തരേണ്ടതൊന്നും തരുന്നില്ലല്ലോ! ഹിറ്റ് സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം; സിനിമ വിട്ടതിനെപ്പറ്റി വീണ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിനിമാ രംഗത്തു നിന്നും നേരിടേണ്ടി വന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടെത്തുന്നത്. മുന്‍നിര നടന്മാരായ സിദ്ധീഖ്, മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, സംവിധായകരായ വികെ പ്രകാശ്, തുളസീദാസ് തുടങ്ങിയവര്‍ക്കെതിരെ സ്ത്രീകള്‍ പരാതികളുമായി എത്തിയിട്ടുണ്ട്.
ഇതിനിടെ ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം പങ്കിടുകയാണ് നടിയും അവതാരകയുമായിരുന്നു വീണ എസ് നായര്‍. അവതാരകയായി കയ്യടി നേടിയ വീണ ഇപ്പോള്‍ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമൊക്കെയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. താന്‍ സിനി ഉപേക്ഷിക്കാനുണ്ടായ കാരണമാണ് വീണ തുറന്ന് പറയുന്നത്. ന്യൂസ് 18 കേരളയോടായിരുന്നു വീണയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ഞാന്‍ ഒരു ടെലി ഫിലിമില്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ പ്രശസ്തനായൊരു സംവിധായകന്റെ ടെലി ഫിലിം ആയിരുന്നു അത്. അതിന് ശേഷം ഞാന്‍ അവതാരകയായി. രണ്ട് വര്‍ഷക്കാലം ഏഷ്യാനെറ്റ് പ്ലസിലെ മിസ്റ്റ് എന്ന പരിപാടിയുടെ അവതാരകയായിരുന്നു. അതിന് ശേഷം ഒരു സിനിമ ചെയ്തു. സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ലോ അക്കാദമി എന്‍ട്രന്‍സ് എഴുതുന്നത്. അങ്ങനെ അഡ്മിഷന്‍ കിട്ടുകയും ആ വഴിയിലൂടെ പോവുകയുമായിരുന്നു.
സിനിമ കരിയര്‍ ആക്കണമെന്നോ അതുമായി മുന്നോട്ട് പോകുവാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെ ഞാനൊരു സംവിധായകന്റെ കാര്യം സൂചിപ്പിച്ചുവല്ലോ. വളരെ പ്രശസ്തനായൊരു സംവിധായകനാണ് അദ്ദേഹം. ആ സമയത്ത് അദ്ദേഹം തന്നെ അവതരിപ്പിച്ചൊരു നായിക, സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ ഹിറ്റായി നില്‍ക്കുന്നുണ്ട്. ആ സമയത്താണ് ഞാന്‍ ആ പ്രൊജക്ടിലേക്ക് വരുന്നത്.
എന്നോട് ഫോണില്‍ സംസാരിച്ചപ്പോള്‍, നേരിട്ടല്ലെങ്കില്‍ കൂടിയും, സുഖകരമല്ലാത്തൊരു അനുഭവമുണ്ടായി. നിങ്ങള്‍ വേണ്ടതൊന്നും തരത്തില്ലല്ലോ എന്നു പറഞ്ഞു. ഞാന്‍ ഉടനടി മറുപടി നല്‍കി. സാറിന്റെ വീട്ടില്‍ ഭാര്യയില്ലേ എന്ന് ചോദിച്ചു. എനിക്ക് അന്ന് 15 വയസാണ്. എന്തുകൊണ്ടാണ് അങ്ങനെ തിരിച്ച് ചോദിച്ചതെന്നൊന്നും എനിക്കറിയില്ല. വായില്‍ അങ്ങനെ വന്നു. അത് കഴിഞ്ഞ സിനിമയിലേക്ക് വന്നപ്പോള്‍ എനിക്ക് ഇതിനെ കരിയര്‍ ആക്കണമെന്ന് തോന്നുന്ന സാഹചര്യമുണ്ടായില്ല.
ഒരുപക്ഷെ എന്റെ മനസില്‍ ഇങ്ങനൊരു അനുഭവം കിടക്കുന്നതു കൊണ്ടാകാം. മുന്നോട്ട് സിനിമ അന്വേഷിച്ചു പോകുമ്പോള്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ക്കുള്ള സാധ്യതയുണ്ടാകുമെന്ന തോന്നലുമായിരിക്കാം. ഞാന്‍ പിന്നീട് അത്തരം അവസരങ്ങള്‍ തേടി പോയിട്ടില്ല. നമുക്ക് അനുയോജ്യമായ അന്തരീക്ഷം ആയിരുന്നുവെങ്കില്‍ നമ്മള്‍ പാഷന് പിന്നാലെ പോവുമായിരുന്നു. എനിക്കാ പാഷന്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഞാന്‍ തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.

ആ സമയത്ത് ഞാന്‍ അവതാരകയെന്ന നിലയില്‍ വലിയ തിരക്കിലായി. ഒരുപാട് അവസരങ്ങള്‍ തേടി വന്നു. കുറേക്കൂടി സുരക്ഷിതമായ മേഖലയാണ്. ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ഞാന്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കുകയും ചെയ്തു. ആ സമയത്ത് തന്നെ കേരളത്തിലെ സുപ്രധാന ചാനലുകളിലെല്ലാം ഞാന്‍ അവതാരകയായിരുന്നു. അതില്‍ ഞാന്‍ സംതൃപ്തയുമായിരുന്നു. അതുകൊണ്ടുമായിരിക്കാം.
മുകേഷിനെതിരെ കേസ് എടുത്തുവെന്നത് നല്ല കാര്യം. പക്ഷെ, കേസ് കൊണ്ടോ നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റി നിര്‍ത്തിയതു കൊണ്ടോ ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ സാധിക്കില്ല. അദ്ദേഹം എംഎല്‍എയാണ്. ജനപ്രിതിനിധിയായ ഒരാള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. പ്രത്യേകിച്ചും ഭരണകക്ഷിയുടെ എംഎല്‍എ ആയിരിക്കുന്നൊരാള്‍ ആകുമ്പോള്‍.


Click it and Unblock the Notifications











