ബർത്ത്ഡേ ഗംഭീരമാക്കിയതിന് ഡാഡയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് ആലിയുടെ കത്ത്; സന്തോഷം പങ്കുവച്ച് സുപ്രിയ
മലയാളത്തിലെ പവർഫുൾ കപ്പിൾ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വിരാജ് അഭിനയവും സംവിധാനവുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ നിർമ്മാതാവായാണ് സുപ്രിയ മലയാളത്തിൽ ചുടുറപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ മുന്നിൽ നിന്ന് നയിക്കുന്നത് സുപ്രിയ ആണ്. നിരവധി ആരാധകരാണ് ഇവർക്കുള്ളത്.
പൃഥ്വിരാജിനെയും സുപ്രിയയെയും പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ് ഇവരുടെ ഏക മകൾ അലംകൃതയും. ആലിയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അലംകൃതയുടെ പിറന്നാളായിരുന്നു സെപ്റ്റംബർ എട്ടിന്. ഇത്തവണ തിരുവോണം ദിനത്തിൽ ആയിരുന്നു ആലിയുടെ പിറന്നാൾ. എന്നിരുന്നാലും മാലിദ്വീപിൽ പോയി മകളുടെ ജന്മദിനം പൃഥ്വിയും സുപ്രിയയും ആഘോഷമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മാലിദ്വീപിൽ നിന്നുള്ള ആലിയുടെ ഒരു ചിത്രം പങ്കുവച്ചു കൊണ്ട് പിറന്നാൾ ആഘോഷത്തെ കുറിച്ച് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 'വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്‌ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി. വീണ്ടുമവിടേയ്ക്ക് വരാനായി കാത്തിരിക്കുന്നു,' എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

മകളുടെ ജന്മദിനത്തിലും പതിവ് തെറ്റിക്കാതെ പൃഥ്വിരാജും സുപ്രിയയും ആലിയുടെ ചിത്രം പങ്കുവയ്ക്കുകയും പിറന്നാൾ ആശംസകൾ നേരുകയും ചെയ്തിരുന്നു. 'ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അല്ലി,' എന്നായിരുന്നു പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്.

ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ഗംഭീരമാക്കിയ അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് ആലി. രണ്ടുപേർക്കും പ്രത്യേകമായി എഴുതിയ കത്തുകളിലൂടെയാണ് ആലി നന്ദി പറയുന്നത്. സുപ്രിയയാണ് കത്തുകളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. 'ആലിയുടെ മമ്മയും ഡാഡയും ആകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്. അവൾ അവളുടെ വികാരങ്ങൾ ഇങ്ങനെ കുറിപ്പുകളിലൂടെ പങ്കുവക്കുന്നതിൽ സന്തോഷമുണ്ടെന്നും' കുറിച്ചു കൊണ്ടാണ് സുപ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. ഡാഡ എല്ലാത്തിനും അനുവദിക്കും മമ്മ അനുവദിക്കില്ല എന്ന വരികൾ ശ്രദ്ധിക്കണേ എന്നും സുപ്രിയ കുറിക്കുന്നുണ്ട്.

പൃഥ്വിയ്ക്ക് എഴുതിയ കത്തിൽ ആലി പാരാസെയ്‌ലിംഗ് മനോഹരമായിരുന്നു എന്ന് പറയുന്നുണ്ട്. തന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതിനും ഓരോന്ന് ചെയ്യാൻ അനുവദിക്കുന്നതിനും ഒരുമിച്ചു കളിക്കുന്നതിനും ഒരുപാട് സ്നേഹം കാണിക്കുന്നതിനുമാണ് നന്ദി പറയുന്നത്. സുപ്രിയക്ക് എഴുതിയ കത്തിൽ തനിക്ക് പ്രചോദനം നൽകുന്നതിനും സർപ്രൈസുകൾ നൽകുന്നതിനും എല്ലാത്തിലും സഹായിക്കുന്നതിനും തന്റെ അറിവ് വർധിപ്പിക്കാൻ വേണ്ട എല്ലാം നൽകുന്നതിനുമാണ് ആലി നന്ദി പറയുന്നത്.
മൂവരും ഒന്നിച്ചുള്ള ചിത്രവും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്യുന്നത്.


Click it and Unblock the Notifications