ഒരുങ്ങി ചെല്ലും, എല്ലായിടത്തും റിജക്ഷന്‍ മാത്രം; വെല്ലുവിളികള്‍ക്കിടെ തിരിച്ചുവരാന്‍ ശ്രമിച്ച് വെട്ടം നായിക
വര്‍ഷങ്ങളോളം സിനിമകള്‍ ചെയ്താലും ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ ചിലപ്പോള്‍ പറ്റിയെന്ന് വരില്ല. കഴിവുണ്ടായിട്ടും നല്ല അവസരങ്ങള്‍ ലഭിക്കാതെ പോയവര്‍ നിരവധിയാണ്. ചിലര്‍ക്ക് തങ്ങളുടേതായൊരു ഇടം കണ്ടെത്താന്‍ ഒരുപാട് കാലം വേണ്ടി വരും. അതേസമയം മറ്റ് ചിലര്‍ക്കാകട്ടെ ഒരൊറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ എന്നന്നേക്കുമായൊരു ഇടം കണ്ടെത്താനാകും. എത്ര വര്‍ഷം കഴിഞ്ഞാലും അവരെ പ്രേക്ഷകര്‍ മറക്കില്ല.
അങ്ങനെ ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാവ്‌ന പാനി. ആ പേര് പറഞ്ഞാല്‍ ആളെ മനസിലായില്ലെന്ന് വരാം, പക്ഷെ വെട്ടത്തിലെ നായിക എന്ന് പറഞ്ഞാല്‍ ആ മുഖം മനസിലേക്ക് കടന്നു വരും. വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല.

മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് വെട്ടം. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വെട്ടം. കലാഭവന്‍ മണി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, ബിന്ദു പണിക്കര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇന്നും മലയാളികള്‍ യാതൊരു മടിയും കൂടാതെ കാണുന്ന സിനിമയാണ് വെട്ടം. സമ്മര്‍ദ്ധം കുറയ്ക്കാന്‍, മറ്റെല്ലാം മറന്ന് പൊട്ടിച്ചിരിക്കാന്‍ കാണുന്ന സിനിമ.
ചിത്രത്തിലെ ഭാവ്‌നയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. എന്നാല്‍ പിന്നീട് ഒരു മലയാള സിനിമയിലും ഭാവ്‌ന അഭിനയിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍ തന്നെ ഒരുക്കിയ ആമയും മുയലും എന്ന സിനിമയില്‍ ഐറ്റം സോംഗില്‍ ഭാവ്‌ന എത്തിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഭാവ്‌ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ സ്‌പേസ് മോംമ്‌സ് ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
നൃത്ത രംഗത്താണ് ഭാവ്‌ന കൂടുതല്‍ സജീവായത്. ഇപ്പോഴും നൃത്ത രംഗത്തെ നിറ സാന്നിധ്യമാണ് ഭാവ്‌ന. സ്‌റ്റേജ് ഷോകള്‍ക്ക് പുറമെ നാടകങ്ങളും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ഭാവ്‌ന സജീവമാണ്. ഇപ്പോഴിതാ ഭാവ്‌ന പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. അതിനായി ഓഡിഷനുകളില്‍ പങ്കെടുക്കുകയാണ് ഭാവ്‌ന. എന്നാല്‍ പലപ്പോഴും താരത്തിന് റിജക്ഷനുകളാണ് നേരിടേണ്ടി വരുന്നത്. അതേക്കുറിച്ച് രസകരമായൊരു പോസ്റ്റാണ് ഭാവ്‌ന പങ്കുവെക്കുന്നത്.

തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാവനയുടെ പോസ്റ്റ്. ഓഡിഷന് വേണ്ടി അണിഞ്ഞൊരുങ്ങി ഇതുപോലെയാകുന്നു. എന്നിട്ടും നിരസിക്കപ്പെടുന്നു. ഈ ശ്രമങ്ങളില്‍ നിന്നെല്ലാം നല്ലൊരു ഇന്‍സ്റ്റാ പോസ്‌റ്റെങ്കിലും കണ്ടെത്താനാകണം എന്നാണ് ചിത്രങ്ങളോടൊപ്പം ഭാവ്‌ന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വെട്ടം എന്ന സിനിമയും നിങ്ങളുടെ അഭിനയവും ഒരിക്കലും മറക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് ഭാവ്‌ന നന്ദി പറയുന്നുണ്ട്.
മറ്റ് ചിലര്‍ ഭാവ്‌നയ്ക്ക് തിരിച്ചുവരവില്‍ ആശംസകള്‍ നേരുകയാണ്. നല്ല അവസരം വരുമെന്നും കാത്തിരിക്കണമെന്നും നിരാശപ്പെടരുതെന്നും ആരാധകര്‍ പറയുന്നുണ്ട്. ഇതിനിടെ ഭാവ്‌ന ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവ്‌ന തിരികെ വരുന്നത് ഹിന്ദിയിലൂടെയാണ്. മാഡം ഡ്രൈവര്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവ്‌നയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് ഭാവ്‌ന അഭിനയിക്കുന്നത്. മാഡം ഡ്രൈവറിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications