അമ്മ മിടുക്കിയാണ്, വഴക്ക് പറയാനുള്ളതൊക്കെ തമാശയായിട്ട് പറഞ്ഞങ്ങ് വിടും; എന്റെ സുഹൃത്താണ്; പൂർണിമ ഇന്ദ്രജിത്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും സംരഭകയായുമെല്ലാം തിളങ്ങിയിട്ടുണ്ട് പൂർണിമ. ഒരുകാലത്ത് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും എല്ലാം തിളങ്ങി നിന്നിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചതോടെയാണ് അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തത്.
പിന്നീട് മിനിസ്‌ക്രീനിലൂടെ തന്നെ അവതാരകയായിട്ടായിരുന്നു പൂർണിമയുടെ തിരിച്ചുവരവ്. മഴവിൽ മനോരമയിൽ മെയ്ഡ് ഫോർ ഈച്ച് അദർ, കുട്ടികളോടാണോ കളി തുടങ്ങിയ ശ്രദ്ധേയ ഷോകളുടെ അവതാരകയായിരുന്നു പൂർണിമ. അതിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും പൂർണിമ തിരിച്ചുവരവ് നടത്തിയിരുന്നു.

വൈറസിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലാണ് പൂർണിമ അഭിനയിച്ചത്. കഴിഞ്ഞ വർഷം പലതവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില പ്രശ്‍നങ്ങളെ തുടർന്ന് തുറമുഖത്തിന്റെ റിലീസ് നീളുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത് പൂർണിമയ്ക്കാണ്. പാത്തു എന്ന കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിച്ചിരിക്കുന്നത്.
വലിയ കാൻവാസിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.
അതേസമയം, ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പൂർണിമ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. അഭിമുഖത്തിൽ അമ്മായിയമ്മ മല്ലിക സുകുമാരനെ കുറിച്ച് പൂർണിമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഇന്ദ്രജിത്തുമായി പരിചയപ്പെടാനുള്ള കാരണം മല്ലിക സുകുമാരനുമൊത്തുള്ള സൗഹൃദമാണെന്നാണ് പൂർണിമ പറയുന്നത്. താനും മല്ലിക സുകുമാരനും ഇപ്പോഴും സുഹൃത്തുക്കളെ പോലെയാണെന്നും തന്നെ വഴക്ക് പറയാനുള്ളത് പോലും തമാശയായിട്ടാണ് അമ്മ പറയാറുള്ളതെന്നും പൂർണിമ പറയുന്നു.
മല്ലിക സുകുമാരൻ വലിയ തിരക്കുളയാളാണെന്നും തനിക്ക് വലിയ പ്രചോദനമാണെന്നും പൂർണിമ അഭിമുഖത്തിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം.
'അമ്മയുടെ കാര്യം അമ്മ പറയാറില്ല. കാരണം അമ്മ അത്രയും ബിസിയാണ്. ഏത് ചാനൽ തുറന്നാലും അമ്മയുണ്ട്. കാണാൻ തന്നെ എന്ത് ഭംഗിയാണ്. നമ്മുടെ മാതാപിതാക്കളെ അങ്ങനെ കാണുകയെന്ന് പറയുന്നത് തന്നെ രസമല്ലേ. അതും അവർ ഈ പ്രായത്തിലും നമ്മളെ വളരെയധികം ഇൻസ്പെയർ ചെയ്യുകയാണ്. നമ്മളേക്കാൾ ശക്തിയും എനർജിയും എല്ലാമുണ്ട്,'
'ഞങ്ങൾ എല്ലാവരുമുള്ള ഫാമിലി ഗ്രൂപ്പുണ്ട്. അതിൽ കൂടുതൽ ഫോർവേർഡ് മെസേജുകൾ അയക്കുന്ന ആൾ അമ്മയാണ്. ബേസിക്കലി എല്ലാ വീടുകളുടെയും വാട്സ് ആപ്പ് ഗ്രൂപ്പു പോലെ തന്നെയാണ്. അമ്മ ഉണ്ടെങ്കിൽ പിന്നെ എല്ലാം നോക്കിക്കോളും. ഞാൻ പിന്നെ മിണ്ടാതെ ഇരുന്നാൽ മതി,'

'അമ്മ ഭയങ്കര എന്റർടൈനിങ് ആണ്. അമ്മ സംസാരിക്കുന്നത് കേൾക്കാനൊക്കെ നല്ല രസമാണ്. ഞാൻ ഇടക്ക് പറയും. മിടുക്കിയാണ്. ഞങ്ങളെ വഴക്ക് പറയാനുള്ളതൊക്കെ തമാശയായിട്ട് പറഞ്ഞങ് വിടും. എന്റെ സുഹൃത്താണ് അമ്മ. ആ സൗഹൃദത്തിലൂടെയാണ് ഞാൻ ഇന്ദ്രനെ പരിചയപ്പെടുന്നത്,'
അമ്മയും ഞാനും തമ്മിലുള്ള സൗഹൃദം ഇപ്പോഴും കൊണ്ട് പോകാൻ പറ്റുന്നുണ്ട്. അത് ഞാൻ അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്. ഇന്നും ആ സൗഹൃദം നിലനിൽക്കുന്നത് അമ്മ കാരണമാണ്. അന്നും ഇന്നും എന്റെ പ്രിയ സുഹൃത്താണ്,' പൂർണിമ ഇന്ദ്രജിത് പറഞ്ഞു.


Click it and Unblock the Notifications