മോഹന്‍ലാലും കമലും തമ്മില്‍ വഴക്കായി, ഈ സിനിമ നടക്കില്ലെന്ന് ലാല്‍ പറഞ്ഞു; അന്ന് നടന്നത് വെളിപ്പെടുത്തി വിദ്യ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് വിദ്യ ബാലന്‍. സിനിമാ പാരമ്പര്യമൊന്നുമില്ലാതെയാണ് വിദ്യ സിനിമയിലെത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു വിദ്യയുടെ തുടക്കം.പിന്നീട് സിനിമയിലെത്തുകയും ബോളിവുഡിലെ സൂപ്പര്‍ നായികയായും മാറി. തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു അഭിനയിക്കാനിരുന്ന സിനിമകള്‍ മുടങ്ങിപ്പോയത്.
അഭിനയിച്ച് പൂര്‍ത്തിയാക്കിയതും അഭിനയിച്ചു കൊണ്ടിരിക്കുന്നതുമായ പതിമൂന്ന് സിനിമകളാണ് നിര്‍ത്തിപ്പോയത്. ഇതോടെ വിദ്യയെ പലരും ഭാഗ്യമില്ലാത്ത നായിക എന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. വിദ്യയുടെ തുടക്കം മലയാളത്തിലാകേണ്ടതായിരുന്നു എന്നതും രസകരമായ വസ്തുതയാണ്. മോഹന്‍ലാലിനൊപ്പം ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ ബാലന്‍ അരങ്ങേറാനിരുന്നത്.

എന്നാല്‍ ഈ സിനിമ പിന്നീട് ഉപേക്ഷിച്ചു. മോഹന്‍ലാലും വിദ്യ ബാലനും പകരം പിന്നീട് ഈ ചിത്രത്തിലേക്ക് പൃഥ്വിരാജും മീര ജാസ്മിനും എത്തുകയായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ചക്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ ബാലന്‍.
മോഹന്‍ലാല്‍, ദിലീപ്, കമല്‍ സാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെയ്ത ചിത്രമാണ് ചക്രം. 15 ദിവസം ഷൂട്ട് ചെയ്തു. പിന്നെ മോഹന്‍ലാലും കമല്‍ സാറും തമ്മില്‍ പ്രശ്‌നമുണ്ടായി. അതോടെ അവര്‍ ആ സിനിമ വേണ്ടെന്ന് വച്ചു. ഞാന്‍ പുതിയതായിരുന്നു. അതിനാല്‍ എനിക്ക് ആരേയും അറിയുമായിരുന്നില്ല. മോഹന്‍ലാലിനൊപ്പം സെറ്റില്‍ വരാന്‍ തന്നെ ത്രില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം ഷൂട്ടും ചെയ്തു. പെ്ടടെന്നാണ് അവര്‍ ഷെഡ്യൂള്‍ ഉപേക്ഷിക്കുന്നത്. അടുത്ത മാസം തുടങ്ങാമെന്ന് പറഞ്ഞുവെന്നാണ് വിദ്യ പറയുന്നത്.
മുംബൈയിലേക്ക് തിരിച്ചു വന്നപ്പോഴേക്കും ഓഫറുകള്‍ ലഭിക്കാന്‍ തുടങ്ങി. എന്റെ അമ്മ മലയാളം സിനിമകള്‍ ധാരാളം കാണുമായിരുന്നു. പക്ഷെ ഞങ്ങള്‍ സംവിധായകരെയോ നിര്‍മ്മാതാക്കളെയോ മമ്മൂട്ടിയും മോഹന്‍ലാലും ഉര്‍വ്വശിയും ശോഭനയുമല്ലാതെ ഒരു അഭിനേതാവിനേയും അറിയുമായിരുന്നില്ല. ഇതാണ് സംവിധായകന്‍, ഇത്ര ദിവസം ഷൂട്ടുണ്ട്, നിങ്ങളൊരു വക്കീലാണ് എന്നൊക്കെ നിര്‍മ്മാതാവാണ് പറയുക. ഞാന്‍ ഒരുപാട് സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും വിദ്യ പറയുന്നു.

ആ സമയത്ത് ലാല്‍ സാര്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു, കര്‍ണഭാരം. മുംബൈയിലായിരുന്നു. അദ്ദേഹം ഞങ്ങളെ ഷോയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ പോയി. പക്ഷെ ഷോയ്ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം ചെയ്തത് വളരെ നല്ല കാര്യമായിരുന്നു. ഞാനതിനെ അഭിനന്ദിക്കുന്നു. ചക്രം നടക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ആ സമയത്ത് നടക്കേണ്ടിയിരുന്ന എന്ന ടെലിവിഷന്‍ ഷോയും സംപ്രേക്ഷണം ചെയ്തില്ലെന്നും വിദ്യ പറയുന്നു.
താരയുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പം ഞാനൊരു ഷോ ചെയ്തിരുന്നു. എട്ട് മാസം ഷൂട്ട് ചെയ്തതാണ്. ഞാനന്ന് 11-ാം ക്ലാസിലാണ്. അന്നേ സമ്പാദിക്കാന്‍ തുടങ്ങി. പ്രധാനമായും ഞാന്‍ അഭിനയിക്കാന്‍ തുടങ്ങി. ഒരു ചാനലിന് വേണ്ടിയാണ് ആ ഷോ ചെയ്തത്.പക്ഷെ ആ ചാനല്‍ വന്നില്ല. ആ ഷോ ഒരിക്കലും സംപ്രേക്ഷണം ചെയ്തില്ല. ആ ദിവസങ്ങളില്‍ എന്റെ അമ്മയോടാണ് ഞാന്‍ വഴക്കിട്ടതത്രയും. നമ്മളുടെ ഏറ്റവും പ്രിയപ്പട്ടവരോടായിരിക്കുമല്ല നമ്മളുടെ ദേഷ്യം തീര്‍ക്കുന്നതെന്നും വിദ്യ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications