ദുൽഖറിന്റെ സിനിമ കൊള്ളാം, നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു; മമ്മൂക്ക തിരിച്ചൊരു ചോദ്യം ചോദിച്ചു: ചാർലി
മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനെന്ന മേൽവിലാസത്തിൽ നിന്നും പാൻ ഇന്ത്യൻ സ്റ്റാറായി വളർന്നിരിക്കുകയാണ് നടൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് നടൻ. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ ദുൽഖർ ഇന്ന് നിർമാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീതാരാമം, ഛുപ്പ് തുടങ്ങിയ സിനിമകളിലൂടെയാണ് ദുൽഖർ പാൻ ഇന്ത്യൻ താരമായി വളരുന്നത്. ഈ സിനിമകളിലൂടെ നിരവധി ആരാധകരെയും നടൻ സ്വന്തമാക്കി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് സിനിമയിൽ എത്തിയതെങ്കിലും ദുൽഖർ ഇന്ന് അനുഭവിക്കുന്ന സ്റ്റാർഡം അദ്ദേഹം സ്വന്തമായി നേടിയെടുത്തതാണ്. ഭാഷയുടെ അതിർവരമ്പുകൾ മാഞ്ഞു തുടങ്ങിയ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ.

ദുൽഖറിന്റെ ഈ വളർച്ചയിൽ മമ്മൂട്ടിയുടെ പങ്ക് വളരെ ചെറുതാണ് എന്നതും ശ്രദ്ധേയമാണ്. അടുത്ത കാലത്തായാണ് ദുൽഖറിന്റെ സിനിമകൾ മമ്മൂട്ടി പ്രമോട്ട് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ അത് സോഷ്യൽമീഡിയയിൽ മാത്രമായി ഒതുങ്ങുന്ന ഒന്നാണ്. പൊതുവേദികളിലാണെങ്കിലും മകനെ കുറിച്ച് വാചാലനാകുന്ന മമ്മൂട്ടിയെ കാണാൻ കഴിയില്ല. ഇപ്പോഴിതാ ഉസ്താദ് ഹോട്ടലിൽ ദുൽഖർ സൽമാൻ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയോട് പറഞ്ഞപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് തമിഴ് നടൻ ചാർലി.
ദുൽഖർ ഉസ്താദ് ഹോട്ടലിൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എന്റെ സിനിമകളൊന്നും കണ്ടില്ലേ എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചതെന്ന് അദ്ദേഹം പറയുന്നു. ദുൽഖറിനെയും ഫഹദ് ഫാസിലിനെയും കുട്ടികളായിരിക്കുമ്പോൾ മുതൽ അറിയാമെന്നും ചാർലി പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ സംവിധായകർക്കും നടന്മാർക്കും ഒപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
"ദുൽഖർ സൽമാനെയും ഫഹദ് ഫാസിലിനെയും എനിക്ക് അവർ കുട്ടികളായിരിക്കുന്ന കാലത്തേ നന്നായി അറിയാമായിരുന്നു. പക്ഷെ രണ്ട് പേരും ഹീറോസ് ആയതിന് ശേഷം ഞാൻ അവരെ കണ്ടിട്ടില്ല. മമ്മൂട്ടിയുമായി ഞാൻ ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വലിയ ഫാനാണ് ഞാൻ.
ഒരിക്കൽ മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ ഉസ്താദ് ഹോട്ടലിൽ ദുൽഖർ സൽമാൻ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ പടങ്ങളൊന്നും കണ്ടില്ലേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. റോഷാക്ക് കണ്ടു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. റോഷാക്ക് വളരെ മികച്ച ഒരു സിനിമയായിരുന്നു. ആ ഫിലിംമേക്കറുടെ തന്നെ സിനിമയാണല്ലോ കെട്ട്യോളാണ് എന്റെ മാലാഖ. പക്ഷെ ഇത് രണ്ടും തീർത്തും വ്യത്യസ്തമായിരുന്നു.

ക്രിയേറ്റർ നടന് സ്പേസും കൊടുക്കുകയാണെങ്കിൽ ആക്ടർക്ക് അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനാകും. ക്രിയേറ്റർസ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. മരക്കാർ അറബിക്കടലിന്റെ സിംഹാമൊക്കെ അതിന്റെ ഉദാഹരണമാണ്. മലയാളി ഫിലിംമേക്കർസിൽ നിന്നും അത്തരം പരീക്ഷണങ്ങൾ സ്വീകരിക്കാനായി പ്രേക്ഷകർ തയ്യാറാണ്," ചാർലി പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് ചാർലി അവസാനമായി അഭിനയിച്ച മലയാളം സിനിമ. ആ അനുഭവവും അദ്ദേഹം പങ്കുവച്ചു. ലാലേട്ടനോടൊപ്പം ജോലി ചെയ്യുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടൻ അഭിനയിക്കുന്നത് ചുമ്മാ കണ്ടാൽ മാത്രം മതി. അദ്ദേഹം എല്ലാവരെയും ആകർഷിപ്പിക്കുന്ന നടനാണ്. ലാലേട്ടനൊപ്പമുള്ള ഓരോ നിമിഷവും നടനെന്ന നിലയിൽ ആസ്വദിക്കാൻ കഴിയുമെന്നും ചാർലി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications