അവസാനം വരെ മിനിച്ചേച്ചി ആഗ്രഹിച്ചത്; ജീവിച്ചിരിക്കുമ്പോഴില്ലാത്ത അംഗീകാരം മരണശേഷം എന്തിനാണ്?'
മലയാള സിനിമയുടെ തീരാനഷ്ടമാണ് കല്‍പ്പന. ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചുമല്ലൊം നിറഞ്ഞു നിന്നിരുന്ന പ്രതിഭയായിരുന്നു കല്‍പ്പന. കോമഡി വേഷങ്ങളിലൂടെയാണ് കല്‍പ്പന മലയാളസിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഗൗരവ്വമുള്ള വേഷങ്ങള്‍ അധികം കല്‍പ്പനയെ തേടിയെത്തിയിട്ടില്ല. എങ്കിലും ലഭിച്ചതിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഇപ്പോഴിതാ കല്‍പ്പനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് സഹോദരിയും നടിയുമായ ഉര്‍വ്വശി. കല്‍പ്പനയ്ക്ക് അര്‍ഹമായ വേഷങ്ങള്‍ മലയാള സിനിമയില്‍ നിന്നും ലഭിച്ചില്ലെന്നാണ് ഉര്‍വ്വശി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വ്വശി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അമ്മ നന്നായി ഹാസ്യം എഴുതുമായിരുന്നു. ആ പ്രതിഭ അതുപോലെ മിനിച്ചേച്ചിയ്ക്കും കിട്ടിയെന്നാണ് ഉര്‍വ്വശി പറയുന്നത്. സ്‌കൂളിലും കോളേജിലുമൊക്കെ മിമിക്രിക്കും മോണോ ആക്ടിനുമൊക്കെ കല്‍പ്പന പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യും. തന്റെ മിനിച്ചേച്ചിയും തോളിലേറ്റി ആഘോഷത്തോടെ പോകുന്ന സഹപാഠികളെ കണ്ടിട്ടുണ്ടെന്നും ഉര്‍വ്വശി പറയുന്നു. മിനിച്ചേച്ചിയ്ക്ക് വന്ന അവസരങ്ങളിലൂടേയാണ് താനും കലച്ചേച്ചിയും സിനിമയിലേക്ക് എത്തുന്നതെന്നും ഉര്‍വ്വശി പറയുന്നു. അതേസമയം കല്‍പ്പനയുടെ കഴിവിനൊത്തെ വേഷങ്ങള്‍ മലയാള സിനിമയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ഉര്‍വ്വശി പറയുന്നുണ്ട്.
''മിനിച്ചേച്ചിയ്ക്ക് അവളുടെ കഴിവിനൊത്തെ കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. അവസാനം വരെ അവള്‍ ആഗ്രഹിച്ചത് സീരിയസ് കഥാപാത്രങ്ങളെ ആയിരുന്നു. തമിഴില്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും മലയാളത്തില്‍ അതുണ്ടായില്ല'' എന്നാണ് ഉര്‍വ്വശി പറയുന്നത്. പകല്‍ നക്ഷത്രങ്ങളും ചാര്‍ലിയും പോലുള്ള അപൂര്‍വ്വം സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ കോമഡി താരം എന്ന ഇമേജിന്റെ കൂട്ടില്‍ അകപ്പെട്ടു പോവുകയായിരുന്നു കല്‍പ്പന എന്നാണ് ഉര്‍വ്വശി പറയുന്നു.
അതേസമയം താനും അതേ കൂട്ടില്‍ അടഞ്ഞു പോകേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കല്‍പ്പനയുടെ വേഷത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നാണ് ഉര്‍വ്വശി പറയുന്നത്. അവള്‍ അത്ര മികവോടെ ചെയ്ത കഥാപാത്രമാണ്. എനിക്കത് വഴങ്ങില്ലെന്നായിരുന്നു ഉര്‍വ്വശിയുടെ വിശദീകരണം.

''മരണശേഷം ഒരുപാട് അംഗീകാരങ്ങള്‍ അവളെ തേടിയെത്തി. പക്ഷെ അത്തരം പരിപാടികളുമായൊന്നും ഞാന്‍ സഹകരിച്ചില്ല. മുമ്പ് ഞാന്‍ അവാര്‍ഡ് വാങ്ങിയ പല വേദികളിലും അവള്‍ക്ക് കോമഡി അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. മിനിച്ചേച്ചി അങ്ങനെ ഒതുങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല. ജീവിച്ചിരിക്കുമ്പോഴില്ലാത്ത അംഗീകാരം മരണശേഷം എന്തിനാണ്?'' എന്നാണ് ഉര്‍വ്വശി ചോദിക്കുന്നത്.
ബാലതാരമായാണ് കല്‍പ്പന സിനിമയിലെത്തുന്നത്. മുന്നൂലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും കല്‍പ്പന സ്വന്തമാക്കിയിട്ടുണ്ട്. 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കല്‍പ്പനയെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. 2016ല്‍ ഹൈദരാബാദില്‍ വച്ചായിരുന്നു കല്‍പ്പന മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. എന്നും എപ്പോഴുമാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.


Click it and Unblock the Notifications