ദേഷ്യപ്പെടാറുണ്ട്, പക്ഷെ രാധിക വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ല: ഭാര്യയെ കുറിച്ച് സുരേഷ് ഗോപി
മലയാള സിനിമയിലേക്ക് സഹനടനായി എത്തി, പിന്നീട് നായക പദവിയിലേക്കും, അവിടെ നിന്ന് സൂപ്പർ താര പദവിയിലേക്കും ഉയർന്ന വ്യക്തിയാണ് സുരേഷ് ഗോപി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച അദ്ദേഹം, ഇന്ന് അധികം വൈകാതെ മെമ്പർ ഓഫ് പാർലമെന്റും, കേന്ദ്ര മന്ത്രിയുമൊക്കെയായി തീർന്നു. സിനിമയുടെയും രാഷ്ട്രീയത്തിന്റെയും തിരക്കുകൾ ഒരുപാടുണ്ടെങ്കിലും, ഒരു തികഞ്ഞ കുടുംബസ്നേഹിയാണ് സുരേഷ് ഗോപി. ഭാര്യ രാധികയും, നാല് മക്കളും അടങ്ങുന്ന തന്റെ ലോകത്തെ എല്ലാ തിരക്കുകളിലും അടക്കിപിടിക്കുകയാണ് അദ്ദേഹം.
അടുത്തിടെ സോഷ്യൽ മീഡിയയിൽ, മുൻപൊരിക്കൽ ഭാര്യ രാധികയോടുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു വേദിയിൽ വച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. താൻ ഒരു തികഞ്ഞ മാതൃക ഭർത്താവല്ല എന്ന് ഏറ്റു പറയുമ്പോഴും, പുറമെ താൻ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്ന് പറയുമ്പോഴും, തന്റെ പ്രിയ പത്നിയോടുള്ള സ്നേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ല എന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.

"ഞാൻ എന്റെ ഭാര്യയുടെ നേരെ... എനിക്ക് ദേഷ്യം വരും. നിങ്ങൾ ഈ പുറമെ വരുമ്പോൾ കാണുമ്പോൾ ഉള്ള ദേഷ്യമെല്ലാം എനിക്ക് വീട്ടിലും ഉള്ളതാ... ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതെല്ലാം ഞാൻ വിളിച്ചു പറയും. പക്ഷെ, അടുത്ത നിമിഷം അവൾ എനിക്ക് ചോറ് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് കഴിക്കാൻ പറ്റില്ല," വികാരാധീനനായി സുരേഷ് ഗോപി വെളിപ്പെടുത്തി. "ഉണ്ടാക്കി തരുന്ന കറികളിൽ - എത്ര ജോലിക്കാരുണ്ട്? മൂന്ന് ജോലിക്കാരുണ്ട്, അവർ വച്ച് തന്നാലും, അവൾ ഒന്ന് ആ തവി വച്ച് ഇളക്കി, എനിക്ക് വിളമ്പി തന്നില്ലെങ്കിൽ, എനിക്ക് ഇറങ്ങില്ല ഭക്ഷണം," സൂപ്പർ താരം വെളിപ്പെടുത്തി.

ഈ സംഭാഷണത്തിനിടെ, അടുത്തിടെയായി മനസ്സിൽ ഉണ്ടാവാറുള്ള ചിന്തകളെക്കുറിച്ചും സുരേഷ് ഗോപി വെളിപ്പെടുത്തി. "ഈ അടുത്തിടയ്ക്ക് ഞാൻ ചിലപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്. ഞാൻ പോണോ ആദ്യം, അവൾ പോണോ ആദ്യം, എന്ന്. എനിക്കൊരു ഉത്തരം ഇത് വരെ കിട്ടിയിട്ടില്ല. രണ്ടും ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്. അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കും എന്നറിയില്ല. നോക്കൂ... ആണും പെണ്ണും തമ്മിൽ ഏട്ടാ കുറച്ചിലുകളെ കുറിച്ചോ, അല്ലെങ്കിൽ അവൾക്കാണോ കൂടുതൽ സ്ഥാനം എനിക്കണോ കൂടുതൽ സ്ഥാനം - അതൊന്നുമല്ല. ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. അത് ദിവ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്," പ്രശസ്ത താരം പറഞ്ഞു നിർത്തി.
സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളെ സ്പർശിച്ചിരുന്നു. സൂപ്പർ താരവും ഭാര്യയും ഭാഗ്യം ചെയ്തവരാണെന്നും, ഈ സ്നേഹവും ഒത്തൊരുമയുമായി ഒരു നീണ്ട ദാമ്പത്യം ഇരുവർക്കും ഉണ്ടാകട്ടെയെന്നുമാണ് ആരാധകർ പറയുന്നത്. സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും 5 മക്കളാണ് ഉള്ളത്. മൂത്ത മകൾ ലക്ഷ്മി, വളരെ ചെറിയ പ്രായത്തിൽ തന്നെ അന്തരിച്ചു. മറ്റൊരു മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം അടുത്തിടെ അത്യാഢംബരപൂർവം നടന്നിരുന്നു. മകൾ ഭാവ്നി സുരേഷ് ഇടയ്ക്ക് മോഡലിംഗ് ചെയ്യാറുണ്ട്. ആൺ മക്കളായ ഗോകുലും മാധവും യുവ നടന്മാരാണ്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.facebook.com/ActorSureshGopi, www.OneIndia.com, എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











