ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണയാണ്; ഞാൻ അങ്ങനെ കഷ്ടപ്പെട്ടിട്ടൊന്നുമില്ല; ശ്രീനിവാസൻ പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. മലയാള സിനിമയിലെ പ്രധാനികളിൽ ഒരാളാണ് അദ്ദേഹം. നടനായും തിരക്കഥകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം, മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ശ്രീനിവാസനെ പോലെ തന്നെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്ന് മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങാൻ ഇവർക്കും സാധിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ മക്കളാണെങ്കിലും സ്വഭാവം കൊണ്ടൊക്കെ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് വിനീതും ധ്യാനും. പൊതുവെ സൗമ്യനായ വിനീത് മലയാളത്തിലെ ഹേറ്റർമാരില്ലാത്ത താരങ്ങളിൽ ഒരാളാണ്. അതേസമയം, സ്വഭാവരീതിയും പെരുമാറ്റവും കൊണ്ടൊക്കെ അച്ഛനോട് ഏറെ അടുത്ത് നിൽക്കുന്ന ആളാണ് ധ്യാൻ. അച്ഛനെ പോലെ തന്നെ രസികനും എന്തും തുറന്നു പറയുന്ന ആളുമാണ് ധ്യാൻ. അതുകൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങളൊക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെയായി ധ്യാനിന്റെ സിനിമകളേക്കാൾ അഭിമുഖങ്ങളാണ് ഹിറ്റ് ആകാറുള്ളത് എന്നതാണ് സത്യം. അഭിമുഖങ്ങളിലെ ധ്യാനിനെ പ്രേക്ഷകർക്ക് വലിയ ഇഷ്ടവുമാണ്. തന്റെ കുടുംബത്തിലെ പല സംഭവങ്ങളും രസകരമായ രീതിയിൽ ധ്യാൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മയുമായുള്ള രസകരമായ സംഭാഷണങ്ങൾ, അച്ഛന്റെ അസുഖ കാലം, തന്റെ വിവാഹം, ഭാര്യയും മകളുമായും ബന്ധപ്പെട്ട രസകരമായ കാര്യങ്ങളെ കുറിച്ചൊക്കെ ധ്യാൻ പറഞ്ഞത് വൈറലായിരുന്നു.
എന്നാൽ ധ്യാൻ പറയുന്നത് പകുതിയും സ്വന്തം കയ്യിൽ നിന്ന് ഇട്ട് പറയുന്നതാണെന്നാണ് ചേട്ടൻ വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അത് ഒരു പരിധി വരെ ശരിയാണെന്ന് ധ്യാനും അംഗീകരിച്ചിരുന്നു. ഇപ്പോഴിതാ, ധ്യാൻ പറഞ്ഞ ഒരു കാര്യം മുക്കാലും നുണയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ഛൻ ശ്രീനിവാസനും അമ്മ വിമലയും. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
അച്ഛൻ ചെന്നൈയിൽ കഷ്ടപ്പെട്ടു ജീവിച്ചിട്ടുണ്ട്. ആ സമയത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ധ്യാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ ഒരു കഷ്ടപ്പാട് ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ. ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണയാണെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. അങ്ങനെ കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒത്തിരി പൈസ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഷ്ടപ്പാട് ഒന്നും ഉണ്ടായിട്ടില്ലെന്ന് ധ്യാനിന്റെ അമ്മ വിമലയും പറഞ്ഞു. അവർ ജനിക്കുമ്പോൾ ശ്രീനിയേട്ടന്റെ അടുത്ത് പൈസയുണ്ട്. എന്നാൽ ശ്രീനിയേട്ടൻ പൈസ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ച കാലമുണ്ട്. എന്നാൽ അതൊന്നും ശ്രീനിയേട്ടന് കഷ്ടപ്പാടായിട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിലും ശ്രീനിയേട്ടന് അതങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ശ്രീനിയേട്ടൻ അങ്ങനെ പറഞ്ഞിട്ടുമില്ലെന്ന് വിമല പറഞ്ഞു.

എനിക്കും ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. പണ്ടായിരുന്നു നല്ലതെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഈ വലിയ വീടൊക്കെ മെയിന്റൈൻ ചെയ്ത് പോകുന്നത് തന്നെ വലിയ പാടാണ്. അന്നൊരു ടെൻഷനും ഇല്ല. ഒന്നുമില്ല. കഷ്ടപ്പാടിലും അതൊന്നും കഷ്ടപ്പാട് ആണെന്ന് ശ്രീനിയേട്ടൻ വിചാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ പറഞ്ഞത് ശരിയല്ല. എനിക്കും അതൊന്നും ഒരിക്കലും തോന്നിയിട്ടില്ലെന്നും വിമല വ്യക്തമാക്കി.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ട് ഇരിക്കുകയാണ്. അതേസമയം, സിനിമയിലും സജീവമാകാൻ ശ്രമിക്കുകയാണ് അദ്ദേഹം. വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കൻ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.


Click it and Unblock the Notifications