നടിമാരുൾപ്പടെ മരത്തിന്റെ മറവിൽ നിന്ന് വസ്ത്രം മാറേണ്ട സാഹചര്യം; മമ്മൂട്ടി ചെയ്തത്; മാധ്യമപ്രവർത്തകൻ പറയുന്നു
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തട്ടകമായിരുന്നു ചെന്നൈ. മലയാള സിനിമകളുടെ അടക്കം ഷൂട്ടിങ്ങും ഡബ്ബിങ്ങും എഡിറ്റിംഗുമെല്ലാം നടന്നിരുന്നത് ചെന്നൈയിലെ സ്റ്റുഡിയോകളിൽ ആണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളെല്ലാം ചെന്നൈയിൽ താമസം തുടങ്ങാനുണ്ടായ സാഹചര്യവും ഇതുതന്നെ. എന്നാൽ സ്വന്തം നാട്ടിൽ അല്ലാത്തതിനാൽ പല പ്രശ്നങ്ങളും താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഒരു കാലത്ത് തമിഴ്നാട്ടിലെ സ്റ്റുഡിയോകളിൽ മലയാളത്തിൽ നിന്നുള്ള അഭിനേതാക്കൾക്ക് റും ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് തമിഴ് മാധ്യമപ്രവർത്തകനായ വിഷൻ. മലയാളികൾക്കും റൂം വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി അതിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണെന്ന് വിഷാൻ പറയുന്നു. ദി വിസിൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'സൗത്ത് ഇന്ത്യൻ സിനിമകളുടെ ഷൂട്ടുകൾ എല്ലാം അന്ന് ചെന്നൈയിലാണ് നടന്നിരുന്നത്. എ.വി.എം സ്റ്റുഡിയോയുടെ സെറ്റിലാണ് നടന്നിരുന്നത്. അവിടെ എത്തുന്ന തമിഴ് ആർടിസ്റ്റുകൾക്കെല്ലാം റൂം ഉണ്ടായിരുന്നു. എന്നാൽ മലയാളം ആർട്ടിസ്റ്റുകൾക്കൊന്നും റൂം ഉണ്ടായിരുന്നില്ല. മരത്തിന്റെ മറവിലായിരുന്നു നടിമാർ അടക്കം വസ്ത്രം മാറിക്കൊണ്ടിരുന്നത്. അവർക്ക് കൊടുത്ത മര്യാദ അത്രയേ ഉണ്ടായിരുന്നുള്ളു. കാരണം തമിഴ്നാട്ടിൽ അന്ന് മലയാളം സിനിമ എന്നാൽ അഡൾട്സ് ഒൺലി സിനിമകളായിരുന്നു',
'അതിന് മാറ്റം വരുത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഇവിടെ വിജയിക്കാൻ തുടങ്ങിയതോടെ അദ്ദേഹം ഇക്കാര്യത്തിൽ വഴക്കുണ്ടാക്കാൻ തുടങ്ങി. ഞങ്ങൾക്ക് റൂം തരില്ലേ, ഞങ്ങൾക്കും റൂം വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കി. അതിന് ശേഷമാണ് മലയാളത്തിലെ അഭിനേതാക്കൾക്ക് ചെന്നൈയിലെ സ്റ്റുഡിയോകളിൽ റൂം ലഭിക്കാൻ തുടങ്ങിയത്. മലയാളം ഇൻഡസ്ട്രിയിൽ ഒരു വിപ്ലവം സൃഷ്ടിച്ചത് അദ്ദേഹമാണ്', വിഷൻ പറയുന്നു.
മമ്മൂട്ടിയുടെ വരവോടെയാണ് തമിഴ്നാട്ടിലെ മലയാള സിനിമയുടെ ഇമേജ് മാറിയതെന്നും വിഷൻ പറഞ്ഞു. 'വ്യത്യസ്തമായി ചിന്തിക്കുന്ന തമിഴിലെ പുതിയ സംവിധായകൻ കമലിനെ എങ്ങനെ പിടിച്ചോ അതുപോലെ കേരളത്തിൽ വലിയ എഴുത്തുകാർ മമ്മൂട്ടിയെ പിടിച്ചു. കേരളത്തിൽ എഴുത്തുകാർക്ക് വലിയ പ്രധാന്യമുണ്ട്. ചെമ്മീൻ പോലെ ഇന്ത്യ മുഴുവൻ പ്രശസ്തമായ മലയാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എങ്കിൽപോലും ആ സമയത്ത് അഡൽട്സ് ഒൺലി സിനിമകൾ ധാരാളം വന്നതുകൊണ്ടാണ് മലയാള സിനിമയ്ക്ക് അങ്ങനെ ഒരു ഇമേജ് വന്നു പോയത്,'

'ആ ഇമേജ് മാറിയത് മമ്മൂട്ടിക്ക് ശേഷമാണ്. മമ്മൂട്ടിയുടെ വരവിന് പിന്നാലെ തുടർച്ചയായി നല്ല മലയാളം സിനിമകൾ തമിഴിൽ വരാൻ തുടങ്ങി. 80 കളിലും 90 കളിലും തുടർച്ചയായി നല്ല മലയാള സിനിമകൾ വന്നു. പത്ത് വർഷം കൊണ്ടാണ് ആ മാറ്റം സംഭവിച്ചത്. അതിന് പ്രധാനകാരണം മമ്മൂട്ടിയാണ്', വിഷൻ പറഞ്ഞു.
അതേസമയം തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, പേരൻപ് തുടങ്ങിയ സിനിമകളിലൂടെ മമ്മൂട്ടി തമിഴ് ആരാധകരുടെ മനം കവർന്നു. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇവിടെയൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് തമിഴിൽ മമ്മൂട്ടിക്ക് ലഭിച്ചത്. ഒരുപക്ഷെ തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള മലയാള നടനും മമ്മൂട്ടിയാകും. അത്രയധികം ആരാധകരാണ് തമിഴകത്ത് മമ്മൂട്ടിക്ക് ഉള്ളത്.


Click it and Unblock the Notifications