കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ! മാധ്യമ പ്രവര്‍ത്തകനോട് ടൊവിനോ തോമസ്
പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ പേരിലുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകന് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. പുതിയ സിനിമയായ അന്വേഷിപ്പിന്‍ കണ്ടെത്തുമിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാമിനോടുള്ള ചോദ്യത്തിനും ജിനുവിന്റെ മറുപടിയ്ക്കും പിന്നാലെയായിരുന്നു ടൊവിനോയുടെ പ്രതികരണം.
പൃഥ്വിരാജ് നായകനായ കടുവയുടെ തിരക്കഥാകൃത്തായിരുന്നു ജിനു. ചിത്രത്തിലെ ഒരു ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആ ഡയലോഗ് സിനിമയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. വിശദമായി വായിക്കാം.

കടുവ സിനിമയിലെ ഒരു സീന്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. എഴുത്തില്‍ ഇത്തരം പൊളിറ്റിക്കലായ കാര്യം ഇനി ശ്രദ്ധിക്കുമോ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. തുടര്‍ന്ന് ജിനു മറുപടി നല്‍കുകയായിരുന്നു.
''ഒരു സിനിമയുടെ തിരക്കഥ ഒരുപാട് ആളുകള്‍ വായിച്ച്, ഒരുപാട് ഫില്‍റ്ററിംഗുകള്‍ക്ക് ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ട് മുമ്പുള്ള നിമിഷത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ സിനിമ ഇറങ്ങിയ ശേഷം ഞാനും ചിത്രത്തിന്റെ സംവിധായകനും ഇവിടുത്ത പ്രബുദ്ധരായ പല മാധ്യമങ്ങളിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരൊക്കെ സിനിമ കണ്ടിരുന്നു. സിനിമയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ആര്‍ക്കും അതിനൊരു പ്രശ്‌നം തോന്നുകയോ ആ ഡയലോഗിന് അങ്ങനൊരു ആംഗിളോ തോന്നിയിരുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകള്‍ക്ക് അത് ബാധിക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഞങ്ങളാരും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു സാഡിസ്റ്റല്ല. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസോ നായകന്‍ പൃഥ്വിരാജോ ഒട്ടുമല്ല'' ജിനു പറഞ്ഞു.
പക്ഷെ ഞങ്ങളല്ല ഉദ്ദേശിച്ചത് എന്ന് പറയാനാകില്ല. ഒരു വിഭാഗത്തിന് അങ്ങനൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരെ മുറിവേല്‍പ്പിക്കാതെ കട്ട് ചെയ്ത് മാറ്റുക എന്നതാണ് മാന്യത. അത് കൃത്യമായി ചെയ്യുകയും ചെയ്തു. തിരക്കഥ സെന്‍സര്‍ ചെയ്ത് എഴുതുന്ന ആളല്ല ഞാന്‍. ഡാര്‍വിനും ടൊവിനോയും ഈ സിനിമയുടെ തിരക്കഥ എഴെട്ട് തവണ വായിച്ചിട്ടുണ്ടാകും. നാളെ ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയിലെ നായകന്‍ പൃഥ്വിരാജാണ്. അവര്‍ക്ക് എന്നെ ഓര്‍മ്മിപ്പിക്കാനും ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് പറയാനും, അത് ജെനുവിന്‍ ആണെന്ന് തോന്നിയാല്‍ മാറ്റാന്‍ ഞാനും തയ്യാറാണെന്നും ജിനു പറഞ്ഞു.
എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അത് അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം ഡയലോഗുകളുണ്ടാകുമെന്നും ഞാനത് ചിന്തിച്ച് തിരക്കഥയെഴുതുമെന്നും ആരും ചിന്തിക്കണ്ട എന്നും ജിനു പറഞ്ഞു. പിന്നാലെ ടൊവിനോ മൈക്ക് വാങ്ങുകയും സംസാരിക്കുകയുമായിരുന്നു.
''ഞാനൊരു കാര്യം ചോദിക്കട്ടെ. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനപ്പൂര്‍വ്വം ഓര്‍മ്മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍! ഒരു സുഖം കിട്ടിയില്ലേ. കൊള്ളാം. ഐ അപ്രിഷിയേറ്റ് ഇറ്റ്'' എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

ഇത്തരം തിരക്കഥകള്‍ ചെയ്യുന്നതില്‍ ടൊവിനോയ്ക്ക് പേടിയുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ എനിക്കാരേയും പേടിയില്ല എന്നായിരുന്നു ടൊവിനോ പറഞ്ഞത്. പൊളിറ്റിക്കല്‍ ഇന്‍കറക്ട് ആയിട്ടുള്ള തിരക്കഥ വന്നാല്‍ അഭിനയിക്കുമോ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ പിന്നാലെ ചോദിച്ചത്.
''പൊളിറ്റിക്കലി ഇന്റകറക്ട് ആയിട്ടുള്ളൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എന്ത് ചെയ്യണം? ഞാനൊരു വില്ലന്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതുക. അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇന്‍കറക്ട് ആയ കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അപ്പോഴും ഞാന്‍ പറയണമോ ഇത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും ഇത് ഞാന്‍ ചെയ്യില്ല എന്നും. പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങള്‍ക്കൊരു കണ്ടന്റ് കിട്ടി. ചില്‍.'' എന്നായിരുന്നു ടൊവിനോയുടെ മറുപടി.


Click it and Unblock the Notifications