ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ പലര്‍ക്കും ജോണും ഈശോയുമാകാന്‍ പൂതി തോന്നും; കയ്യടിച്ച് ശ്രീകുമാര്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തു നിന്ന സിനിമയായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും മീനയുമാണ് നായികമാര്‍. ഫണ്‍ മൂഡിലൊരുക്കിയ എന്റര്‍ടെയ്‌നര്‍ ആണ് ബ്രോ ഡാഡി. ചിത്രത്തിന് മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എഴുതിയ സിനിമ, ലാലേട്ടന്‍, പൃഥ്വി എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെടാന്‍ സാധിക്കുന്ന സിനിമ എന്നു പറഞ്ഞു കൊണ്ടാണ് ശ്രീകുമാര്‍ കുറിപ്പ് ആരംഭിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം.അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്‌സിന്റെ കുര്യന്റെ സ്ഥാനത്തു നിന്ന്. നീ ഇതെല്ലാം എന്നില്‍ നിന്ന് മറച്ചു വച്ചത് ഞാന്‍ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യന്റെ ചോദ്യം ഹൃദയത്തില്‍ പതിഞ്ഞു.ശ്രീജിത് പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകള്‍ സുഹൃത്തുക്കളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം.

പിടപിടക്കുന്ന ക്ലൈമാക്‌സുകള്‍ ലാലു അലക്‌സ് മുന്‍പും തന്നിട്ടുണ്ട്. കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരന്‍ സാര്‍ വരെ സിനിമയെ ജീവിപ്പിച്ചു. പവിത്രം സിനിമയില്‍ നിന്ന് ബ്രോഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം. ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പലര്‍ക്കും ജോണും ഈശോയുമാകാന്‍ പൂതി തോന്നും. ബ്രോഡാഡി പല ഭാഷകളിലേയ്ക്കും പരക്കും- ഉറപ്പ്. ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും?
Recommended Video

നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ. മകള്‍ ലക്ഷ്മി എഴുതിയ ഗാനം സിനിമയില്‍ കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ...
സിനിമയിലെ എല്ലാ അംശങ്ങളും ആശയത്തോട് അഴകോടെ ഇഴുകി ചേര്‍ന്ന ക്ലീന്‍ എന്റര്‍ടെയ്‌നര്‍. കുര്യനെ പോലെ പരസ്യക്കമ്പനിയുമായി ജീവിക്കുന്ന ഒരാളാണ് ഞാനും. എനിക്കയാളെ നന്നായി മനസിലായി.
സ്‌നേഹം ലാലേട്ടന്‍, പൃഥി, ആന്റണി... മക്കള്‍ക്കൊപ്പം ജനിക്കുന്ന മാതാപിതാക്കളെ ഇങ്ങനെ തൊട്ടടുത്തു തന്നതിന്.
ഇക്കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിലുള്ള മെച്ചപ്പെടലിന് #ബ്രോഡാഡി നമ്മെ സഹായിക്കും- തീര്‍ച്ച എന്നു പറഞ്ഞാണ് ശ്രീകുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











