ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ എന്ന് മുകേഷ്; നായരെന്ന് ഇടാമെങ്കില്‍ ഈഴവനെന്നും ഇടാം!
സമൂഹം എത്രയൊക്കെ പുരോഗതി കൈവരിച്ചുവെന്ന് പറഞ്ഞാലും ഇന്നും മാറാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ജാതി എന്നത്. ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് കാണുന്നത് ഇന്നും തുടരുകയാണ്. തൊഴിലിടങ്ങളിലും സ്‌കൂളിലും ആരാധനയിലുമെല്ലാം ജാതി കാണാം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മനുഷ്യ മനസില്‍ ജാതിയുടെ വേരുകള്‍ക്ക്. അതിനെ പൊട്ടിച്ചെറിയാനായി പുരോഗമന ചിന്തയുള്ള മനുഷ്യര്‍ നടത്തുന്ന പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
മാറ്റം എന്നത് അനിവാര്യമായ ഒന്നാണ്. മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. എങ്കിലും നമുക്ക് ഏറെ ദൂരം പോകാനുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മഴവില്‍ മനോരമയുടെ കിടിലം എന്ന റിയാലിറ്റി ഷോയില്‍ നിന്നുമുള്ള വീഡിയോയാണ് ചര്‍ച്ചയായി മാറുന്നത്. ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ് വൈറലാകുന്ന വീഡിയോ. വിശദമായി വായിക്കാം തുടര്‍ന്ന്.

ജനപ്രീയ പരിപാടിയാണ് കിടിലം. തങ്ങളുടെ അസാധാരണ കഴിവുകള്‍ പ്രദര്‍ശിപ്പാക്കാനായി മത്സരാര്‍ത്ഥികള്‍ എത്തുന്ന പരിപാടിയുടെ വിധികര്‍ത്താക്കള്‍ മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവരാണ്. കഴിഞ്ഞ ദിവസം പരിപാടിയില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരാര്‍ത്ഥിയും വിധി കര്‍ത്താക്കളും നടത്തിയ ജാതിവാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പതിവ് പോലെ മത്സരിക്കാനെത്തിയ ഒരാള്‍ തന്റെ പേര് പറയുന്നതോടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. 'എന്റെ പേര് ഓജസ് ഈഴവന്‍, എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്,' എന്നാണ് മത്സരാര്‍ത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ഇടപെടുകയായിരുന്നു. 'ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ,' എന്നായിരുന്നു മുകേഷ് മത്സരാര്‍ത്ഥിയോട് ചോദിച്ചത്. ഇതിന് മത്സരാര്‍ത്ഥി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'പാര്‍വതി നായര്‍, പാര്‍വതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കില്‍ ഓജസ് ഈഴവന്‍ എന്നുമിടാം,' എന്നാണ് ഓജസ് മറുപടി നല്‍കിയത്. ഉടനെ മുകേഷ് മറുപടിയും നല്‍കുന്നുണ്ട്. 'അങ്ങനെ ഇടാം എന്നാലും നമ്മള്‍ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,' എന്നാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം ഓജസിനോടായി സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. ഓജസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പേരിനൊപ്പമുള്ള ജാതിവാലുകളെക്കുറിച്ചുള്ള ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സംഭവം. കേരളത്തില്‍ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവര്‍ണ ജാതി വാലുകള്‍ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, വീഡിയോയിലെ നവ്യ നായരുടെ കമന്റും ചര്‍ച്ചാകുന്നുണ്ട്. സ്വന്തമായി പേര് മാറ്റിയതാണല്ലേ എന്ന് ചോദിക്കുന്ന നവ്യയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. തന്റെ പേര് മാറ്റി നവ്യ നായര്‍ എന്നാക്കിയ താരമാണ് നവ്യ. എന്നിട്ടാണോ ഓജസിനോട് ഇങ്ങനെ ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സംഭവം വലിയൊരു ചര്‍ച്ചയായി മാറുകയാണ്.
അതേസമയം ഇതാദ്യമായല്ല ഈ പരിപാടിയിലെ വീഡിയോ വൈറലാകുന്നത്. നേരത്തെ സന്യാസിമാരെക്കുറിച്ച് നവ്യ നടത്തിയ പരാമര്‍ശവും അതിന് മുകേഷ് നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയായി മാറിയിരുന്നു.


Click it and Unblock the Notifications