എന്തുകൊണ്ട് വലിമൈ വേണ്ടെന്ന് വച്ചു? കെആര്‍കെയ്ക്ക് കേക്കും മിഠായിയും കൊടുക്കണമെന്ന് ടൊവിനോ
മലയാളത്തിലെ യുവതാരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ചിത്രം കേരളത്തില്‍ മാത്രമല്ല വിദേശത്ത് വരെ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതോടെ കേരളത്തിന് പുറത്തും ഒരുപാട് ആരാധകരെ നേടിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇതിനിടെയായിരുന്നു തമിഴകത്തിന്റെ തല അജിത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ടൊവിനോ തോമസ് വേണ്ടെന്ന് വെക്കുന്നത്.
അജിത്ത് നായകനായി എത്തിയ ചിത്രമാണ് വലിമൈ. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ആദ്യ ദിവസം തന്നെ വലിമൈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ടൊവിനോയെയായിരുന്നു. എന്നാല്‍ ടൊവിനോ ചിത്രത്തോട് നോ പറയുകയായിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വലിമൈയോട് നോ പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ വെളിപ്പെടുത്തല്‍. 'വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,' എന്നാണ് ടൊവിനോ പറയുന്നത്. ടൊവിനോ നോ പറഞ്ഞതോടെ മറ്റൊരു താരം ഈ കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു. എന്തായാലും ടൊവിനോയുടെ തീരുമാനം തെറ്റായില്ലെന്നതാണ് മിന്നല്‍ മുരളിയുടെ വിജയവും അതിലൂടെ ടൊവിനോയ്ക്ക് ലഭിക്കുന്ന കയ്യടിയും വ്യക്തമാക്കുന്നത്.
ടൊവിനോയും കീര്‍ത്തി സുരേഷും ഒരുമിക്കുന്ന പുതിയ സിനിമയാണ് വാശി. ഈ സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മലയാളത്തിലെ താരങ്ങള്‍ മാത്രമല്ല തമിഴിലേയും തെലുങ്കിലേയും ബോളിവുഡിലേയും താരങ്ങളും ചേര്‍ന്നായിരുന്നു പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ വാശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ കമാല്‍ ആര്‍. ഖാന്റെ വിമര്‍ശനമായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. 'ഏറ്റവും കൂടുതല്‍ പ്രെമോഷന്‍ നേടി തന്നത് കെ.ആര്‍.കെ ആണ്. പുള്ളി ആദ്യം അഭിഷേക് ബച്ചന്റെ അടുത്ത് എന്തോ പോയി ചൊറിഞ്ഞു, അഭിഷേക് ബച്ചന്‍ അതിന് കറക്ട് മറുപടിയും കൊടുത്തു, അത് വാര്‍ത്തയായി. കെ.ആര്‍.കെക്ക് പണികിട്ടിയ വാര്‍ത്തയായിരുന്നെങ്കിലും അതിലൊക്കെ വാശിയുടെ പോസ്റ്ററും ഉണ്ടായിരുന്നു. കെ.ആര്‍.കെക്കാണ് കേക്കും മിഠായിയും വാങ്ങികൊടുക്കേണ്ടത്,' ടൊവിനോ പറയുന്നു.
വാശിയുടെ പോസ്റ്റര്‍ പങ്കുവച്ചതിന് അഭിഷേക് ബച്ചനെ പരിഹസിച്ചു കൊണ്ട് കെആര്‍കെ രംഗത്ത് എത്തിയിരുന്നു. മലയാളത്തില്‍ നിന്നും വീണ്ടും മറ്റൊരു ഇന്‍ക്രെഡിബിള്‍ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്. സഹോദരാ, എന്നെങ്കിലും ബോളിവുഡും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ ചെയ്യണം എന്നായിരുന്നു കെആര്‍കെയുടെ പ്രതികരണം. പക്ഷെ ഉടനെ തന്നെ ചുട്ടമറുപടിയുമായി അഭിഷേക് ബച്ചനുമെത്തുകയായിരുന്നു. ഞങ്ങള്‍ ശ്രമിക്കാം, നിങ്ങളുടെ ദേശദ്രോഹി ഉണ്ടല്ലോ, എന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്‌മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.
നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. അതേസമയം മായാനദിയ്ക്ക് ശേഷം ടൊവിനോയും ആഷിഖ് അബുവും ഒരുമിക്കുന്ന നാരദന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് മൂന്നിനാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications











