ആളു മാറി ബ്രോക്കര്‍ക്ക് ചായ കൊടുത്ത് പെണ്ണ്; ഇനി ഈ പണിക്ക് ഞാനില്ല! ഇന്ദ്രന്‍സിന്റെ കല്യാണക്കഥ
മലയാളികളുടെ പ്രിയനടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് സിനിമയിലെത്തുന്നത്. പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. കോമഡി വേഷങ്ങളില്‍ ഇന്ദ്രന്‍സ് തിളങ്ങി. കാലങ്ങോളം മലയാളികളെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. വര്‍ഷങ്ങളോളം കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട ഇന്ദ്രന്‍സ് പിന്നെ ഗിയറൊന്ന് മാറ്റി. അതോടെ ഇന്ദ്രന്‍സിന്റെ മാത്രമല്ല മലയാള സിനിമയുടെ തന്നെ ദിശ മാറുകയായിരുന്നു.
തന്റെ അഭിനയ പ്രതിഭ കൊണ്ട് ഇന്ദ്രന്‍സ് മലയാളികളെ ഞെട്ടിച്ചു. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം അടക്കം അദ്ദേഹം സ്വന്തമാക്കി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഇന്ദ്രന്‍സിനെ തേടിയെത്തി. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരിക്കുകയാണ് ഇന്ദ്രന്‍സ്. നേട്ടങ്ങള്‍ പിന്നാലെ കൂടുമ്പോഴും ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിക്കുന്നയാളാണ് ഇന്ദ്രന്‍സ്.

ഇന്ദ്രന്‍സിന്റെ സിനിമയിലെ വളര്‍ച്ച പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു വിവാഹവും. ഒരുകാലത്ത് കല്യാണം വേണ്ട എന്നതായിരുന്നു ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്റെ നിലപാട്. മെലിഞ്ഞ ശരീരം കാരണം നേരിടേണ്ടി വന്ന പരിഹാസങ്ങളായിരുന്നു കാരണം. നിനക്ക് താലിമാല പൊക്കാനുള്ള ആരോഗ്യമുണ്ടോടാ എന്ന പരിഹാസം കേട്ട് തന്നെ കണ്ടാല്‍ പെണ്ണിന് പിടിക്കുമോ എന്ന സംശയമായിരുന്നു അന്നത്തെ സുരേന്ദ്രന്.
കുടാതെ സിനിമക്കാരെക്കുറിച്ച് അന്ന് നാട്ടിലുണ്ടായിരുന്ന കാഴ്ചപ്പാടും വില്ലനായി. സിനിമയില്‍ വസ്ത്രാലങ്കാരവും ചെറിയ വേഷങ്ങളുമൊക്കെയായി പോവുകയായിരുന്നു. ഇങ്ങനെയൊക്കെയങ്ങ് പോകാം. കല്യാണമൊന്നും വേണ്ട എന്നായിരുന്നു നിലപാട്. പക്ഷെ അമ്മ ഗോമതി സമ്മതിച്ചില്ല. മകന്‍ കല്യാണം കഴിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചു. അമ്മയുടെ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോയി. എല്ലാ ഞായറാഴ്ചയും പെണ്ണുകാണാന്‍ പോകും.
ഒരിക്കല്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ ചെക്കന്‍ മാറിപ്പോയൊരു അനുഭവമുണ്ട് ഇന്ദ്രന്‍സിന്. ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ പെണ്ണ് ഇറങ്ങി വന്നു. എന്നാല്‍ പയ്യനാണെന്ന് തെറ്റിദ്ധരിച്ച് നേരെ ബ്രോക്കറുടെ അടുത്തേക്കായിരുന്നു പെണ്ണ് പോയത്. നാണത്തോടെ അവള്‍ ബ്രോക്കര്‍ക്ക് ചായ നീട്ടി. ഇതോടെ ഈ പണിക്ക് താനില്ലെന്ന് പറഞ്ഞ് ബ്രോക്കറേയും കൂട്ടി ഇറങ്ങിപ്പോരുകയായിരുന്നു ഇന്ദ്രന്‍സ്.
പക്ഷെ അമ്മ വിട്ടില്ല. അങ്ങനെയാണ് ഇന്ദ്രന്‍സ് ശാന്തകുമാരിയെ പെണ്ണുകാണാന്‍ ചെല്ലുന്നത്. പെണ്ണ് വന്ന് പോയതോടെ പെണ്ണിന്റെ അച്ഛന്‍ ബ്രോക്കറേയും കൊണ്ട് പുറത്തേക്ക് പോയി. ഇതും നടക്കില്ലെന്നായിരുന്നു ഇന്ദ്രന്‍സ് കരുതിയത്. എന്നാല്‍ ബ്രോക്കര്‍ ഓടി വന്ന് പെണ്ണിന് നിന്നെ ഇഷ്ടമായി സുരേന്ദ്രാ ഈ കല്യാണം നടക്കുമെന്ന് പറഞ്ഞു. ഇന്ദ്രന്‍സിന് ആദ്യം ബ്രോക്കര്‍ പറഞ്ഞത് വിശ്വാസമായില്ല. പിന്നാലെ പെണ്ണിന്റെ കാരണവര്‍ വന്ന് അടുത്ത നടപടികള്‍ ആലോചിക്കുകയല്ലേ എന്ന് ചോദിച്ചപ്പോഴാണ് വിശ്വാസമായത്. അങ്ങനെ ശാന്തകുമാരി ഇന്ദ്രന്‍സിന്റെ ഭാര്യയായി.

ഇന്ദ്രന്‍സിനെ പോലെ തന്നെ ലളിത ജീവിതം ആഗ്രഹിക്കുന്ന സാധാരണക്കാരിയാണ് ശാന്തകുമാരിയും. ഭര്‍ത്താവ് വലിയൊരു നടനായി തീരുമെന്ന് അന്ന് ശാന്തകുമാരി കരുതിയിരുന്നില്ല. സുരക്ഷിതവും സന്തോഷകരവുമായി ജീവിതം, കുറേ പണമൊന്നും വേണമെന്നില്ല. പറ്റുമെങ്കില്‍ മറ്റുള്ളവരെ സഹായിക്കാനകണം. എന്നതായിരുന്നു ശാന്തകുമാരിയുടെ ആഗ്രഹം. അതിന് പിന്നിലും ഇന്ദ്രന്‍സിന്റെ ജീവിത രീതിയായിരുന്നു കാരണം.
ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഈ വാര്‍ത്ത പ്രഖ്യാപിക്കുമ്പോള്‍ ഇന്ദ്രന്‍സിനൊപ്പം ശാന്തകുമാരിയുമുണ്ടായിരുന്നു. പത്തനംതിട്ടയിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു അപ്പോള്‍ ഇന്ദ്രന്‍സ്. കുടുംബത്തിനൊപ്പമാണ് അദ്ദേഹം ആ സന്തോഷ വാര്‍ത്ത കേട്ടത്.


Click it and Unblock the Notifications











