്‍ ബന്ധുവീടുകളിലെ വിരുന്നുകള്‍ക്ക് പോകണമെന്നുണ്ടെന്നും താരദമ്പതികള്‍ പറയുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. താരങ്ങളായ ജയറാം, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, റഹ്‌മാന്‍, സംവിധായകന്‍ ജോഷി, ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ വിവാഹത്തിനെത്തിയിരുന്നു. മേം ഹൂം മൂസയാണ് ശ്രീനാഥ് ഒടുവില്‍ സംഗീത സംവിധാനം ചെയ്ത സിനിമ.


Click it and Unblock the Notifications











