മോശമായി പെരുമാറിയ മുതിര്‍ന്ന നടന്റെ കരണത്തടിച്ചു; അയാള്‍ കാലില്‍ വീണു; ആശ്വസിപ്പിച്ചത് ലാലേട്ടന്‍
തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കിട്ട് നടി ഉഷ ഹസീന. ഒരു മുതിര്‍ന്ന നടന്‍ ലിഫ്റ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് ഉഷയുടെ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് ഉഷ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന സംവിധായകന്‍ തുളസീദാസിനെതിരേയും ഉഷ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് താരം നടനെതിരെ രംഗത്തെത്തുന്നത്.
എല്ലാവരും ആരാധിച്ചിരുന്ന മുതിര്‍ന്ന നടനില്‍ നിന്നുണ്ടായ അനുഭവം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും താന്‍ ഇയാളുടെ കരണത്തടിച്ചുവെന്നുമാണ് ഉഷ പറയുന്നത്. അതേസമയം ഈ നടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും ഉഷ പറയുന്നു. 1992ലായിരുന്നു സംഭവം നടന്നത്. താരങ്ങളുടെ ഗള്‍ഫ് ഷോയ്ക്കിടെയായിരുന്നു സംഭവമെന്നും ഉഷ പറയുന്നുണ്ട്.

ഈ സംഭവത്തോടെ തന്നെ അഹങ്കാരിയായി മുദ്രകുത്തിയെന്നും തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും ഉഷ പറയുന്നുണ്ട്. നടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാലാണ് പേര് പറയാത്തതെന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്തിനെന്ന് ചോദിക്കുന്നവരോട് താന്‍ അന്നു തന്നെ പ്രതികരിച്ചിരുന്നുവെന്നാണ് ഉഷ പറയുന്നത്. അന്ന് താന്‍ പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും താരം പറയുന്നു.
'' ബഹ്‌റൈനില്‍ ഒരു ഷോ കഴിഞ്ഞ് ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. എല്ലാവര്‍ക്കും നല്ല ക്ഷീണമുണ്ട് . സാധനങ്ങളെല്ലാം എടുത്ത് വരാന്‍ മോഹന്‍ലാല്‍ പറഞ്ഞു. മോനിഷ, രേവതി, സുകുമാരി എന്നിവരെല്ലാമുണ്ട്. ഞാന്‍ ലഗേജെടുത്ത് ലിഫ്റ്റിലേക്കു വന്നു. ഈ നടനുമുണ്ട് ലിഫ്റ്റില്‍. താഴോട്ടാണോ എന്നു ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ ലിഫ്റ്റില്‍ കയറി. ലിഫ്റ്റ് അടഞ്ഞതും അയാള്‍ വളരെ മോശമായി എന്നോടു പെരുമാറി. ഞാനയാളെ അടിച്ചു. അപ്പോഴേക്കും ലിഫ്റ്റ് അടുത്ത നിലയിലെത്തി'' എന്നാണ് ഉഷ സംഭവത്തെക്കുറിച്ച് പറയുന്നത്.
പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് ആ നടന്‍ തന്റെ കാലില്‍ വീണുവെന്നാണ് ഉഷ വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ താഴെ ചെന്ന് എല്ലാവരോടുമായി ഇക്കാര്യം പറഞ്ഞു. പന്നാലെ മോഹന്‍ലാല്‍ വന്ന് തന്നോട് കാര്യം തിരക്കിയെന്നും മോഹന്‍ലാലും സുകുമാരിയമ്മയുമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും ഉഷ പറയുന്നുണ്ട്. നീ അന്നേരം തന്നെ പ്രതികരിച്ചത് നന്നായെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും താരം ഓര്‍ക്കുന്നുണ്ട്.

പിന്നാലെ സംഭവത്തെക്കുറിച്ച് ഉഷ താരസംഘടനയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ അഹങ്കാരിയെന്ന് മുദ്രകുത്തുകയാണുണ്ടായതെന്നാണ് ഉഷ പറയുന്നത്. സൂപ്പര്‍ സ്റ്റാറുകളോട് കൈ ചൂണ്ടി സംസാരിക്കുന്ന ആളാണെന്നൊക്കെ തന്നെക്കുറിച്ച് പ്രചരിപ്പിച്ചു. അതോടെയാണ് തനിക്ക് സിനിമയില്ലാതാകുന്നതെന്നും ഉഷ പറയുന്നു.
സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉഷ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് രാത്രി 11 മണിയ്്ക്ക് മുറിയിലേക്ക് വിളിപ്പിച്ചുവെന്നാണ് ഉഷ പറയുന്നത്. താന്‍ പോയില്ല. ഇതേക്കുറിച്ച് ചിത്രത്തിലെ നായകന്മാരായ മുകേഷിനോടും സിദ്ധീഖിനോടും പറഞ്ഞപ്പോള്‍ അവര്‍ പരിഹസിച്ച് ചിരിക്കുകയാണുണ്ടായതെന്നും ഉഷ പറയുന്നു.


Click it and Unblock the Notifications