'പ്രീ-ക്ലൈമാക്സ് കണ്ടപ്പോൾ തന്നെ കാര്യം വ്യക്തമായി; ഉടനെ ഫാസിൽ സാറിനെ വിളിച്ച് പറഞ്ഞു': സ്വർഗചിത്ര അപ്പച്ചൻ
ഇന്ത്യൻ സിനിമയുടെ വിസ്മയ ചിത്രമാണ് 1993ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മോഡി നഷ്ടപ്പെടാത്ത ചിത്രം പുതിയ രൂപത്തിൽ 4K മാസ്റ്ററിംഗ് ചെയ്ത് റീറിലീസിനു ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിശേഷങ്ങളുമായി മാസ്റ്റർ ബിൻ ചാനലിലൂടെ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ സംസാരിക്കുന്നു.
"മധു മുട്ടം എന്ന കോളേജ് അധ്യാപകന്റെ ചാത്തനേറ് എന്ന കഥയെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ ഡെവലപ്പ് ചെയ്ത കഥയാണ് മണിച്ചിത്രത്താഴ്. ഏകദേശം 3 വർഷത്തോളം അദ്ദേഹം ആ കഥ പൂർത്തിയാക്കുവാൻ സമയമെടുത്തു. ഫാസിൽ സാറിന് ആ സിനിമ ചെയ്യണമെന്ന് പറഞ്ഞു, ഞാൻ അദ്ദേഹത്തോടൊപ്പം നിന്നു. അത്രമാത്രമാണ് മണിച്ചിത്രത്താഴിനെ കുറിച്ച് അപ്പോൾ തോന്നിയത്.

ഫാസിൽ സാറിന് ഈ ചിത്രം നാഷണൽ അവാർഡിന് അയക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോൾ നവംബർ മാസമായിരുന്നു. ചിത്രീകരണം പൂർത്തിയായി എഡിറ്റിംഗ് കഴിഞ്ഞ് സെൻസർ ചെയ്താൽ മാത്രമേ ആ വർഷത്തെ ലിസ്റ്റിലേക്ക് അയക്കാൻ സാധിക്കൂ. പരിമിതമായ ദിവസങ്ങളായിരുന്നു. അങ്ങനെ ഫാസിൽ സാറിന്റെ ശിഷ്യൻമാരായ പ്രിയദർശൻ, സിദ്ധിഖ്-ലാൽ പിന്നെ സിബി മലയിലും ചേർന്ന് അദ്ദേഹത്തെ സഹായിച്ചു.
പത്മനാഭ പാലസിൽ വെച്ചായിരുന്നു ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. ഓരോ സംവിധാകർക്കും ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ കൊടുക്കും. അങ്ങിനെയാണ് അദ്ദേഹം ഷൂട്ടിംഗ് എളുപ്പമാക്കിയത്. അതുവഴി സിനിമ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീർത്ത് നാഷണൽ അവാർഡിനു വേണ്ടി അയക്കാനും സാധിച്ചു." സ്വർഗചിത്ര അപ്പച്ചൻ പറയുന്നു. ആ ശ്രമം വിഫലമായിരുന്നില്ല. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ഒപ്പം മികച്ച അഭിനേത്രിയായി ശോഭനക്കും ദേശീയ പുരസ്കാരം ലഭിച്ചു.
സിനിമയൊരു വിസ്മയമായി മാറിയത് മണിച്ചിത്രത്താഴ് കാണുമ്പോഴാണ്. പ്രതിഭാശാലികളായിരുന്നു സിനിമയിൽ അഭിനയിച്ചവരെല്ലാം. ഫാസിലിന്റെ സിനിമയിലേക്ക് ക്ഷണം കിട്ടിയാൽ ഏത് വലിയ താരമാണെങ്കിൽ പോലും അഭിനയിക്കാൻ അവർ തയ്യാറാവും. അതാണ് ഫാസിൽ സാറിന്റെ മെറിറ്റ് എന്നാണ് സ്വർഗചിത്ര അപ്പച്ചൻ പറയുന്നത്. ഫാസിലിന് എപ്പോഴും സിനിമയിലേക്ക് പുതുമുഖങ്ങളെ കൊണ്ടു വരുന്നതാണ് ഇഷ്ടം.
മഞ്ഞിൽവിരിഞ്ഞ പൂവ്, അനിയത്തിപ്രാവ് അങ്ങനെ നിരവധി സിനിമകൾ അദ്ദേഹം പുതുമുഖങ്ങളെ വെച്ച് ചെയ്തിട്ടുണ്ട്. ഫാസിലിനെ പോലൊരു ലെജന്റ് സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ കാസ്റ്റിംഗ് നോക്കുമ്പോൾ ഇപ്പോൾ കണ്ണ് നിറയും. മൺമറഞ്ഞു പോയ കുതിരവട്ടം പപ്പു, നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, തിലകൻ തുടങ്ങിയ താരങ്ങളാൽ മണിച്ചിത്രത്താഴ് സമ്പന്നമായിരുന്നു.

ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ് പ്രേക്ഷകർക്ക് ഇഷ്ടമാവുമെങ്കിൽ സിനിമ സക്സസ് ആവുമെന്നാണ് പറയുന്നത്. ഡോ. സണ്ണി നാഗവല്ലിയെ കുറിച്ചുള്ള വിവരങ്ങൾ നഗുലനോടും മഹാദേവനോടും പറയുന്ന ആ സീൻ ആണ് പ്രീ ക്ലൈമാക്സ്.
"ഞാൻ സിനിമ കാണാൻ ആദ്യ ദിവസം തന്നെ തിയേറ്ററിലെത്തി. പ്രീക്ലൈമാക്സ് എത്തിയപ്പോൾ പെട്ടെന്ന് തിയേറ്റർ മുഴുവൻ സയലന്റായി. മോഹൻലാലിന്റെ ഈ സംസാരം കേട്ടിട്ട് ആളുകൾ ശ്വാസം അടക്കിപ്പിടിച്ച് കാണുകയാണ്. അപ്പോൾ തന്നെ ഫാസിൽ സാറിനെ വിളിച്ച് ഞാൻ പറഞ്ഞു, ഒന്നും പേടിക്കണ്ട സിനിമക്ക് ഗംഭീര റെസ്പോൺസ് തന്നെയാണെന്ന്.
ആ ഒരു രംഗം മുതൽ വളരെ സീരിയസായ സണ്ണിയെയാണ് പ്രേക്ഷകർ കാണുന്നത്. അതെല്ലാം വലിയ രീതിയിൽ സ്വാധിനിച്ചു.അന്ന് നാഷണൽ അവാർഡിന് ഈ ചിത്രം അയക്കുമ്പോൾ പോലും ഞാൻ കരുതിയില്ല ഇതിന് ഇത്രയും വലിയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുമെന്ന്." സ്വർഗചിത്ര അപ്പച്ചൻ പറയുന്നു.


Click it and Unblock the Notifications











