ചേട്ടന്റെ സിനിമ കാണാറില്ല; ഇന്ത്യൻ 2 കാണുമോ എന്നറിയില്ല: നെടുമുടി വേണുവിന്റെ ഭാര്യ
ചില സിനിമകൾ വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരെ ബോറഡിപ്പിക്കില്ല. വീണ്ടും വീണ്ടും കാണാനുള്ള താത്പര്യം ജനിപ്പിക്കും. അത്തരത്തിലുള്ള ഒരു ശങ്കർ ചിത്രമാണ് ഇന്ത്യൻ. 1996ൽ റിലീസ് ചെയ്തെങ്കിലും ആ കഥാപാത്രത്തിനും സിനിമക്കും ഇപ്പോഴും ഫാൻസ് ഉണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂലൈ 12ന് റിലീസിന് ഒരുങ്ങുന്നു.
കമൽഹാസൻ വീണ്ടും സേനാപതിയായി അവതരിക്കാൻ പോകുന്നു എന്നത് വലിയ ആകാംഷയുണ്ടാക്കുന്നുണ്ട്. വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയത്. സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാഖുൽ പ്രീത്, എസ്. ജെ സൂര്യ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

എപ്പോഴും ഒരു മലയാളി സാന്നിധ്യം ശങ്കർ സിനിമകളിൽ ഉണ്ടാവാറുണ്ട്. അങ്ങനെയാണ് ഇന്ത്യൻ സിനിമയിൽ നെടുമുടി വേണുവിന്റെ ഇൻസ്പെക്ടർ കൃഷ്ണ സ്വാമി എന്ന കഥാപാത്രം വരുന്നത്. സിനിമയിൽ അതി ശക്തനായ കഥാപാത്രം തന്നെയായിരുന്നു കൃഷ്ണ സ്വാമി. രണ്ട് വർഷം മുന്നേ വിട പറഞ്ഞ നെടുമുടി വേണുവും രണ്ടാം ഭാഗത്തിലുണ്ട്. വീണ്ടും കൃഷ്ണ സ്വാമിയായി അദ്ദേഹത്തെ സ്ക്രീനിൽ കാണാൻ പോകുമ്പോൾ നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണുവിന്റെ വാക്കുകൾ ഇങ്ങനെ.
''ചേട്ടൻ ഞങ്ങളെ വിട്ടുപോയതിനുശേഷം ചേട്ടന്റെ ഒരു സിനിമ വരുന്നെന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമുണ്ട്. മക്കളും വളരെ സന്തോഷത്തിലാണ്. എന്നാൽ ചേട്ടനില്ലാത്തതിന്റെ വിഷമമുണ്ട്. തിയേറ്ററിൽ കാണാൻ എനിക്ക് പ്രയാസമാണ്. ചേട്ടൻ പോയതിനു ശേഷം ചേട്ടന്റെ സിനിമ കാണാൻ വളരെ ബുദ്ധിമുട്ടാണ്. അഭിമുഖം പോലും കാണാറില്ല. ഇന്ത്യൻ 2 കാണുമോ എന്നും അറിയില്ല. അച്ഛന്റെ സിനിമ വീണ്ടും തിയേറ്ററിൽ വരുന്നതിൽ മക്കൾ കാത്തിരിക്കുകയാണ്. സന്തോഷവും വേദനയും അനുഭവപ്പെടുന്ന നിമിഷത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്."
2019 ലാണ് ഇന്ത്യൻ 2 ചിത്രീകരണം ആരംഭിക്കുന്നത്. ആ സമയങ്ങളിൽ നെടുമുടി വേണുവിന്റെ ആരോഗ്യം മോശമായി തുടങ്ങിയിരുന്നു. എന്നിട്ടും ഇന്ത്യൻ 2 ൽ അഭിനയിക്കാൻ അദ്ദേഹം പോയതു തന്നെ ശങ്കറിന്റെ നിർബന്ധം കാരണമാണ്. ശാരീരിക അവശത നേരിട്ടിട്ടും തന്റെ രംഗങ്ങൾ മുക്കാൽ ഭാഗവും പൂർത്തിയാക്കുകയും ചെയ്തു. മോശമായ അവസ്ഥയിലും അഭിനയത്തിൽ താൻ തൃപ്തനായിരുന്നെന്ന് വീട്ടുകാരോട് പങ്കുവെച്ചിരുന്നു.

എന്നാൽ കൊവിഡും, മറ്റു പ്രശ്നങ്ങളെ തുടർന്നും ചിത്രീകരണം താത്കാലികമായി നിർത്തേണ്ടി വന്നു. 2021 ഒക്ടോബർ 21ന് നെടുമുടി വേണു വിട പറഞ്ഞു. നെടുമുടി പൂർത്തിയാക്കാത്ത ഭാഗത്താണ് ശങ്കർ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായം തേടിയത്. ഒപ്പം നന്ദു പൊതുവാളിന്റെ സഹകരണവും നെടുമുടി വേണു എന്ന പ്രതിഭയെ വീണ്ടും സ്ക്രീനിൽ കാണാൻ സഹായിച്ചു. അകാലത്തിൽ വിട പറഞ്ഞ തമിഴ് താരങ്ങളായ വിവേക്, മനോബാല എന്നിവരെയും ഇന്ത്യൻ 2 ൽ കാണാം.
മോഗമുൾ എന്ന ചിത്രത്തിലൂടെയാണ് നെടുമുടി വേണു തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത്. തൊട്ടടുത്ത വർഷമാണ് ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ശങ്കറിന്റെ തന്നെ അന്യൻ എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. പൊയ് സൊല്ല പോറേൻ, സിലമ്പാട്ടം, സർവ്വം താള മയം തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ അദ്ദേഹം തമിഴിലും സംസ്കൃതത്തിലുമാണ് സിനിമകൾ ചെയ്തത്. മാത്രമല്ല ഒരു ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











