ഫഹദും നസ്രിയയും ഒന്നിക്കാൻ നിമിത്തമായത് ഞാനാണ്; അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ! നിത്യ മേനോൻ പറഞ്ഞത്
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസ് ആയിട്ടാണ് ആരാധാകർ ഇവരെ വിശേഷിപ്പിക്കാറുള്ളത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സിനിമാ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് പ്രണയമായതും ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തിയതും.
ബാംഗ്ലൂർ ഡേയ്‌സ് സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും 2014 ഓഗസ്റ്റ് 21 ന് വിവാഹിതരാവുകയായിരുന്നു. സിനിമ ഗംഭീര വിജയമായതിന് പിന്നാലെയാണ് സിനിമയിലെ നായകനും നായികയും ജീവിതത്തിലും ഒരുമിച്ചത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്.

സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. മലയാള സിനിമ ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം, ഫഹദ് നസ്രിയ വിവാഹത്തിന് നിമിത്തമായത് താനാണെന്ന് നിത്യ മേനോൻ ഒരിക്കൽ പറഞ്ഞിരുന്നു. ഇരുവരുടെയും സുഹൃത്താണ് നിത്യ. താൻ കാരണമാണ് അവർ പ്രണയത്തിലായതും വിവാഹിതരായതും എന്നാണ് നിത്യ പറഞ്ഞത്. അതിന്റെ കാരണവും നിത്യ പറഞ്ഞിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ആയിരുന്നു ഇത്.

ബാംഗ്ലൂർ ഡെയ്‌സിൽ ദിവ്യ എന്ന കഥാപാത്രത്തെയായിരുന്നു നസ്രിയ അവതരിപ്പിച്ചത്. ആ കഥാപാത്രം ചെയ്യാൻ തന്നെയാണ് സംവിധായക അഞ്ജലി മേനോൻ ആദ്യം വിളിച്ചതെന്നാണ് നിത്യ പറയുന്നത്. എന്നാൽ മറ്റ് സിനിമകളുളുടെ ഷൂട്ടും തിരക്കുകളും കാരണം പ്രധാന കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. അതിൽ അപ്‌സെറ്റായ അഞ്ജലി എങ്കിൽ ഇതെങ്കിലും ചെയ്യൂ ചെറിയ വേഷമാണ് എന്ന് പറഞ്ഞ് ഫഹദിന്റെ മുന്‍കാമുകിയുടെ വേഷം നൽകുകയായിരുന്നു എന്നുമാണ് നിത്യ പറഞ്ഞത്.

സിനിമ പുറത്തിറങ്ങിയ ശേഷം ലീഡ് റോൾ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതില്‍ കുറ്റബോധം ഉണ്ടായിരുന്നോ എന്നും അവതാരകൻ ജോൺ ബ്രിട്ടാസ് നിത്യയോട് ചോദിച്ചിരുന്നു. എന്നാൽ അങ്ങനെ തോന്നിയിരുന്നില്ലെന്നും ആ സിനിമയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചെന്നും നിത്യ പറയുന്നു. അന്ന് ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ഫഹദും നസ്രിയയും വിവാഹിതരായി. അവരോട് ഇപ്പോഴും ഞാൻ പറയാറുണ്ട് ഞാൻ കാരണമാണ് നിങ്ങൾ ഒന്നിച്ചത് അത് ഓര്‍മ്മ വേണമെന്നും.

അതുകൊണ്ട് തന്നെ ഇതൊക്കെ വിധിയാണെന്ന് ആണ് ഞാൻ കരുതുന്നുണ്ട്. അതൊക്കെ സംഭവിക്കാൻ ഇരുന്നത് തന്നെയാണ്. ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും നിത്യ പറയുന്നുണ്ട്. അതേസമയം, എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നസ്രിയയും ഫഹദും.
വിവാഹശേഷം ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയിരുന്നു. 2019 ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമായ ട്രാൻസിലാണ് നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ചത്. ട്രാൻസിന് ശേഷം 'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അഭിനയിച്ചത്. നാനിയും നസ്രിയയും നായകനും നായികയുമായ ചിത്രത്തിൽ നദിയ മൊയ്തു, ഹര്‍ഷവര്‍ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഫഹദ് ഫാസിൽ ഇന്ന്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനൻ. പുഷ്പ 2, അൽഫോൺസ് പുത്രന്റെ പാട്ട്, ഹോംബിൾ ഫിലിംസ് നിർമ്മിക്കുന്ന ധൂമം എന്നിവയാണ് ചിത്രങ്ങൾ.


Click it and Unblock the Notifications