കൂടെ അഭിനയിച്ച ലെന താരമായപ്പോള്‍ സുമേഷിന് സംഭവിച്ചത്? ആ സംഭവത്തോടെ അഭിനയം നിര്‍ത്തി!
ഒരുകാലത്ത് ആല്‍ബം പാട്ടുകള്‍ക്ക് മലയാളികളുടെ ഇടയിലുണ്ടായിരുന്ന സ്വാധീനം വളരെ വലുതയായിരുന്നു. ആല്‍ബത്തിലൂടെ അഭിനയത്തിലേക്കും സിനിമയിലേക്കുമൊക്കെ എത്തിയവരായി നിരവധി പേരുണ്ട്. അങ്ങനെ വന്നവരില്‍ ഒരാളാണ് നടി ലെന. നിരവധി ഹിറ്റ് ആല്‍ബം സോംഗുകളില്‍ ലെന അഭിനയിച്ചിട്ടുണ്ട്. ലെന അഭിനയിച്ച് ഒരുകാലത്ത് വലിയ തരംഗമായി മാറിയ പാട്ടായിരുന്നു ഇഷ്ടം, എനിക്കിഷ്ടം.
അന്ന് കൈരളി വീ ചാനലിലെ ഡ്യൂ ഡ്രോപ്‌സ് പോലുള്ള പരിപാടികളിലെ സ്ഥിരം പാട്ടായിരുന്നു ഇഷ്ടം എനിക്കിഷ്ടം. പാടിയത് സൂപ്പര്‍ ഹിറ്റ് ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനും. ലെന ഇന്ന് വലിയ താരമായി മാറി. കൈനിറയെ സിനിമകളും ധാരാളം പുരസ്‌കാരങ്ങളും. എന്നാല്‍ ആന്ന് ആ പാട്ടില്‍ ലെനയ്‌ക്കൊപ്പം അഭിനയിച്ചിരുന്ന നായകന്‍ എവിടെപ്പോയി?

പലപ്പോഴും പലരും നൊസ്റ്റാള്‍ജിയയോടെ ചോദിക്കാറുള്ള ആ ചോദ്യത്തിനുള്ള ഉത്തരം ഇതാ. 22 വര്‍ഷങ്ങള്‍ക്കപ്പുറം ആ ആല്‍ബത്തിലെ നായകന്‍ മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുമേഷ് മനസ് തുറക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സുമേഷ് ഒരു അഭിമുഖത്തിനെത്തുന്നത്. പിന്നീട് താന്‍ അഭിനയത്തില്‍ നിന്നു തന്നെ പിന്മാറാനുണ്ടായ കാരണവും സുമേഷ് പങ്കുവെക്കുന്നുണ്ട്.
വരാത്തതൊക്കെയായി ഏകദേശം 10-12 ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലേക്ക് കടന്നു. അതിനായി ശ്രമിച്ചു. ശ്രമിച്ചപ്പോള്‍ ആ മീഡിയയുടെ എഴയലത്ത് നമുക്ക് എത്താന്‍ പറ്റില്ലെന്ന് മനസിലായി. ഇന്നത്തെ സാഹചര്യമല്ല. ഇന്ന് നമുക്ക് ഒരുപാട് അവസരങ്ങളുണ്ട്. കുറഞ്ഞത് സീരിയലില്‍ എങ്കിലും ചെറിയ അവസരമെങ്കിലും കിട്ടിയേനെ. അന്ന് ചില മാസികകളിലൊക്കെ എഴുത്തുകള്‍ വന്നിരുന്നു. അതു കൊണ്ടു പോയി കാണിച്ചപ്പോള്‍ ഒന്ന് രണ്ട് സംവിധായകര്‍ ചെറിയ ചെറിയ വേഷങ്ങള്‍ തന്നിരുന്നുവെന്നാണ് സുമേഷ് പറയുന്നത്.
പിന്നീട് ഞാന്‍ രക്ഷപ്പെടും എന്ന് തോന്നുന്ന തരത്തില്‍, ഇത്തിരി നല്ലൊരു വേഷം എനിക്കൊരു സിനിമയില്‍ ലഭിച്ചു. ഇന്നത്തെ ഒരു സൂപ്പര്‍ താരത്തിന്റെ സിനിമയായിരുന്നു. അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് വേഷമായിരുന്നു. അതൊരു റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഷൂട്ടുള്ള രംഗമായിരുന്നു. ട്രെയിനൊക്കെ വാടകയ്ക്ക് എടുത്ത് അല്‍പ്പം കോസ്റ്റ്‌ലിയായിട്ടുള്ള സിനിമയായിരുന്നു. ഞാന്‍ അതിന്റെ നായികയുടെ കൂടെ പ്രാക്ടീസൊക്കെ ചെയ്തിരിക്കുകയായിരുന്നുവെന്നും സുമേഷ് പറയുന്നു.

ഷൂട്ട് തുടങ്ങാനായി മേക്കപ്പ് ഒക്കെ ഇട്ട് ഇരിക്കുകയായിരുന്നു. അവസാന നിമിഷം പ്രൊഡക്ഷനില്‍ നിന്നും ഞാനല്ല ആ വേഷം ചെയ്യുന്നത്, എന്നെ വച്ച് റിസ്‌ക് എടുക്കാനാകില്ലെന്നും വേറെ ഒരാളാണ് ആ വേഷം ചെയ്യുന്നതെന്നും അറിയിച്ചു. ആ മേക്കപ്പ് തുടച്ചത് എന്റെ മനസില്‍ നിന്നും കലയെ തുടച്ച് കളയുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ നാട്ടില്‍ ഇത്തിരി പൊതുപ്രവര്‍ത്തനമൊക്കെയായിട്ട് നടക്കുന്ന വ്യക്തിയാണ്. പിന്നീടൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരികയും ജയിക്കുകയും ചെയ്തു. അതോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി മാറി. വേഷം ഖദറായെന്നും സുമേഷ് പറയുന്നു.
സത്യത്തില്‍ ആ ആല്‍ബത്തില്‍ അന്ന് അഭിനയിക്കേണ്ടിയിരുന്നത് സുന്ദരനായ ഒരു നടനായിരുന്നു. അയാള്‍ എത്തപ്പെടാത്തതിനാലാണ് തനിക്ക് ചെയ്യേണ്ടി വന്നതെന്നാണ് സുമേഷ് പറയുന്നത്. പ്രണയം എന്നായിരുന്നു ആല്‍ബത്തിന്റെ പേര്. ഇന്ത്യയില്‍ തന്നെയുള്ള ഏറ്റവും ടോപ് ടെന്‍ സിംഗേഴ്സിനെ കൊണ്ട് പാട്ട് പാടിപ്പിച്ചു എന്നതായിരുന്നു ആ ആല്‍ബത്തിന്റെ പ്രത്യേകതയെന്നും സുമേഷ് പറയുന്നു. ശങ്കര്‍ മഹാദേവന്‍ മലയാളത്തില്‍ ആദ്യമായി പാടിയ പാട്ടാണ്.


Click it and Unblock the Notifications