12 വർഷത്തിനിടെ ആദ്യമായാണ് ഇതുപോലൊരു അനുഭവം; കമൽഹാസൻ ചെയ്യുന്നതു പോലെയുണ്ട്: ടൊവിനോ
സന്തോഷ് ജോർജ് കുളങ്ങരയെ പോലെ ടോവിനോ തോമസും യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ്. മാത്രമല്ല ഒരുപാട് യാത്രകൾ സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും നടത്തുന്നയാളാണ്. വർഷത്തിൽ ഒരു മാസം കുടുംബത്തിനൊപ്പം ഏതെങ്കിലും രാജ്യത്തേക്ക് യാത്ര നടത്തുമെന്ന് ടൊവിനോ തീരുമാനം എടുത്തിരുന്നു. ഭാര്യയും മക്കളും മാത്രമായിരിക്കില്ല കുടുംബം മുഴുവനും ആ യാത്രയിൽ ഉണ്ടാവാറുണ്ട്. യാത്രകളെ കുറിച്ചും പുതിയ സിനിമയെ കുറിച്ചും ടൊവിനോ തോമസ് കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.
"കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം ഒരുപാട് നല്ല മുഹൂർത്തങ്ങൾ കിട്ടും. എപ്പോഴും എനിക്ക് അവർക്കൊപ്പം ഇരിക്കാൻ സാധിക്കാറില്ല. രാജ്യം വിട്ടാൽ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. പിന്നെ പണ്ടു മുതൽക്കേ അപ്പൻ ഞങ്ങളെ പല സ്ഥലത്തും കൊണ്ടു പോയിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളാണ്. എല്ലാ വെക്കേഷനുകളിലും ഞങ്ങൾ എല്ലാവരും നിർബന്ധമായും യാത്ര പോവും. കർണാടക, തമിഴ്നാട്, പഞ്ചാപ്, ഡൽഹി അങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇന്ത്യക്കുള്ളിൽ പോയിട്ടുണ്ട്. 2015നു ശേഷമാണ് ഇന്ത്യക്കു പുറത്ത് ഞാൻ പോവുന്നത്.

യാത്ര ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ ഭാഗമായി പല സ്ഥലങ്ങളിലും പോകാൻ സാധിക്കുന്നുണ്ട്. പിന്നെ ഷൂട്ടിംഗിനു പോവുമ്പോൾ വേറെ ആർക്കും പോവാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പോവാൻ പറ്റും. ഇഷ്ടപ്പെട്ട ജോലിയുടെ കൂട്ടത്തിൽ ഇഷ്ടപ്പെട്ട യാത്രകളും നടക്കും. പിന്നെ ഇത്തരം യാത്രകളിലൂടെ ഫാമിലിയായിട്ടുള്ള ബോണ്ടിംഗ് വർദ്ധിക്കും എന്ന് ചെറുപ്പത്തിലെ മനസിലായതാണ്. അത് തന്നെയാണ് അടുത്ത തലമുറക്ക് ഞാൻ പകർന്നു കൊടുക്കാൻ ശ്രമിച്ചത്." ടൊവിനോ പറയുന്നു.
ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എന്നു നിന്റെ മൊയതീന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്തിരിക്കുന്നത്. 2017ൽ ജിതിൻ ഇതിന്റെ കഥ ടൊവിനോയോട് പറഞ്ഞുവെങ്കിലും 2022 ലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്.

"യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ഈ ചിത്രവും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാസർഗോഡ് വെച്ചായിരുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെ അവിടെ തന്നെയായിരുന്നു. തുടക്കത്തിൽ ഹോട്ടലുകളിൽ താമസിച്ചു. എന്നാൽ പിന്നീട് ഞാൻ പതിയെ അവിടെ ഒരു വീട് എടുത്ത് താമസിക്കാൻ തുടങ്ങി. എന്റെ മാനേജർ, ഡ്രൈവർ, അസിസ്റ്റന്റ്, ഷെഫ് എല്ലാവരും കൂടെ ഒരുമിച്ച് അവിടെ താമസിച്ചു. വീട്ടിലെ പെറ്റ്സിനേയും അങ്ങോട്ട് കൊണ്ടു പോയി. ലൈഫ് എക്സ്പീരിയൻസ് ചെയ്യാൻ ഇത്തരത്തിൽ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ടെന്നും" ടൊവിനോ പറഞ്ഞു.
"ഈ ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കമൽഹാസനെ പോലുള്ള ലെജൻ്സാണ് ഇതുപോലുള്ള ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാറ്. ഞാൻ ഒരു മികച്ച അഭിനേതാവല്ല, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നയാളാണ്. ഈ ചിത്രത്തിനു വേണ്ടി ഒരു ആക്ടിംഗ് വർക്ക് ഷോപ്പ് ചെയ്തിട്ടുണ്ട്. അഭിനയം പഠിക്കുക എന്ന ഉദ്ദേശമായിരുന്നില്ല, ആ കഥാപാത്രങ്ങളെ മനസിലാക്കുക എന്നതായിരുന്നു പ്രധാനം. 12 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് ഒരു വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നത്." ടൊവിനോ തോമസ് പറയുന്നു.


Click it and Unblock the Notifications