പുലി മുരുകനെ പോലെ തന്നെയാണ് ഈ ചിത്രവും; 'ഇടിയൻ ചന്ദു'വിലേക്ക് എന്നെ ആകർഷിച്ചത്; പീറ്റർ ഹെയ്ൻ
പുലിമുരുകൻ എന്ന സിനിമയും അതിലെ ആക്ഷൻ സീനുകളും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ ഡയറക്ടറെ മലയാളികൾ തിരിച്ചറിയുന്നത് ആ ചിത്രത്തിലൂടെ. ഇപ്പോൾ വീണ്ടും വർഷങ്ങൾക്കു ശേഷം പീറ്റർ ഹെയ്ൻ ഇടിയൻ ചന്ദു എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയിരിക്കുന്നു. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
മലയാളികൾക്ക് ഇന്നും അത്ഭുതം ഉണ്ടാക്കിയ സിനിമയായിരുന്നു പുലിമുരുകൻ. അതിലെ ഫൈറ്റ് സീനുകളെല്ലാം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നാൽ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്ദു ഒരു ചെറിയ ചിത്രമാണ്. പക്ഷേ വലിയ ക്യാൻവാസിൽ ക്രിയേറ്റ് ചെയ്ത ഫൈറ്റ് സീനുകൾ ഇതിലുണ്ട്. ചിത്രത്തെ കുറിച്ച് സൈന സൗത്ത് പ്ലസ് ചാനലിലൂടെ പീറ്റർ ഹെയ്ൻ സംസാരിക്കുന്നു.

"പുലിമുരുകൻ ഒരു ടീം വർക്കാണ്. സംവിധാകനും, എഴുത്തുകാരനും, ക്യാമറമാനും എല്ലാവരും വളരെ സഹകരിച്ചാണ് ആ സിനിമ മികച്ചതാക്കിയത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് മോഹൻലാൽ സാറിനെ കുറിച്ചാണ്. അദ്ദേഹം ഭയങ്കര ഡെഡിക്കേഷൻ ഉള്ളയാളാണ്. ഓരോ ഫൈറ്റ് സീനിനും മുന്നേ അദ്ദേഹം കൃത്യമായി പ്രാക്ടീസ് ചെയ്തിട്ടാണ് ഓരോ ഷോട്ടും എടുക്കുന്നത്. അദ്ദേഹത്തിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്. അതായത് വിജയം എന്നത് ഒരു ടീം വർക്കാണെന്ന് അന്ന് മനസിലായി. അതേ കാര്യം ഇപ്പോൾ ഇടിയൻ ചന്ദു എന്ന ചിത്രത്തിലും എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. " പീറ്റർ ഹെയ്ൻ പറഞ്ഞു.
"ഞാനും ഡയറക്ടറും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. അതൊരിക്കലും ഞങ്ങൾക്കിടയിലുള്ള പ്രശ്നം ആയിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു. എന്നാൽ ആ പ്രശ്നത്തെ പരിഹരിച്ചത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊക്കെ അദ്ദേഹത്തിന് കൃത്യമായി അറിയാം."

300 വിദ്യാർത്ഥികളെ വെച്ചാണ് ഈ സിനിമയിലെ ഫൈറ്റ് സീനുകൾ എടുത്തിരിക്കുന്നത്. ട്രെയിലറിൽ കാണുന്ന പോലെ ആ സ്കൂളും ആ വിദ്യാർത്ഥികളുമാണ് ഈ സിനിമയുടെ പ്രധാന കഥ നടക്കുന്ന ഇടം. പീറ്റർ ഹെയ്ൻ എന്ന ലെജന്റിന് ഇടിയൻ ചന്ദു എന്ന ഈ സിനിമ ഏറ്റവും ചാലഞ്ചിംഗ് ആവാൻ ഒരുപാട് കാരണങ്ങളുണ്ട്. "ഈ സിനിമക്കു മുന്നേ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളും എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇന്ത്യൻ 2, പുഷ്പ 2, ധനുഷിന്റെ രായൻ, ജൂനിയർ എൻ.ടി. ആർ ചിത്രം ദേവരയും ഇതിനടിയിൽ ഉണ്ട്. പക്ഷേ എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടു. അതിനാലാണ് ഈ തിരിക്കിനിടയിലും ഇടിയൻ ചന്ദുവിന് വേണ്ടി സമയം കണ്ടെത്തിയത്."
ഒരു സീൻ ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് പീറ്ററിനെ ഈ ചിത്രത്തിലേക്ക് സംവിധായകൻ ശ്രീജിത്ത് വിജയൻ വിളിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ഈ കഥ ഇഷ്ടപ്പെടുകയും ഇത് പൂർണമായും അദ്ദേഹം തന്നെ ആക്ഷൻ ചെയ്യുകയുമായിരുന്നു. എന്നാൽ അതിന്റെ റിസൾട്ട് സിനിമ റിലീസ് ചെയ്യുമ്പോൾ കാണാൻ സാധിക്കും. "ഞാൻ അൽപം വ്യത്യസ്ഥത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ബ്രേവ് ഹാർട്ട് പോലെയാണ് ഇതിലെ ആക്ഷൻ ചെയ്തത്. അത് കാണുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടും." ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











