പിഷാരടിയുടെ കളിയാക്കലുകൾ വിഷമിപ്പിച്ചിട്ടുണ്ട്; ഇപ്പോൾ സീരിയസായി പറഞ്ഞാലും കോമഡിയാണെന്ന് തെറ്റിദ്ധരിക്കും
മലയാളത്തിലെ എക്കാലത്തേയും മികച്ച കോമഡി ഷോ ആയിരുന്നു ബഡായി ബംഗ്ലാവ്. അഞ്ച് വർഷത്തോളം സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിലെ ആര്യയേയും പിഷാരടിയേയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. അതിലെ ഓരോ ആർട്ടിസ്റ്റുകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. മുകേഷ്, ധർമ്മജൻ, അമ്മായി, മനോജ് അങ്ങനെ എല്ലാവരും അവരവരുടെ വേഷങ്ങൾ അതി മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ആര്യയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയൊരു ബ്രെയ്ക്ക് നൽകിയ പ്രോഗ്രാം കൂടിയായിരുന്നു ബഡായി ബംഗ്ലാവ്.
സീരിയലുകളിലൂടെയാണ് ആര്യയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. മോഡലിംഗ് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് മിനി സ്ക്രീനിലേക്ക് എത്തുന്നത്. അതിനിടയിലാണ് വിവാഹവും നടന്നത്. എന്നാൽ വിവാഹത്തിനു ശേഷവും ആര്യ ഇന്റസ്ട്രിയിൽ സജീവമായി തുടർന്നു. ആര്യയുടെ കരിയർ ബെസ്റ്റ് വർക്കാണ് ബഡായി ബംഗ്ലാവ്. കരിയർ വിശേഷങ്ങളെ കുറിച്ച് മുൻപ് ആനീസ് കിച്ചനിൽ വന്നപ്പോൾ ആര്യ പറഞ്ഞത് വീണ്ടും ശ്രദ്ധേയമാവുന്നു.

"പിഷുവിനൊപ്പം നിരവധി നല്ല ഓർമകളുണ്ട്. ഇങ്ങനെ കളിയാക്കുന്നത് കേൾക്കുമ്പോൾ തുടക്കത്തിൽ വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്താ ഒന്നും പറയാത്തത് എന്നാണ് പെട്ടെന്ന് ചിന്തിക്കുന്നത്. അത്രക്കും ഇഷ്ടമാണ് അതെല്ലാം. ഏറ്റവും അധികം കളിയാക്കലുകൾ കിട്ടുന്നത് എന്റെ കോസ്റ്റ്യൂം മേക്കപ്പ് ഇതിനെല്ലാമാണ്. ചില എപ്പിസോഡിൽ എന്റെ ലുക്ക് കണ്ടിട്ട് അപ്പോൾ തന്നെ പിഷു ഓരോ കൗണ്ടറുകൾ അടിക്കും. അത് പ്ലാൻ ചെയ്തിട്ടു പോലും ഉണ്ടാവില്ല. അത്തരം സന്ദർഭങ്ങൾ സ്ഥിരമാണ്.
ബഡായി ബംഗ്ലാവിലൂടെ കോമഡി പറഞ്ഞ് ഒരു ഇമേജ് ഉണ്ടായതിനാൽ ഇപ്പോൾ സീരിയസായി എന്തേലും പറഞ്ഞാൽ പോലും അത് കോമഡിയായിട്ട് മാത്രമാണ് ആളുകൾ ചിന്തിക്കുന്നത്. സീരിയലും സിനിമയുമെല്ലാം ചെയ്യുണ്ടെങ്കിലും അന്നും ഇന്നും എന്നും പ്രത്യേക ഇഷ്ടമുള്ള മേഖലയാണ് മോഡലിംഗ്. അത് ഇപ്പോഴും ഇടയിലൂടെ ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്." ആര്യ പറയുന്നു.
പൊതുവേ റിയാലിറ്റി ഷോകളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കുന്നയാളാണ് ആര്യ. "അതിനോടുള്ള എതിർപ്പു കൊണ്ടല്ല, പക്ഷേ എനിക്ക് പേടിയാണ്. എനിക്ക് എല്ലാ കോംമ്പറ്റീഷൻസും പേടിയാണ്. മാത്രമല്ല ഇപ്പോൾ കൂടുതലും നമ്മുടെ സുഹൃത്തുക്കളായിട്ടുള്ളവരുടെ ഒപ്പം മത്സരിക്കുന്ന രീതിയല്ലേ. ഞാൻ വളരെ ഇമോഷണൽ ആയിട്ടുള്ള വ്യക്തിയാണ്. അപ്പോൾ എന്നെപ്പോലുള്ള ഒരാൾക്ക് അതൊന്നും പറ്റില്ല.

പിന്നെ മത്സരങ്ങളിൽ ഒരു ഫേവറിസം കാണിക്കാൻ സാധിക്കില്ല. അതുപോലെ കൂടെയുള്ളവരോട് വഴക്കിടാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. അവസാനം ഞാൻ തന്നെ വിഷമിക്കും. ചെറിയ കാര്യ മതി എനിക്ക് സന്തോഷിക്കാനും കരയാനും." ആര്യ പറയുന്നു. കോമഡി പറയുന്ന ആര്യക്ക് ഇത്രയും ഇമോഷണൽ ആവാൻ സാധിക്കുമെന്നത് ബിഗ് ബോസ് സീസൺ 2ലൂടെ എല്ലാവരും കണ്ടതാണ്. സുഹൃത്തുക്കൾക്കൊപ്പം ബിഗ്ബോസിലാണ് ആര്യ മത്സരിച്ചത്. ബഡായി ബംഗ്ലാവിനു ശേഷം എല്ലാവരും ആര്യയെ ശ്രദ്ധിച്ചത് ബിഗ് ബോസിലൂടെയാണ്.
കോമഡി ഷോകളിൽ മാത്രമല്ല അഭിനയത്തിലും ആര്യ പുലിയാണ്. ഒരുപാട് ചാലഞ്ചിംഗ് വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാവാൻ ആര്യക്ക് സാധിച്ചിട്ടുണ്ട്. 2010ൽ ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് ആര്യ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ലൈല ഓ ലൈല, കുഞ്ഞിരാമായണം, പാവ, ഹണി ബീ2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിലൂടെ ആര്യ തിളങ്ങി.


Click it and Unblock the Notifications











