'സംയുക്ത ഒരു വയസുള്ളപ്പോൾ എന്നെ വിളിച്ച പേര്! ഇന്ന് മോഹൻലാലും കാവ്യയും വരെ അതാണ് വിളിക്കുന്നത്': ഊർമിള ഉണ്ണി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഊർമിള ഉണ്ണി. അമ്മ വേഷങ്ങളിലൊക്കെയായി മലയാള സിനിമകളിലും സീരിയലുകളിലും എല്ലാം തിളങ്ങി നിന്നിട്ടുള്ള താരമാണ് ഊർമിള. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയും എഴുത്തുകാരിയുമായ ഊര്‍മിള ഉണ്ണി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഊർമിള സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല താരം. മകൾ ഉത്തര ഉണ്ണിയും അഭിനയത്തിലേക്ക് എത്തിയിരുന്നു. എന്നാൽ വിവാഹത്തോടെ ഉത്തരവും അഭിനയം വിടുകയായിരുന്നു. ഇപ്പോൾ സ്വന്തമായി ഒരു പെർഫ്യൂം ബിസിനസും ഊർമിള നടത്തുന്നുണ്ട്. അതിൽ തിരക്കുകളിൽ ഒക്കെയാണ് നടി. എന്നാലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ ഇടവേളയെടുക്കാറില്ല.

നടി സംയുക്ത വർമ്മയുടെ വിശേഷങ്ങൾ പോലും ഇടയ്ക്ക് ഊര്മിളയിൽ കൂടിയാണ് ആരാധകർ അറിയാറുള്ളത്. സംയുക്തയുടെ ചെറിയമ്മയാണ് താരം. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഊർമിള ഉണ്ണി നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. അഭിമുഖത്തിൽ സംയുക്തയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സംയുക്ത കുഞ്ഞായിരിക്കുമ്പോൾ തനിക്ക് ഇട്ട പേരും അത് ഇന്ന് മോഹൻലാൽ ഉൾപ്പടെയുള്ളവർ വിളിക്കുന്ന പേരായി മാറിയതിനെ കുറിച്ചുമാണ് ഊർമിള പറയുന്നത്. വിശദമായി വായിക്കാം.
'സംയുക്തയെ ഞങ്ങൾ ചിന്നൂട്ടി എന്നാണ് വിളിക്കുക. സംയുക്ത എന്നെ താത്താത്തേയ് എന്നാണ് വിളിക്കുക. ആ പേര് വന്നതിൽ പറഞ്ഞ് തുടങ്ങാം. സംയുക്ത ചെറിയ കുട്ടി ആയിരിക്കുമ്പോൾ, ഏതാണ്ട് മുട്ടിലൊക്കെ നീന്തുന്ന ഒരു വയസിന് അടുത്ത് പ്രായമുള്ളപ്പോൾ എന്റെ ഡാൻസ് കണ്ട് 'താതെയ് തത്തേയ്' എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഡാൻസ് ചെയ്യുന്നു എന്ന രീതിയിൽ. അങ്ങനെ താത്താത്തേയ് എന്ന പേര് എനിക്ക് വീണു. പിന്നെ അന്ന് മുതൽ എന്നെ വിളിക്കുന്നത് ആ പേരിലാണ്,'
'എന്തിന് അധികം പറയണം, മോഹൻലാൽ വരെ വിളിക്കുന്നത് താത്താത്തേയ് എന്നാണ്. അവർ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നൊരു സിനിമ ചെയ്തിരുന്നു. അപ്പോഴൊക്കെ ചിന്നു എന്നെ കുറിച്ച് പറയുമ്പോൾ താത്താത്തേയ് അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. അപ്പോൾ ഒരിക്കൽ മോഹൻലാൽ പറഞ്ഞു, എപ്പോഴും ഒരു താത്താത്തേയ് എന്ന്. അങ്ങനെയാണ് സിനിമയിലുള്ളവരുടെ അടുത്തും ആ പേര് വന്നത്,'
'കുറെ പേരുണ്ട് എന്നെ താത്താത്തേയ് എന്ന് വിളിക്കുന്നവർ. അടുപ്പമുള്ളവർ ഒക്കെ അങ്ങനെയാണ് വിളിക്കുന്നത്. കാവ്യാ മാധവൻ, ബിജു മേനോൻ, ബിജുവിന്റെ വീട്ടുകാര്, അവരുടെ വീട്ടിലെ ഡ്രൈവർ അടക്കമുള്ളവർ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. അങ്ങനെ ഒരു രസകരമായ പേര് എനിക്ക് വീണു കിട്ടിയിട്ടുണ്ട്,' എന്നാണ് ഊർമിള ഉണ്ണി പറഞ്ഞത്.
അതേസമയം, അഭിനയത്തെക്കാളും ഡാൻസിനേക്കാളും തനിക്ക് ഇഷ്ടം എഴുത്തിനോട് ആണെന്നും ഊർമിള അഭിമുഖത്തിൽ പറയുന്നുണ്ട്. അവിടെന്നും ഇവിടെന്നും കിട്ടുന്ന ഓരോ കാര്യങ്ങളും തന്റെ അനുഭവങ്ങളും ഒക്കെയാണ് എഴുതാറുള്ളത് എന്ന് ഊർമിള പറഞ്ഞു. കാവ്യാ മാധവനിൽ തനിക്ക് ഒരു എഴുത്തുകാരി ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ഊർമിള അഭിമുഖത്തിൽ പറയുന്നുണ്ട്.

കാവ്യ എന്റെ പുസ്തകം വായിച്ചിട്ട്. ഓരോ ആർട്ടിക്കിളിനെ കുറിച്ചും എന്നെ വിളിച്ചു പറഞ്ഞു. കാവ്യ സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അത്. ആ കുട്ടയിൽ ഒരു എഴുത്തുക്കാരിയുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. അതൊക്കെ ഒരുപാട് സന്തോഷം നൽകിയ കാര്യങ്ങൾ ആണെന്നാണ് ഊർമിള പറഞ്ഞത്.
അതേസമയം, ഇപ്പോൾ അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് സംയുകതയും അതുപോലെ കാവ്യാ മാധവനും. താരപത്നിമാർ ആയതോടെയാണ് ഇരുവരും അഭിനയം വിട്ടത്. സിനിമ വിട്ടത് സംയുകതയുടെ തീരുമാനം ആയിരുന്നുവെന്ന് ബിജു മേനോൻ മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമ ചെയ്യണമെങ്കിൽ ആൾക്ക് ചെയ്യാമെന്നും ബിജു വ്യക്തമാക്കിയിരുന്നു. അതേസമയം, ദിലീപിനെ വിവാഹം കഴിച്ചതോടെയാണ് കാവ്യ സിനിമ വിട്ടത്. രണ്ടു നടിമാരുടെയും തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











