ടൊവിനോയ്ക്ക് 5 സിനിമകളുടെ പ്രതിഫലം ഇപ്പോഴും കിട്ടിയിട്ടില്ല; വേണ്ടെന്ന് വച്ചതുമുണ്ട്: സന്തോഷ് ടി കുരുവിള
മലയാള സിനിമയിലെ നിര്‍മ്മാണ പ്രതിസന്ധി വിവാദത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള താരങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവരാണെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്. നിര്‍മ്മാണ ചിലവും താരങ്ങളുടെ പ്രതിഫലവും നിയന്ത്രണാധീതമാകാതെ നോക്കേണ്ടത് നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകന്‍ ആണ് സന്തോഷ് ടി കുരുവിള. സൂപ്പര്‍ താരങ്ങള്‍ പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സന്തോഷ് ടി കുരുവിള.

''മമ്മൂക്ക അന്ന് പറഞ്ഞ ഫിഗറില്‍ ചെറിയൊരു പൈസ കൊടുത്തിട്ടില്ലെന്നാണ് വിശ്വാസം. ലാലേട്ടന്‍ നീരാളി അഭിനയിച്ച ശേഷം വിട്ടുവീഴ്ച ചെയ്തു. ഇങ്ങോട്ട് വിളിച്ചാണ് പറയുന്നത് വേണ്ട് എന്ന്. 50 ലക്ഷമോ മറ്റോ ആണ്. ഇവരെല്ലാം നല്ല മനുഷ്യരാണ്. നമ്മള്‍ അവരോട് എങ്ങനെ ഇടപെടുന്നു എന്നത് അനുസരിച്ചിരിക്കും അവര്‍ നമ്മളോട് ഇടപെടുന്നതും. അഭിനയിക്കുന്നവരെ നമ്മള്‍ വേണ്ട പോലെ കണ്ടില്ലെങ്കില്‍ അവരും നമ്മളോട് അങ്ങനെ ചെയ്യും. ബഹുമാനം കൊടുത്ത് ബഹുമാനം വാങ്ങണം, സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണം എന്നാണ്. എനിക്ക് ഇവരില്‍ നിന്നാരില്‍ നിന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല.'' എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം മലയാളത്തിന്റെ യുവനടനായ ടൊവിനോ തോമസിന് അഞ്ച് സിനിമകളുടെ പ്രതിഫലം ഇപ്പോഴും മുഴുവനായും കിട്ടിയിട്ടില്ലെന്നും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തുന്നുണ്ട്. സിനിമകളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. ടൊവിനോ നായകനായ നാരദന്റെ നിര്‍മ്മാണം സന്തോഷ് ടി കുരുവിള ആയിരുന്നു.
''നാരദനില്‍ ടൊവിനോയ്ക്ക് 30 ലക്ഷം കൊടുക്കാനുണ്ട്. നീലവെളിച്ചത്തില്‍ ഞാന്‍ നിര്‍മ്മാതാവല്ല, ഞാനും കൂടി ചേര്‍ന്ന് തുടങ്ങിയൊരു സിനിമയായിരുന്നു. അതില്‍ ടൊവിനോയ്ക്ക് 10-40 ലക്ഷം രൂപ കൊടുക്കാനുണ്ട്. നടികറില്‍ നിന്നും കിട്ടാനുള്ള പൈസയുടെ പകുതി കിട്ടാനുണ്ട്. ഐഡന്റിറ്റിയിലും കിട്ടാനുണ്ട്. പുള്ളിയത് വേണ്ടെന്ന് വെച്ചു. ടൊവിനോയുടെ കാര്യത്തില്‍ പലതും എനിക്ക് അറിയാന്‍ കാരണം എനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹ ബന്ധമാണ്. ഞാന്‍ അനിയനെ പോലെ കാണുന്ന ആളാണ്. ഇവരെല്ലാം വിട്ടു വീഴ്ച ചെയ്യുന്നവരാണ്. നമ്മള്‍ അവരോട് എങ്ങനെ നില്‍ക്കുന്നു എന്നനുസരിച്ചിരിക്കും'' എന്നാണ് അദ്ദേഹം പറയുന്നത്.
നേരത്തെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകളുടെ ബജറ്റ് കൂടുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. രതീഷിന്റെ ഹിറ്റ് സിനിമകളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നിവയുടെ നിര്‍മ്മാതാവായിരുന്നു സന്തോഷ് ടി കുരുവിള. ന്നാ താന്‍ കേസ് കൊടിന്റെ സ്പിന്‍ ഓഫ് ആയ സുരേശന്റേയും സുമതിയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ബജറ്റ് നാലിരട്ടിയായെന്ന ആരോപണമാണ് വിവാദമായത്.
''എന്റെ സമയം നല്ലത് ആയതിനാലും എന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥനയും കാരണമായിരിക്കും, എന്റെ ിനിമകളുടെ ബജറ്റ് അദ്ദേഹം തന്നതിന്റെ ഇരട്ടിയേ ആയിട്ടുള്ളൂ. പക്ഷെ പാവം അജിത്തിന്റേയും ഇമ്മാനുവലിന്റേയും സിനിമയുടെ ബജറ്റ് നാലിരട്ടിയായി. ഞാനായിരുന്നുവെങ്കില്‍ അത് അനുവദിക്കില്ലായിരുന്നു'' എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം രതീഷ് പൊതുവാളിനെതിരെ രൂഷമായ വിമര്‍ശനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

രതീഷ് എനിക്ക് ഇഷ്ടമുള്ള ആളാണ്. എങ്കിലും പറയാതിരിക്കാന്‍ വയ്യ. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനൊപ്പം തുടക്കത്തിലുണ്ടായിരുന്നവര്‍ ആരും കൂടെയില്ലാതായി. പിന്നീട് പുതിയ ടീമിനെ വച്ചാണ് ചെയ്യുന്നത്. ന്നാ താന്‍ കേസ് കൊട് ചെയ്യുമ്പോഴും അവസാനം ആരുമില്ലാതായി എന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.
തന്റെ തിരക്കഥ തരാം എന്ന് പറഞ്ഞാണ് അസോസിയേറ്റുകളെ കൂടെ നിര്‍ത്തുകയാണ് രതീഷ് ചെയ്യുന്നത്. അതല്ലാതെ ഒരു അസിസ്റ്റന്റ് ഡയറക്ടറും ക്യാമറാമാനും എഡിറ്ററോ ആരും രണ്ടാമത് നില്‍ക്കുന്നില്ല. അങ്ങനെ ആരും കൂടെ നില്‍ക്കാത്തൊരു ആളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











