'ജോലിക്കാരി എന്നെ കണ്ടതും 'അയ്യോ' എന്ന് പറഞ്ഞ് വാതിലടച്ചു! പിന്നെ വാതിൽ തുറന്നിട്ടില്ല': ടി.ജി രവി
ഒരുകാലത്ത് മലയാളി പ്രേക്ഷകരെ വിറപ്പിച്ച വില്ലനാണ് ടി.ജി രവി. കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു നടൻ. ഇന്നും ടി.ജി രവിയെന്ന പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്ത് ഫലിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളാകും പ്രേക്ഷകർക്ക് ഓർമ്മ വരുക. ഇന്നും സിനിമകളിൽ സജീവമാണ് അദ്ദേഹം. എന്നാൽ അടുത്തിടെയായി കൂടുതലും ക്യാരക്ടർ റോളുകളാണ് രവിയെ തേടി എത്തുന്നത്.
1974 ൽ ഉത്തരായണം എന്ന സിനിമയിലൂടെ ആയിരുന്നു ടി.ജി രവിയുടെ അരങ്ങേറ്റം. ജയനൊപ്പം അഭിനയിച്ച ചാകര എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് നിരവധി വില്ലൻ വേഷങ്ങൾ നടനെ തേടി എത്തുന്നത്. അതേസമയം, തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്തത് മൂലം ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ടി.ജി രവി.

സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടുത്തെ ജോലിക്കാരി തന്നെക്കണ്ട് പേടിച്ചു വാതിലടച്ചു കളഞ്ഞതും ലിഫ്റ്റിൽ തന്നെ കണ്ട രണ്ട് പെൺകുട്ടികൾ പേടിച്ചിറങ്ങിപ്പോയ സംഭവത്തെ കുറിച്ചുമൊക്കെയാണ് നടൻ പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്',
'അവർ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്ത് നിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സർ പുറത്ത് പോയെന്ന്', ടി.ജി രവി ഓർത്തു.
'എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. ഓഫീസിലെ ജോലിക്കാരായിരുന്നു ആ രണ്ട് പെൺകുട്ടികളും. എനിക്ക് മനസിലായി അവരെന്നെ കണ്ടിട്ടാണ് പേടിച്ചതെന്ന്', അദ്ദേഹം പറഞ്ഞു.
നടി സീമയുമായുള്ള സൗഹൃദത്തെ കുറിച്ചും മറ്റു വേഷങ്ങൾ ചെയ്യാനുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും ടി.ജി രവി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഒരുപാട് നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നല്ല നടിമാരായിരുന്നു. എന്നാൽ വ്യക്തിപരമായി കൂടുതൽ അടുപ്പമുണ്ടായിരുന്നത് സീമയായുമായിട്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്.

സീമയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ വളരെ ക്ലോസ് ആയിട്ടാണ് ബിഹേവ് ചെയ്യുക. അവരുമായ് ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഐ.വി. ശശിയുടെ സിനിമകൾ സ്ഥിരമായി ചെയ്തിരുന്ന സമയമുണ്ടായിരുന്നു. മിക്ക സിനിമകളിലും സിമയും ഉണ്ടാവുമായിരുന്നു. ഒരു കോ ആർട്ടിസ്റ്റ് എന്നതിനപ്പുറത്ത് നല്ല സൗഹൃദമായിരുന്നു സീമയുമായിട്ടെന്ന് ടി.ജി രവി പറഞ്ഞു. സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ താൻ പ്രത്യേകിച്ച് അതിനുവേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആനപ്പറമ്പിലെ വേൾഡ് കപ്പ്, കൂമൻ, മാളികപ്പുറം തുടങ്ങിയ സിനിമകളിലാണ് ടി.ജി രവി അവസാനമായി അഭിനയിച്ചത്. ഇതിൽ മാളികപ്പുറത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications











