ആക്ഷൻ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ; സുരേഷ് ഗോപിയുടെ മികച്ച അഞ്ച് ചിത്രങ്ങൾ കാണൂ
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറിന് ഇന്ന് അറുപത്തിയാറ് വയസ് തികയുന്നു. ഇത്തവണ പിറന്നാൾ ആഘോഷം പാർലമെന്റിൽ. വിനോദ സഞ്ചാരം, പെട്രോളിയം- പ്രകൃതി വാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റതിനാൽ ഈ വർഷത്തെ പിറന്നാൾ സുരേഷ് ഗോപിക്ക് ഇരട്ടി മധുരമേകും. എന്നാൽ ലോക്സഭാ സ്പീക്കർ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ അദ്ദേഹം പാർലമെന്റിലായിരിക്കും.
മലയാള സിനിമയിൽ മൂന്നാമൻ എന്ന വിളിപ്പേര് നേടി. മലയാളത്തിനു പുറമേ തമിഴ്, തെലുഗ്, കന്നട ഇന്റസ്ട്രികളിലും മികച്ച ചിത്രങ്ങൾ ചെയ്തു. പഞ്ച് ഡയലോഗുകൾ പറയാൻ മലയാളത്തിൽ മറ്റൊരാളില്ല എന്ന നിലയിൽ വളർന്നു. പിന്നീട് രാഷ്ട്രീയത്തിൽ എത്തിയപ്പോഴും അതേ പഞ്ച് ഡയലോഗുകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുത്തു. കളിയാട്ടം എന്ന ഒറ്റ ചിത്രം മതി സുരേഷ് ഗോപി എന്ന നടനെ മനസിലാക്കാൻ. പിന്നീട് വന്ന മകൾക്ക്, മേൽവിലാസം, അപ്പോത്തിക്കരി തുടങ്ങി ക്രിറ്റിക്കലി അക്ലെയിം ചെയ്ത അതിമനോഹര ചിത്രങ്ങളും സുരേഷ് ഗോപി എന്ന നടനെ അളക്കാൻ സാധിച്ചു.

2015ൽ സിനിമയിൽ നിന്ന് വലിയൊരു ബ്രെയ്ക്ക് എടുത്തിരുന്നു. എന്നാൽ 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു റീ എന്റട്രി നടത്തി പ്രേക്ഷക പ്രശംസ നേടി. എല്ലാ ചിത്രങ്ങളിലൂടെയും അതിഗംഭീര കഥാപാത്രങ്ങളെ സമ്മാനിച്ചു. എങ്കിലും അദ്ദേഹത്തിന്റെ മികച്ച അഞ്ച് ചിത്രങ്ങൾ എതെല്ലാമെന്ന് പരിശോധിക്കാം;
കളിയാട്ടം (1997)
വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കി ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡും, സംസ്ഥാന അവാർഡും നേടി. മഞ്ചു വാര്യർ, ലാൽ, നരേന്ദ്ര പ്രസാദ് തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്.
ലേലം (1997)
ജോഷി- രഞ്ജിപണിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ മാസ് ആക്ഷൻ എന്റർടെയ്നർ. ആനക്കാട്ടിൽ ഈപ്പച്ചനും ആനക്കാട്ടിൽ ചാക്കോച്ചിയും ഉണ്ടാക്കിയ ഓളം ചെറുതല്ല. ചാക്കോച്ചി എന്ന ശക്തമായ കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട ഫാക്ടർ. മാത്രമല്ല പഞ്ച് ഡയലോഗുകളും ഓരോ കഥാപാത്രത്തിന്റെ പേരിലെ വ്യത്യസ്തതയും കാരണം, സുരേഷ് ഗോപിയുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ലേലം ഉണ്ടെന്നതിൽ തർക്കമില്ല.
പത്രം (1999)
ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിലെ എക്കാലത്തെയും രാഷ്ട്രീയ ത്രില്ലർ ചിത്രമാണിത്. മുരളി, മഞ്ജു വാര്യർ, ബിജു മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട് പത്രത്തിൽ. ഒരു മുൻനിര പത്രത്തിലെ അസോസിയേറ്റ് എഡിറ്ററായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.

കമ്മീഷണർ (1994)
ഭരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം മലയാളികൾക്കിടയിൽ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ട് കെട്ടുകൾ എന്നും വിജയമായിരുന്നു. മോഹൻ തോമസ് എന്ന ശക്തനായ വില്ലൻ കഥാപാത്രത്തിനൊപ്പം ആവേശം കൊള്ളിക്കുന്ന പ്രകടനമായിരുന്നു സുരേഷ് ഗോപി കാഴ്ച വെച്ചത്.
അപ്പോത്തിക്കരി (2014)
മേൽവിലാസത്തിനു ശേഷം മാധവ് രാംദാസ് ചെയ്ത മെഡിക്കൽ ത്രില്ലറായിരുന്നു അപ്പോത്തിക്കരി. അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ പ്രകടനമായിരുന്നു ഡോ. വിജയ് നമ്പ്യാർ എന്ന സുരേഷ് ഗോപി കഥാപാത്രത്തിന്റേത്. ഒപ്പം ആസിഫ് അലി, ജയസൂര്യ, അഭിരാമി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications