മോഹന്‍ലാല്‍ കേണല്‍ പദവി ഒപ്പിച്ചത് രാജീവ് നാഥ് വഴി; എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ മമ്മൂട്ടിയെ കളിയാക്കിയത്!
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് തുറന്നടിച്ച് ശ്രീനിവാസന്‍. താന്‍ നായകനായ പദ്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതെക്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സരോജ് കുമാര്‍ എന്ന സിനിമ മോഹന്‍ലാലിനെ കളിയാക്കാന്‍ എടുത്ത സിനിമയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്രീനിവാസന്‍.
മോഹന്‍ലാലിനെ മാത്രമല്ല. രാജീവ് നാഥ് ടിവിയില്‍ പറയുന്നത് കണ്ടതാണ് എന്റെ ഇന്‍സ്പിരേഷന്‍. കപില്‍ ദേവിന് കേണല്‍ പദവി നല്‍കിയിരുന്നു. ആ സമയത്ത് മോഹന്‍ലാല്‍ ലണ്ടനിലാണ്. മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. കപില്‍ ദേവിന് കേണല്‍ പദവി കിട്ടി, നമുക്ക് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു. എനിക്കത് വളരെ വിചിത്രമായി തോന്നി. ഇതൊക്കെ ഇങ്ങനെ ചോദിച്ചു വാങ്ങേണ്ട സാധനം ആണോ? അങ്ങനെ കിട്ടിയാല്‍ നമുക്കത് ആസ്വദിക്കാന്‍ സാധിക്കുമോ? എനിക്കത് ആസ്വദിക്കാന്‍ സാധിക്കില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

രാജീവ് നാഥ് സൈനിക് സ്‌കൂളില്‍ പഠിച്ചതാണ്. കഴക്കൂട്ടത്ത്. ആ ബന്ധമൊക്കെ വച്ചാണ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടുന്നത്. രാജീവ് നാഥ് പറയുന്നത് ഞാന്‍ കണ്ടതാണ്. അതൊക്കെയായിരുന്നു ആ സിനിമയുടെ തുടക്കം. ബാക്കി കുറേ മമ്മൂട്ടിയുമുണ്ട്. കൂടുതലും മമ്മൂട്ടിയാണ് ആ ചിത്രത്തിലുള്ളതെന്നും ശ്രീനിവാസന്‍ പറയുന്നു. പിന്നാലെ ഒരു ഉദാഹരണവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
മഴയെത്തും മുമ്പേ എന്ന സിനിമ ഇറങ്ങിയ സമയം. അതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ സ്ഫടികം സിനിമയും റിലീസാകുന്നത്. രണ്ടും ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ് മമ്മൂട്ടി.
എന്നിട്ട് മമ്മൂട്ടി എന്നോട് പറഞ്ഞു, സ്ഫിടകത്തിന്റെ പോസ്റ്റര്‍ കണ്ടോ മോഹന്‍ലാല്‍ മാത്രം. നമ്മുടെ പടത്തിന്റെ പോസ്റ്റര്‍ കണ്ടോ ശോഭനയും അവര്‍ ആരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് പറ, എന്റെ ചിത്രം മാത്രം വച്ച് പോസ്റ്റര്‍ വെക്കാന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം മാത്രം വച്ച് പോസ്റ്റര്‍ ഇറക്കാനാകും ഞാന്‍ പറയുക. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

മീറ്റിംഗിന് ചെല്ലുമ്പോള്‍ മാധവന്‍ നായര്‍ അവിടെയുണ്ട്. മമ്മൂട്ടി കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഓടി മാധവന്‍ നായരുടെ അടുത്ത് ചെന്നു. ഇങ്ങനൊരു കോടാലി വരുന്നുണ്ടെന്നും എന്തെങ്കിലും മറുപടി കണ്ടു വച്ചോ എന്നും പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും കണ്ടു. പറഞ്ഞതു പോലെ തന്നെ മമ്മൂട്ടി വന്നു. പക്ഷെ തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ എന്ന് ഞാന്‍ ചോദിച്ചു. മോഹന്‍ലാലിന്റെ മുമ്പത്തെ രണ്ട് സിനിമകള്‍ വീക്കായിരുന്നു. അതിനാല്‍ മോഹന്‍ലാലിന് അതിന്റെ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് പക്ഷെ അതിന്റെ ആവശ്യുണ്ടോ എന്ന് ചോദിച്ചു. അതോടെ തീര്‍ന്നു എന്നാണ് മാധവന്‍ നായര്‍ പറഞ്ഞതെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
ഉദയനാണ് താരത്തില്‍ ഞാന്‍ പറയുന്നുണ്ട്, എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന്. അതൊക്കെ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് അത്. പക്ഷെ പറച്ചില്‍ മോഹന്‍ലാല്‍ ആണെന്നാണ്. ആളുകള്‍ പറയുന്നതിന് എന്ത് ചെയ്യാനാകും എന്നും അദ്ദേഹം ചോദിക്കുന്നു.


Click it and Unblock the Notifications