രജനിയെ തേടി വന്ന ഒരു രൂപയുടെ മണിയോര്‍ഡറുകളുടെ രഹസ്യം; ക്യാമ്പസ് കാലത്തെക്കുറിച്ച് ശീനി
തമിഴ് സിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ തലൈവരാണ് രജനീകാന്ത്. ജയിലറിലൂടെ താന്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് രജനീകാന്ത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രജനീകാന്തിനൊപ്പമുള്ള കാമ്പസ് കാലം ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്റെ സ്വന്തം ശ്രീനിവാസന്‍.
രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലാണ് പഠിച്ചത്. ശ്രീനിയുടെ സീനിയറായിരുന്നു രജനീകാന്ത്. മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ശ്രീനിവാസന്‍ തന്റെ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.

എന്റെ ഒരു വര്‍ഷം സീനിയറായിട്ടാണ് അദ്ദേഹം പഠിച്ചത്. അന്ന് ഞങ്ങള്‍ക്ക് അയാള്‍ രജനിയല്ല. ശിവാജി, ശിവാജി റാവു ഗെയ്ഗ്വാദ് എന്ന കര്‍ണ്ണാടകക്കാരന്‍ വിദ്യാര്‍ത്ഥി. അഡ്മിഷന്‍ സമയത്ത് ഞങ്ങളോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ് തുടങ്ങിയ വേളയില്‍ അവയെല്ലാം കാമ്പസിലെ സ്‌ക്രീനില്‍ എല്ലാവര്‍ക്കുമായി കാണിച്ചു. ഞാനഭിനയിച്ച രംഗം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ് പുറത്തിറയപ്പോള്‍ ശിവാജി എന്ന എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി അടുത്തു വന്ന് തോളില്‍ തട്ടി അഭിനന്ദിച്ചുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
നീങ്ക നന്നായി പണ്ണിയിറ്ക്ക് എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്‌നേഹവും ബഹുമാനവും അന്ന് തന്നെ എന്റെ മനസില്‍ ഇടം നേടി. കാമ്പസിലെ വലിയ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന ശിവാജിയെ ഞാന്‍ പിന്നീട് പലതവണ കണ്ടു. പരിചയം ചെറിയ തോതിലുള്ള സൗഹൃദത്തിന് വഴി മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു.
ആയിടയ്ക്കാണ് ക്ലാസിലെ എന്റെ അടുത്ത സുഹൃത്ത് ശങ്കരന്‍കുട്ടി ശിവാജിയില്‍ നിന്ന് അഞ്ചു രൂപ കടം വാങ്ങിയത്. വാങ്ങിയ കാശ് തിരിച്ചു കൊടുക്കാതെ മുങ്ങിനടന്ന ശങ്കരന്‍കുട്ടിയെ കാണാന്‍ ശിവാജി പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നീടൊരിക്കല്‍ ശിവാജി എന്നോട് ഈ കാര്യം പറഞ്ഞു. ചങ്ങാതിയോട് പണം തിരിച്ചുതരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് ഒരുവിധം എല്ലാവരുടേയും സ്ഥിതി അങ്ങനെയൊക്കെയായിരുന്നു. ഞാന്‍ ശങ്കരന്‍കുട്ടിയോട് ദേഷ്യപ്പെട്ടു പണം തിരികെ കൊടുപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.

ശിവാജിയെ തേടി മണിയോര്‍ഡറുകള്‍ എത്തുന്നതിന് ഞങ്ങളെല്ലാം സാക്ഷികളായിരുന്നു. മാസത്തില്‍ പലതവണ പോസ്റ്റ് മാന്‍ അദ്ദേഹത്തെ തേടി വരും. പോസ്റ്റുമാനേയും കൂട്ടി ശിവാജി കെട്ടിടത്തിന്റെ പുറകിലേക്ക് പോകും. ആദ്യമെല്ലാം അതെന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പിന്നീടാണ് മനസിലായത് മണിയോര്‍ഡര്‍ തുക ആരും കാണാതിരിക്കാനാണെന്ന്. പലപ്പോഴും ഒന്നും രണ്ടും രൂപയെല്ലാമായിരിക്കും. കര്‍ണാടകയിലെ സുഹൃത്തുക്കളും ബസ് ജീവനക്കാരുമെല്ലാമാകും അതയക്കുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു.
ശിവാജി ഒരു നടനാകുമെന്ന് സ്വപ്‌നം കണ്ട ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുമായെല്ലാം ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. ജയിലര്‍ ആണ് രജനീകാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷങ്ങളിലെത്തുകയും ചെയ്തിരുന്നു. വിനായകനായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്.


Click it and Unblock the Notifications