'ഞാൻ സിനിമയിൽ എത്താൻ കാരണം രവിയേട്ടൻ, മാളികപ്പുറത്തിന് ശേഷമാണ് അദ്ദേഹവും അതറിയുന്നത്'; ഉണ്ണി മുകുന്ദൻ പറയുന്നു
താൻ സിനിമയിലെത്താൻ നടൻ ടിജി രവി നിമിത്തമായത് എങ്ങനെയെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ
മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ സിനിമയിലേക്ക് എത്തിയ ഉണ്ണി മുകുന്ദൻ ഇന്ന് നടനായും നിർമ്മാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. മാളികപ്പുറം എന്ന സിനിമയിലൂടെ കരിയറിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ ഉൾപ്പടെ കയറി ഉണ്ണി മുകുന്ദൻ മുന്നോട്ട് കുതിക്കുകയാണ്.
തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് ആണ് ഉണ്ണി മുകുന്ദനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. 2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011 ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

ലോഹിതദാസ് ആണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് ഉണ്ണി മുകുന്ദൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ലോഹിതദാസിലേക്ക് എത്താൻ കാരണമായത് നടൻ ടി ജി രവിയാണ് എന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം താൻ പറഞ്ഞപ്പോഴാണ് അദ്ദേഹവും അത് അറിയുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കൗമുദി ടിവിയിലെ നാലാമിടം എന്ന അഭിമുഖ പരിപാടിയിൽ ആണ് നടൻ ഇക്കാര്യം പറഞ്ഞത്.
'സിനിമയിലേക്ക് പെട്ടെന്നായിരുന്നു. എനിക്ക് ആർട്സിനോട് വളരെ താൽപര്യമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ലിറ്ററേച്ചർ താൽപര്യമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു. സിനിമയിലേക്ക് എത്തണമെന്ന് വീട്ടിലൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ വഴിത്തിരിവാകുന്നത് ലോഹിതദാസ് സാറിന് ഞാൻ അയച്ച ഒരു കത്ത് കാരണമാണ്,' ഉണ്ണി പറഞ്ഞു.
'അതിൽ വേറെയൊരു സംഭവവും ഉണ്ട്. മാളികപ്പുറം സിനിമയിൽ ടി ജി രവി സാർ അഭിനയിച്ചിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. സിനിമ ഹിറ്റായെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹം എന്നെ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഉണ്ണി എന്നൊക്കെ അദ്ദേഹം പറഞ്ഞു,'
'ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ അത് പറയാനല്ല വിളിച്ചത്. രവി ചേട്ടന് ഇത് അറിയുമോയെന്ന് അറിയില്ല. പക്ഷെ രവിയേട്ടൻ കാരണമാണ് ഞാൻ സിനിമയിൽ എത്തിയത്. ഞാൻ ഇത് വേറെ എവിടെയും പറഞ്ഞിട്ടില്ല. അച്ഛനോട് ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ തൃശ്ശൂരിലെ അച്ഛന്റെ സുഹൃത്തുക്കളെയാണ് ആദ്യം വിളിച്ചത്,'
'അതിൽ ഗംഗാധരൻ എന്നൊരു അങ്കിളിനെ വിളിച്ചപ്പോൾ തൃശ്ശൂരിലെ സിനിമാക്കാരെ ആരെയെങ്കിലും വിളിച്ചാൽ നല്ലതായിരിക്കും എന്ന് പറഞ്ഞു. അങ്ങനെ ലോഹിതദാസ് സാറിന്റെ വിലാസം കിട്ടാൻ ഗംഗാധരൻ അങ്കിൾ വിളിച്ചത് ടി ജി രവി ചേട്ടനെ ആയിരുന്നു. അവർ സുഹൃത്തുക്കൾ ആയിരുന്നു. ആർക്കാണ് എന്നൊന്നും പറഞ്ഞില്ല, പക്ഷെ അദ്ദേഹമാണ് ലോഹിസാറിന്റെ വീട്ടിലെ അഡ്രസ് തന്നത്,'
'അങ്ങനെ ആ അഡ്രസിലേക്ക് ആണ് ഞാൻ കത്തയച്ചത്. അവസാനം എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയിൽ ടി ജി രവി ചേട്ടനും അഭിനയിച്ചു. അദ്ദേഹമാണ് അതിന് നിമിത്തമായത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

'എന്റെ സിനിമയിലും ജീവിതത്തിലുമെല്ലാം ഇങ്ങനെ എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെ സഹായം ഉണ്ടായിട്ടുണ്ട്. ഒരു സിനിമ 100 കോടി അടിക്കുക. അതിനപ്പുറം ആളുകൾ അത് കണ്ട് കണ്ണു നിറഞ്ഞ് അയ്യപ്പ എന്നൊക്കെ വിളിക്കുക. അതൊക്കെ വലിയ കാര്യമാണ്. സിനിമയുടെ റിലീസിന് മുന്നേ ഞാൻ പറഞ്ഞിരുന്നതാണ് അങ്ങനെ ഒരു ഇഷ്ടം നമ്മുക്ക് കിട്ടുമെന്ന്,'
'ലോഹി സാർ ഉൾപ്പടെ എല്ലാവരുടെയും നല്ല മനസ്, അവർക്ക് എന്നിൽ എന്തോ കോൺഫിഡൻസ് കാണിക്കാൻ തോന്നി. അന്ന് അതിന് പ്രത്യേകിച്ച് കാരണം ഒന്നുമുണ്ടായില്ല. ഇവൻ നല്ല പയ്യനാണ് ഇവനെ വെച്ച് സിനിമ എടുക്കൂ എന്നൊന്നും പറയാൻ ആരുമുണ്ടായില്ല. എന്റെ 18-ാം വയസ്സിൽ അവരെയൊക്കെ നേരിൽ കാണാൻ പറ്റി. വളരെ മര്യാദയോടെയാണ് അവർ അന്ന് എന്നോട് പെരുമാറിയത്. അതുകൊണ്ട് സിനിമയോട് എനിക്ക് നല്ല അഭിപ്രായമാണ്,' ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications