അവാര്‍ഡ് നേടിയെങ്കിലും മുന്‍നിരയിലേക്ക് എത്താനായിട്ടില്ല; മുമ്പത്തേതിലും ബഹുമാനം കിട്ടുന്നുണ്ട്!
ഒരേസമയം സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞായിരുന്നു സ്വാസിക സിനിമയിലെത്തിയത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നീട് മലയാളത്തിലുമെത്തി. എന്നാല്‍ സീരിയലുകളാണ് സ്വാസികയ്ക്ക് മലയാളികളുടെ മനസില്‍ ഇടം നേടിക്കൊടുക്കുന്നത്. തുടര്‍ന്ന് താരത്തെ തേടി നല്ല സിനിമകളുമെത്തി.
മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സ്വ്ാസികയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തിയത്. പിന്നാലെ വന്ന ചതുരം എന്ന സിനിമയിലെ പ്രകടനവും കയ്യടി നേടി. ചതുരത്തിന് ശേഷമുള്ള തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സ്വാസിക സംസാരിക്കുകയാണ്.

''വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എങ്കിലും കുറച്ച് പോസിറ്റീവായ മാറ്റം ജീവിതത്തില്‍ സംഭവിച്ചു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് പ്രധാന മാറ്റം. ഒപ്പം എന്നെ തേടി വരുന്ന കഥാപാത്രങ്ങളിലും മാറ്റമുണ്ടായി. പ്രത്യേകിച്ചും ചതുരത്തിന് ശേഷം. എനിക്ക് എല്ലാ റോളുകളും ചെയ്യാനാവുമെന്ന തോന്നല്‍ ഇന്‍ഡസ്ട്രിയില്‍ വന്നു. അതുപോലെ എന്നെ വിളിക്കുമ്പോള്‍ ആളുകള്‍ മുമ്പത്തേതിനേക്കാള്‍ ബഹുമാനം നല്‍കുന്നുണ്ടെന്ന് തോന്നുന്നു'' എന്നാണ് സ്വാസിക സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ചെറിയ ക്യാരക്ടറൊന്നും പോരല്ലോ കുറച്ചുകൂടെ പെര്‍ഫോമന്‍സിന് സാധ്യതയുള്ളത് വേണ്ടേ എന്നൊക്കെ അവര്‍ ചിന്തിക്കുന്നുമുണ്ട്. വാസന്തിയിലൂടെ സംസ്ഥാന അവാര്‍ഡൊക്കെ നേടിയങ്കിലും ഇപ്പോഴും മുന്‍നിരയിലേക്ക് എത്താനായിട്ടില്ലെന്ന തോന്നലുണ്ടെന്നും സ്വാസിക തുറന്ന് പറയുന്നുണ്ട്. പിന്നാലെ തന്നെ തേടി ചതുരം എത്തിയത് എങ്ങനെയെന്നും സ്വാസിക പറയുന്നു.
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചതുരത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു. ഇങ്ങനൊരു സിനിമയെക്കുറിച്ച് സംസാരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സംവിധായകന്‍ സിദ്ധുവിനെ കണ്ടു. പുതുമയുള്ള ആളുകളെ തേടുകയാണെന്നും അതാണ് നിന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഥയുടേയും കഥാപാത്രത്തിന്റേയും ഏകദേശരൂപം തന്നു. ഈയൊരു റോള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രം തിരക്കഥ മുഴുവന്‍ കേള്‍ക്കാമെന്നും പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് പ്രശ്‌നമൊന്നും തോന്നിയില്ലെന്നാണ് സ്വാസിക പറയുന്നത്.

തമിഴിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. വൈഗൈ എന്നാണ് ചിത്രത്തിന്റെ പേര്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ഒരു മാഗസിന്റെ കവര്‍ചിത്രമായി വന്നു. അന്ന് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയിലുണ്ട്. അവര്‍ ഈ മാഗസിനിലെ എന്റെ ചിത്രം കണ്ടു. എന്നെ അന്വേഷിച്ച് വിളിക്കുകയും ചെയ്തു. അവസരം വന്നപ്പോള്‍ അച്ഛനും അമ്മയുമൊക്കെ എന്ത് പറയുമെന്നായിരുന്നു ചിന്തയെന്നും സ്വാസിക പറയുന്നു.
പക്ഷെ അവരൊക്കെ എന്നെ നന്നായി പിന്തുണച്ചു. സത്യത്തില്‍ സിനിമയിലേക്കുള്ള വരവ് എളുപ്പമായിരുന്നു. അതിന് ശേഷമാണ് പ്രതിസന്ധിയുണ്ടായത്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛന്റെ പേര് വിജയകുമാര്‍. ബഹ്‌റൈനില്‍ അക്കൗണ്ടന്റാണ്. അമ്മ ഗിരിജ. അനിയന്‍ ആകാശ് എയര്‍നോട്ടിക്കല്‍ എന്‍ജീനിയറാണെന്നും താരം പറയുന്നു.


Click it and Unblock the Notifications