ആ സിനിമയ്ക്ക് ശേഷം മൂന്ന് മാസം ബ്രേക്ക് എടുത്തു, തിരിച്ചു വരണോ വേണ്ടയോ എന്ന് പോലും ചിന്തിച്ചു: ടൊവിനോ
മിന്നല്‍ മുരളിയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകേയും രാജ്യാന്തര തലത്തിലും വലിയ സ്വീകാര്യതയാണ് നേടുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എത്തിയ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് ചില മോശം സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി സിനിമ വേണോ എന്ന് വരെ ചിന്തിച്ചിരുന്നൊരു സമയമുണ്ടായിരുന്നുവെന്നുമാണ് ടൊവിനോ പറയുന്നത്.
നെറ്റ്ഫ്‌ളിക്‌സിന്റെ ആക്ടേഴ്‌സ് റൗണ്ട് ടേബിള്‍ 2021 ല്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്. അവതാരകനായ രാജീവ് മസന്ദ് അഭിനേതാവ് എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്താണെന്ന് ചോദിക്കുകയായിരുന്നു. ഇതിന് ടൊവിനോ നല്‍കിയ മറുപടി മോശം സംവിധായകനെയാണെന്നായിരുന്നു. ടൊവിനോയ്‌ക്കൊപ്പം താപ്‌സി പന്നു, രവീണ ടണ്ടന്‍, കൊങ്കണ സെന്‍ ശര്‍മ, സാന്യ മല്‍ഹോത്ര, ആദര്‍ശ് ഗൗരവ്, എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു. മിക്കവരും നല്‍കിയ ഉത്തരവും ഇതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. നമ്മള്‍ പല സംവിധായകന്മാരേയും കണ്ണടച്ച് വിശ്വസിക്കും. അവര്‍ ആദ്യം കഥ പറയുക വളരെ മനോഹരമായിട്ടായിരിക്കും. എന്നാല്‍ ഷൂട്ടിംഗിലേക്ക് വരുമ്പോള്‍ അതില്‍ നിന്നും ഒരു വ്യത്യാസമുണ്ടാകും. സംവിധായകന്‍ തന്നെ ഒരു ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥ വരുമെന്നും ടൊവിനോ പറയുന്നു. ചിത്രീകരണം തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാകും നമ്മുക്കത് മനസിലാവുകയെന്നും ആ സാഹചര്യത്തില്‍ ഷൂട്ട് നിര്‍ത്തിവെക്കാന്‍ പറയാന്‍ സാധിക്കില്ലലെന്നും ഒരുപാട് പേര് സിനിമയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ടാകുമെന്നും ടൊവിനോ പറയുന്നു.

പിന്നെ നമുക്കൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാകും. ഇത്തരം സിനിമകള്‍ കഴിഞ്ഞാല്‍ പഴി മുഴുവന്‍ പോവുക സംവിധായകന്റെ തലയിലേക്കല്ലെന്നും എല്ലാ കുറ്റവും കേന്ദ്ര കഥാപാത്രത്തിന്റേതായിരിക്കുമെന്നും ടൊവിനോ ചൂണ്ടിക്കാണിക്കുന്നു. താന്‍ അത്തരം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും സാധാരണ ഒരു സിനിമ കഴിയുമ്പോള്‍ ബ്രേക്ക് എടുക്കുന്ന ശീലമില്ലാത്ത താന്‍ പക്ഷെ ഒരു സിനിമയ്ക്ക് ശേഷം മൂന്ന് മാസം ബ്രേക്ക് എടുത്ത് യാത്ര ചെയ്യുകയായിരുന്നുവെന്നും ടൊവിനോ പറയുന്നു. അപ്പോഴാണ് ഇനി സിനിമയിലേക്ക് വരണോ വേണ്ടയോ എന്ന് പോലും ചിന്തിച്ചതെന്നും ടൊവിനോ പറയുന്നുണ്ട്. എന്തായാലും സിനിമയില്‍ തുടരാനുള്ള ടൊവിനോയുടെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി.

സൂപ്പര്‍ ഹീറോ ഴോണറില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഇടി മിന്നലേറ്റ് സൂപ്പര്‍ പവറുകള്‍ ലഭിക്കുന്ന ജെയ്‌സണ്‍ എന്ന തയ്യല്‍ക്കടക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ ജെയ്‌സണ്‍ ആകുമ്പോള്‍ ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, ഷെല്ലി കിഷോര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സോഫിയ പോള്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിനൊരു രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സോഫിയ പോള്‍ അറിയിച്ചത്. അടുത്ത മാസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമീര്‍ താഹിറാണ് മിന്നല്‍ മുരൡയുടെ ഛായാഗ്രഹണം. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാമും ഷാന്‍ റഹ്‌മാനുമാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications