കീമോയുടെ രണ്ടാം ഘട്ടത്തിൽ, കഠിനമായ ദിവസങ്ങളെ അതിജീവിക്കാൻ പഠിക്കുന്നു; അർബുദത്തോട് പോരാടി ഉമ ശങ്കരി!
ഉമ ശങ്കരിയെന്ന പേരിനേക്കാൾ മലയാളികൾക്ക് കൂടുതൽ ഓർക്കാൻ എളുപ്പം കുബേരനിലെ ദിലീപിന്റെ നായികയെന്ന വിശേഷണമാകും. കുബേരൻ അടക്കം ആകെ മൂന്ന് മലയാള സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്നും ഉമയെ മലയാളികൾക്ക് അറിയാം. പാതി മലയാളിയാണെങ്കിലും തിളങ്ങിയത് ഏറെയും തമിഴ്, തെലുങ്ക് സിനിമകളിലാണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത താരം പിന്നീട് വളരെ വിരളമായി മാത്രമാണ് സിനിമകളിൽ അഭിനയിച്ചത്.
സോഷ്യൽമീഡിയയിൽ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെയാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചുവെന്നും ചികിത്സയിലാണെന്നും നടി വെളിപ്പെടുത്തിയത്. ഇത് എളുപ്പമാണെന്ന് ഞാൻ നടിക്കാൻ പോകുന്നില്ല. എനിക്ക് പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആദ്യം ഞെട്ടൽ... പിന്നെ നിഷേധം... അവിശ്വാസം... വീണ്ടും നിഷേധം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക എളുപ്പമായിരുന്നില്ല. അത് അംഗീകരിക്കുന്നതും അത്ര എളുപ്പമല്ലായിരുന്നു. എന്തുകൊണ്ട് ഞാൻ?, എന്തുകൊണ്ട് ഇപ്പോൾ?, ഇനി എന്ത് സംഭവിക്കും? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസിലൂടെ കടന്നുപോയി. ഇത്തരമൊരു വാർത്ത കേൾക്കാൻ ഒരിക്കലും ആരും പൂർണമായി തയ്യാറാകില്ല.
എനിക്കും എന്റെ കുടുംബത്തിനും അത് തന്നെയായിരുന്നു അവസ്ഥ. ഭയത്തിനിടയിലും അവർ എന്നെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ ഹൃദയം വേദനിക്കുന്നു. എന്നാൽ കണ്ണീരിനും പ്രാർത്ഥനകൾക്കും കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയ്ക്കുമിടയിൽ ഞെട്ടലിൽ നിന്ന് യാഥാർഥ്യം അംഗീകരിക്കുന്നതിലേക്കുള്ള യാത്ര എന്റേതായ ഒരു അനുഭവമായി മാറി. പിന്മാറില്ല. കീഴടങ്ങുകയുമില്ല.
ജീവിതത്തെ അതിന്റെ ഏറ്റവും യഥാർഥ രൂപത്തിൽ അംഗീകരിച്ച് മുന്നോട്ട് പോകുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എന്റെ ഭർത്താവിനോട് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി പറയുന്നു. എന്നോടൊപ്പം ധൈര്യത്തോടെ നിന്നതിന് നന്ദി. എന്റെ മകനോട്... നിന്റെ കരുത്തിനും സ്നേഹത്തിനും നന്ദി. എന്റെ മുഴുവൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സ്നേഹത്തോടെയും പിന്തുണയോടെയും പ്രത്യാശയോടെയും എനിക്കൊപ്പമുണ്ടായതിന് ഒരായിരം നന്ദി.
നിങ്ങളുടെ ധൈര്യമാണ് എനിക്ക് കരുത്തായി മാറിയത്. ഇന്ന് എന്റെ ചികിത്സയുടെ ആദ്യ ദിവസമായിരുന്നു. ഓരോ ദിവസവും ഓരോന്നായി നേരിടാനാണ് എന്റെ തീരുമാനം. എന്നിലുള്ള മുഴുവൻ കരുത്തും ഉപയോഗിച്ച് ഈ രോഗത്തിനെതിരെ പോരാടും. പൂർണമായും രോഗമുക്തി നേടി തിരിച്ചുവരുമെന്ന് ഞാൻ സ്വയം വാക്ക് നൽകുന്നു.

ഈ യാത്രയിൽ എനിക്കായി പ്രാർത്ഥിക്കണം. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞാൻ അഭ്യർഥിക്കുന്നു എന്നാണ് അന്ന് താരം രോഗം വിവരം വെളിപ്പെടുത്തി കുറിച്ചു. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെ രണ്ടാം ഘട്ട കീമോയ്ക്ക് വിധേയയായപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഉമ. കീമോ/ഇമ്മ്യൂണോ തെറാപ്പിയുടെ രണ്ടാം ഘട്ടത്തിലാണ് ഞാൻ.
ഓരോ ദിവസവും ഓരോന്നായി മുന്നോട്ട് പോകുകയാണ്. കഠിനമായ ദിവസങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് പഠിക്കുകയാണ്. അതേ സമയം കരുത്ത് തോന്നുന്ന ദിവസങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. എപ്പോഴും എനിക്കൊപ്പം ഉറച്ചുനിന്ന എന്റെ കുടുംബത്തിനും സ്നേഹവും പിന്തുണയും നൽകിയ എല്ലാ ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാൻ പോരാട്ടം തുടരുകയാണ്. രോഗമുക്തിയിലേക്കുള്ള യാത്രയിലാണ്.
എന്റെ ശ്രദ്ധ മുഴുവൻ പുരോഗതിയിലേക്കാണ്. പുരോഗതി എല്ലായ്പ്പോഴും പൂർണമാകണമെന്നില്ല. എന്നാൽ അത് യഥാർഥമാണ് എന്നാണ് ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകൾ പങ്കിട്ട് നടി എഴുതിയത്. കന്നഡ സിനിമ സംവിധായകൻ ഡി.രാജേന്ദ്ര ബാബുവിന്റെയും മലയാളിയും നടിയുമായ സുമിത്രയുടെയും മകളാണ് ഉമ ശങ്കരി. മാതാപിതാക്കളുടെ സിനിമാ പാരമ്പര്യമാണ് ഉമയെ അഭിനയത്തിലേക്ക് എത്തിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ എച്ച്. ദുഷ്യന്തനാണ് ഭർത്താവ്. 2006ൽ ആയിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications


