'മേപ്പടിയാന് മുമ്പ് 700 ഓളം സ്ക്രിപ്റ്റുകൾ വായിച്ചു; എന്നെ വിശ്വസിക്കുന്നവർ ഇപ്പോഴും എന്നോടൊപ്പമുണ്ട്': ഉണ്ണി!
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തന്റെ കരിയറിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ യുവനടന്മാരിലെ മിന്നും താരമാണ് ഇന്ന് ഉണ്ണി മുകുന്ദൻ. യുവാക്കൾക്കിടയിൽ മസിലളിയാനും ഫിറ്റ്നസ് ഐക്കണായുമെല്ലാം അറിയപ്പെട്ടിരുന്ന ഉണ്ണി ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ജനപ്രീയ നായകന്മാരുടെ നിരയിലേക്ക് ഉയരുകയാണ് നടൻ.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഉണ്ണി മലയാള സിനിമയുടെ ഭാഗമാണ്. നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങളിലെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഉണ്ണിയുടെ കരിയറിൽ വലിയ നേട്ടങ്ങൾ എല്ലാം വന്നു ചേർന്നത്. തുടക്ക കാലത്ത് കരിയറിൽ കയറ്റിറങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് നടന്. എന്നിരുന്നാലും സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ വന്ന് മലയാളത്തിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ ഇന്ന് ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിന് പുറമെ നിർമ്മാണത്തിലും തിളങ്ങി നിൽക്കുകയാണ് താരം. മേപ്പടിയാൻ ആയിരുന്നു ഉണ്ണി നിർമ്മിച്ച ആദ്യ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രവും ഉണ്ണിയാണ് നിർമ്മിച്ചത്. മാളികപ്പുറം ആണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗോള ബോക്സ് ഓഫീസിൽ ചിത്രം നൂറ് കോടി നേടിയെന്നാണ് നടൻ അവകാശപ്പെടുന്നത്.

അതേസമയം, തന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ യാത്രയെ കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അഭിമുഖത്തിൽ വീഡിയോയിൽ എത്തിയ മേപ്പടിയാൻ സംവിധായകൻ വിഷ്‌ണുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉണ്ണി.
കഴിഞ്ഞ അഞ്ചു വർഷം കരിയറിൽ ഉണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദനോടുള്ള ചോദ്യം. മേപ്പടിയാന് മുൻപ് നടൻ 700 ഓളം സ്ക്രിപ്റ്റുകൾ വായിച്ചു റിജെക്റ്റ് ചെയ്തതായി വിഷ്ണു ചോദ്യത്തിനിടെ സൂചിപ്പിക്കുന്നുണ്ട്. ഉണ്ണിയും ഇതേക്കുറിച്ച് പറയുന്നുണ്ട്.
'ലൈഫിൽ ഒരു തീരുമാനം എടുക്കുമ്പോഴും ഞാൻ അധികം ചിന്തിക്കാറില്ല. എന്റെ ലൈഫിൽ അഞ്ച് വർഷത്തിനിടെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നില്ല. നമ്മുക്ക് ചുറ്റുമുള്ള ആളുകൾക്ക് നമ്മളിൽ പ്രതീക്ഷയുണ്ട്. നമുക്ക് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. എന്നാൽ സാഹചര്യങ്ങൾ ഒത്തുവരുന്നില്ല എന്നൊരു സങ്കടം എനിക്കുണ്ടായിരുന്നു,'
'ഞാൻ എഫോർട്ട് ഇടുന്നുണ്ടല്ലോ പിന്നെ എന്താണ് എന്നൊരു ചിന്ത. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എനിക്കുണ്ടായ ഏറ്റവും നല്ല സംഭവം എന്താണെന്ന് വെച്ചാൽ അത് വിഷ്ണു, വിപിൻ തുടങ്ങി എനിക്കൊപ്പം ഇപ്പോൾ നിൽക്കുന്ന ഒരു സപ്പോർട്ട് സിസ്റ്റമാണ്. നമ്മൾ നമ്മളെ വിശ്വസിക്കുന്ന പോലെ ഇവർക്കും എന്നിൽ ഭയങ്കര വിശ്വാസം ഉണ്ട്. അത് ഇവരുടെ വാക്കിലും പ്രവർത്തിയിലുമൊക്കെ കാണാം,'
'ഞാൻ മേപ്പടിയാന് മുൻപ് 500, 700 സ്ക്രിപ്റ്റുകൾ വായിക്കുമ്പോഴും എന്നിലെ നടനെ ആരും ചലഞ്ച ചെയ്യുന്നില്ല എന്നൊരു സങ്കടം മാത്രമേ എനിക്ക് തോന്നിയുള്ളൂ. ഇതുകൊണ്ട് എനിക്ക് കരിയറിൽ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് വിഷ്ണു മോഹൻ എന്നൊരാൾ ഒരു സിനിമ പരമ്പര്യവുമില്ലാതെ പത്ത് പന്ത്രണ്ട് വര്ഷം കാത്തിരുന്ന് ഒരു സ്ക്രിപ്റ്റും എഴുതി വരുന്നത്,'
'വിഷ്ണുവിന് അത് വേണമെങ്കിൽ വേറെ നടനെ വെച്ച് ചെയ്യാം. അങ്ങനെയാണെങ്കിൽ ആ നാല് വർഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു. രണ്ടു വർഷം കൊറോണ കൊണ്ടുപോയി. ബാക്കി ഓരോരോ പ്രശ്നങ്ങൾ. ഓരോ ഘട്ടത്തിലും പ്രശനങ്ങൾ ആയതോടെയാണ് എന്നെ സപ്പോർട്ട് ചെയ്യാൻ ഞാൻ തന്നെ വരണമെന്ന് കരുതി നിർമ്മാതാവായത്,'

'ഇതിനെല്ലാം ഉപരി വിഷ്ണുവിന്റെ ഞാൻ മതിയെന്ന കോൺഫിഡൻസും കാരണമായി. അവിടെ നിന്നാണ് ഓരോ കാര്യങ്ങളായി സംഭവിച്ചത്. ഈ ഒരു നിലയിലേക്ക് പെട്ടെന്ന് എത്തണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എനിക്കുണ്ടായ ഭാഗ്യം ഇവരെ പോലെ എന്നിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ കൂടെയുണ്ടെന്നതാണ്. അതുപോലെയാണ് എന്റെ കുടുംബ പ്രേക്ഷകരും. 100 കോടി ക്ലബ്ബിൽ കയറിയാതൊക്കെ കുടുംബ പ്രേക്ഷകർ കാരണമാണ്,'
'സഹായിക്കാൻ പോയിട്ട് പണി കിട്ടിയ സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും എനിക്ക് ആ ശീലങ്ങൾ മാറ്റാൻ പറ്റുന്നില്ല. മറ്റുള്ളവരുടെ പെരുമാറ്റം കൊണ്ട് ഞാൻ എന്റെ ശീലങ്ങൾ മാറ്റണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ ഇങ്ങനെയൊക്കെ ആയത് കൊണ്ടാണ് ഇങ്ങനെയൊക്കെ പോകുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇങ്ങനെയാണ് ഞാൻ,' ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications