ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ കല്യാണത്തിന് തയ്യാറായത്? ജെസ്‌നയെ ആദ്യം കണ്ടതിനെക്കുറിച്ച് സ്റ്റീഫന്‍ ദേവസ്സി
തന്റെ വിരലുകളിലെ മാന്ത്രിക സംഗീതം കൊണ്ട് കേള്‍വിക്കാരെ മറ്റൊരു ലോകത്തിലേക്ക് നയിക്കുന്ന പ്രതിഭയാണ് സ്റ്റീഫന്‍ ദേവസ്സി. അദ്ദേഹം തന്റെ സംഗീതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിയതിന് കണക്കില്ല. സംഗീത റിയാലിറ്റി ഷോയിലും സ്റ്റീഫന്‍ ദേവസ്സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സ്റ്റീഫന്‍ ദേവസ്സി.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ ദേവസ്സി മനസ് തുറക്കുന്നത്. ഭാര്യ ജെസ്‌നയും ഒപ്പമുണ്ട്. തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം.

''ഒരിക്കല്‍ ദുബായില്‍ ഒരു പ്രോഗ്രാമിന് പോയതായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് ചേട്ടന്‍ അടുത്തു വന്നു. അടുത്ത ദിവസം രാവിലെ ഒരു സ്ഥലം വരെ പോകാനുണ്ടെന്നും വേറെ പ്രോഗ്രാമൊന്നും ഏല്‍ക്കരുതെന്നും പറഞ്ഞു. രാവിലെ കാറില്‍ കയറിയപ്പോഴാണ് പെണ്ണുകാണല്‍ ചടങ്ങിനാണ് പോകുന്നതെന്ന് മനസിലായത്. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ജെസ്‌നയെ ഇഷ്ടായി. എങ്കിലും കുറച്ച് കാര്യങ്ങള്‍ അവളോട് ചോദിച്ചു'' സ്റ്റീഫന്‍ പറയുന്നു.
ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ നീ കല്യാണത്തിന് തയ്യാറാകുന്നത്? സ്വന്തം തീരുമാനം തന്നെയല്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍. സ്വന്തം തീരുമാനമല്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും പറഞ്ഞു. പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല എന്നാണ് സ്റ്റീഫന്‍ ദേവസ്സി പറയുന്നത്. പിന്നാലെ ഭാര്യ ജെസ്‌ന മറുപടി നല്‍കുന്നുണ്ട്.
ജെസ്‌ന. ആ സമയത്ത് ഞാന്‍ ശരിക്കും തയ്യാറായിരുന്നില്ല. പക്ഷെ ചോദ്യമൊക്കെ കേട്ടതോടെ കുടുതല്‍ ഇഷ്ടവും ബഹുമാനവും തോന്നി. അന്നെടുത്ത തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണെന്നാണ് ജെസ്‌ന പറയുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും മകന്‍ ഷോണിന്റെ വരവോടെയുണ്ടായ മാറ്റത്തെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞ് തുടക്കത്തിലൊന്നും കുടുംബത്തെ അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. പരിപാടികള്‍ മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ കുഞ്ഞുപിറന്നതോടെ പല പരിപാടികളോടും നോ പറയാന്‍ തുടങ്ങി. അവന്റെ ഓരോ വളര്‍ച്ചയും കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും പരിപാടി കഴിഞ്ഞ് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങും. വിദേശത്താണെങ്കില്‍ കിട്ടുന്ന ആദ്യത്തെ വിമാനത്തില്‍ തന്നെ നാട്ടിലേക്കെത്താനായിരിക്കും ശ്രമമെന്നാണ് സ്റ്റീഫ് പറയുന്നത്.

ആദ്യമൊക്കെ എനിക്കും ബുദ്ധിമുട്ടായിരുന്നുവെന്നാണ് ജെസ്‌ന പറയുന്നത്. പിന്നീടത് ശീലമായി. ഷോണിന്റെ വരവോടെ അദ്ദേഹം കൂടുതല്‍ സമയം ഞങ്ങള്‍ക്കൊപ്പമായി. ഷോപ്പിങ്, യാത്രകള്‍, അങ്ങനെ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പലതിനും സമയം കണ്ടെത്തി. പ്രോഗ്രാമുകളിലും പലപ്പോഴും കൂടെ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഒരുപാട് തിരക്കുള്ള ഷെഡ്യൂളുകളാണെങ്കില്‍ മാറി നില്‍ക്കമെന്നും ജെസ്‌ന പറയുന്നു. അച്ഛന്റെ പാതയിലൂടെ മകനും സംഗീതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു.
ഞാനും ഷോണും ദുബായില്‍ ഒരുമിച്ച് പെര്‍ഫോം ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്. അതവന്റെ ആദ്യത്തെ അന്താരാഷ്ട്ര വേദിയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടേയും പെര്‍ഫോമന്‍സ് കഴിഞ്ഞ വര്‍ഷം ഒരു റിയാലിറ്റി ഷോയുടെ ഉദ്ഘാടന ചടങ്ങായിരുന്നുവെന്നാണ് സ്റ്റീഫന്‍ പറയുന്നത്.


Click it and Unblock the Notifications











