ഫഹദിന്റെ ഹിന്ദി അരങ്ങേറ്റം റൊമാന്റിക് കോമഡിയിലൂടെ; സിനിമയ്ക്ക് പേരിട്ടു; നായികയായി തൃപ്തി
ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പുഷ്പ രണ്ടാം ഭാഗം കൂടി വന്‍ വിജയമായി മാറിയതോടെ ഇനിയും എത്രനാള്‍ കൂടി വേണ്ടി വരും ഫഹദിനെ ഹിന്ദിയില്‍ കാണാന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുഷ്പ മുതല്‍ ആവേശം വരെയുള്ള സിനിമകളിലൂടെ നോര്‍ത്ത് ഇന്ത്യയിലും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ് ഫഹദ് ഫാസില്‍.
ഫഹദിന്റെ ഹിന്ദി പ്രവേശനത്തെക്കുറിച്ചും മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഇല്ലെന്ന മട്ടിലാിയരുന്നു അന്നൊക്കെ ഫഹദ് പറഞ്ഞിരുന്നത്. പ്രമുഖ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് അടക്കമുള്ളവരുടെ സിനിമകളിലേക്കുള്ള ഓഫറുകള്‍ ഫഹദ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് ഫഹദ് ഫാസില്‍ പുഷ്പയിലും വിക്രമിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലുമൊക്കെ അഭിനയിക്കുന്നത്.

എന്തായാലും ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസില്‍ തന്റെ ഹിന്ദി എന്‍ട്രിയ്ക്കായി തയ്യാറെടുക്കുകയാണ്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഹിന്ദിയിലെത്തുക. തൃപ്തി ദിമ്രിയായിരിക്കും ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം പിങ്ക് വില്ലയാണ് ഫഹദിന്റെ ഹിന്ദി അരങ്ങേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോഴിതാ ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സിനിമ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ആയിരിക്കും. 2025 ആദ്യ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരണം ആരംഭിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം സ്ഥിരം പാതയില്‍ നിന്നും മാറി നടക്കുന്ന ഇംതിയാസ് അലി സിനിമയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫഹദ്-തൃപ്തി സിനിമ റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേരും പുറത്ത് വന്നിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം ഫഹദ് ഫാസിലിന്റെ ആദ്യ ഹിന്ദി സിനിമയുടെ പേര് ഇഡിയറ്റസ് ഓഫ് ഇസ്താംബുള്‍ എന്നാണ്. പേരില്‍ തന്നെ ചിത്രം കോമഡിയായിരിക്കുമെന്ന സൂചന ലഭിക്കുന്നുണ്ട്. അതേസമയം ഈ പേര് തന്നെയായിരിക്കുമോ അന്തിമം എന്നതില്‍ വ്യക്തയായിട്ടില്ല. റിപ്പോര്‍ട്ടുകളോട് ഇംതിയാസ് അലിയോ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം പുഷ്പ 2വിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസിലെത്തിയത്. ചിത്രം ഇതിനോടകം തന്നെ പല റെക്കോര്‍ഡുകളും തിരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മൂന്നാംഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദിന്റെ അടുതത് മലയാളം സിനിമ ഓടും കുതിര ചാടും കുതിരയാണ്. പിന്നാലെ മറ്റ് സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.
അതേസമയം ബോളിവുഡിലെ പോയ വര്‍ഷത്തെ താരോദയമാണ് തൃപ്തി ദിമ്രി. ആനിമല്‍ എന്ന ചിത്രത്തിലൂടെ നാഷണല്‍ ക്രഷ് ആയി മാറിയ തൃപ്തിയെ തേടി തുടരെ തുടരെ സിനിമകളെത്തുകയായിരുന്നു. താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. അനുരാഗ് ബസു, വിശാല്‍ ഭരദ്വാജ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമുള്ള സിനിമകള്‍ തൃപ്തിയുടേതായി അണിയറയിലുണ്ട്. ഫഹദും തൃപ്തിയും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.


Click it and Unblock the Notifications