കല്‍പ്പന മരിച്ചെന്ന് കണ്ടപ്പോള്‍ ടിവി ഓഫാക്കാന്‍ പറഞ്ഞു; കൂട്ടുകാര്‍ പോയതറിഞ്ഞ ജഗതിയുടെ പ്രതികരണം
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ സാമ്രാട്ടെന്ന് മലയാള സിനിമാ ലോകവും ആരാധകരും സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം കുറേനാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. നിനച്ചിരിക്കാതെ കടന്നു വന്നൊരു വഹനാപകടം ജഗതിയെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. ഇനിയുമൊരു ആയിരം തലമുറയ്ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള പ്രകടനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
എങ്കിലും അദ്ദേഹം മാറി നില്‍ക്കുന്ന ഈ സമയം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത വിടവ് തന്നെയാണ്. ഈയ്യടുത്ത് മലയാള സിനിമയ്ക്ക് ഒരുപിടി പ്രതിഭകളെ തന്നെ നഷ്ടമായിരുന്നു. നടന്‍ നെടുമുടി വേണുവിന്റേയും മറ്റും മരണങ്ങള്‍ മലയാള സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തിയതായിരുന്നു. ഇവരുമായുമൊക്കെ വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നയാളാണ് ജഗതി ശ്രീകുമാര്‍.

ഇപ്പോഴിതാ തന്റെ കൂട്ടുകാരുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ജഗതിയിലുണ്ടായ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മകള്‍ പാര്‍വതി. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
പപ്പയെ ഒരുപാട് സ്‌നേഹിക്കുന്ന അടുപ്പമുള്ള എത്രയോ സുഹൃത്തുക്കള്‍ പോയി. നെടുമുടി വേണുവങ്കിള്‍ മരിച്ച കാര്യമോ കല്‍പ്പന ചേച്ചി മരിച്ച കാര്യമോ ഒന്നും ഞങ്ങള്‍ പപ്പയുടെ മുമ്പില്‍ വച്ച് ചര്‍ച്ച ചെയ്യുകയോ വാര്‍ത്ത കാണിച്ചു കൊടുക്കുകയോ പപ്പയോട് പറയുകയോ ചെയ്തിട്ടില്ല. കല്‍പ്പനാന്റി മരിച്ചപ്പോള്‍ ടിവിയില്‍ കണ്ടു. അപ്പോള്‍ തന്നെ ടിവി ഓഫ് ചെയ്യാന്‍ പറഞ്ഞു. എനിക്ക് കിടക്കണമെന്ന് ആംഗ്യം കാണിച്ചു. വേണുവങ്കിളിന്റെ മരണമൊക്കെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.

പപ്പയെ കാണാന്‍ വേണുവങ്കിള്‍ വന്നിരുന്നു. ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ അമ്പിളി എന്ന് വിളിച്ചു കൊണ്ട് വരികയും പപ്പയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. ഞങ്ങള്‍ അങ്കിളിന് ചായയെടുക്കാന്‍ അകത്ത് പോയി തിരികെ വരുമ്പോള്‍ അങ്കിൡനെ കാണാനില്ല. അങ്കിള്‍ ഇറങ്ങിപ്പോയി. ഇപ്പോഴും പറയുമ്പോള്‍ വിഷമമാണ്. പപ്പയും അന്ന് വിഷമിച്ചു. അങ്കിള്‍ വിഷമിച്ച് പോയതാണ്. പിന്നെ വിളിച്ചപ്പോള്‍ പറഞ്ഞു ഞാന്‍ വിഷമം വന്നിട്ട് പോയതാണ് മോളേ എന്ന്. അമ്പിളിയ്ക്ക് അറിയാമെന്ന് പറഞ്ഞു. വേണുവങ്കിള്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ പോയി കണ്ടിരുന്നു. അവരുടെയൊക്കെ വിടവുകള്‍ നമുക്ക് നികത്താന്‍ പറ്റാത്തതാണെന്നും പാര്‍വതി പറയുന്നു.

പപ്പയില്‍ നിന്നും കണ്ടു പഠിച്ച സ്വഭാവ ഗുണത്തെക്കുറിച്ചും പാര്‍വതി സംസാരിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും അദ്ദേഹം ആശങ്കപ്പെടാറില്ല. ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കാറില്ല. ടെന്‍ഷന്‍ ആകെ കാണിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കാര്യത്തിലാണ്. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ടെന്‍ഷനടിക്കും. അമ്മ ക്യാന്‍സറിനെ അതിജീവിച്ചയാളാണ് ആ സമയത്ത് ഭയങ്കരമായ ടെന്‍ഷനടിച്ചിട്ടുണ്ട്. അതല്ലാതെ ടെന്‍ഷനടിച്ച് കണ്ടിട്ടില്ലെന്നാണ് പാര്‍വതി പറയുന്നത്.

ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിനെ ധീരമായി നേരിടുക, അതിനെ മറികടന്ന് മുന്നേറണം എന്ന് കരുതിയിരുന്ന മനുഷ്യനാണ്. അത് നമ്മളുടെ ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഏതൊരാളുടേയും വിജയത്തിന് പിന്നില്‍ ത്യാഗവും കഷ്ടപ്പാടും കാണും. എന്റെ പപ്പയുടെ ജീവിതത്തിലും ഒരുപാടുണ്ടായിട്ടുണ്ട്. പതിനേഴ് വര്‍ഷത്തോളം, സ്വന്തം വീട്ടില്‍ നിന്നും പിരിഞ്ഞ് കോടമ്പക്കത്ത് പൈപ്പ് വെള്ളം കുടിച്ച് മാത്രം ജീവിച്ചിരുന്നൊരു കാലമുണ്ടെന്നും പാര്‍വതി പറയുന്നു.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ജഗതിയെ ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം സിബിഐ 5 ലായിരുന്നു അദ്ദേഹം അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഖപ്രാപ്തിയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ


Click it and Unblock the Notifications