'നിത്യ സെറ്റിൽ വന്നാൽ ആകെ പ്രശ്നം, ദേഷ്യക്കാരി'; ഞങ്ങൾ ഇരുന്ന് സംസാരിച്ചപ്പോൾ; വിജയ് സേതുപതി പറയുന്നു
തമിഴ് ചിത്രം തലെെവൻ തലെെവി റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന സിനിമ സംവിധാനം ചെയ്തത് പാണ്ഡിരാജ് ആണ്. രണ്ട് ദമ്പതികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഡിവോഴ്സ് ചെയ്യാനാഗ്രഹിക്കുന്നവർ ഈ സിനിമ കണ്ടാൽ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്നാണ് പാണ്ഡിരാജ് പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. പ്രൊമോഷൻ പരിപാടികൾ തുടരുന്നുണ്ട്. ജൂലെെ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തലെെവൻ തലെെവിയിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് വിജയ് സേതുപതിയിപ്പോൾ. നിത്യ മേനേനും സംവിധായകൻ പാണ്ഡിരാജുമായി തനിക്ക് വഴക്കുണ്ടാകുമെന്നാണ് കരുതിയതെന്ന് വിജയ് സേതുപതി പറയുന്നു. വഴക്കുണ്ടാകുമെന്ന് കരുതിയാണ് ഞങ്ങൾ സെറ്റിൽ വന്നത്. എന്നാൽ ഞാനും നിത്യയും സാറും സംസാരിച്ചു. നിത്യയെയും എന്നെയും സാറെയും കുറിച്ചെല്ലാം പലതും പ്രചരിച്ചിട്ടുണ്ട്. നിത്യ വന്നാൽ പ്രശ്നമാണ്, ടോർച്ചറായിരിക്കും, മുൻകോപക്കാരിയാണെന്നെല്ലാം സംസാരമുണ്ട്. വിജയ് സേതുപതി സെറ്റിൽ വന്നാൽ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നെല്ലാം പറയാറുണ്ട്. ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞങ്ങൾ തന്നെ പറഞ്ഞ് ചിരിച്ചെന്ന് വിജയ് സേതുപതി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ പ്രസ് മീറ്റിൽ പാണ്ഡിരാജും ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചു. 75 ദിവസമായിരുന്നു ഷൂട്ടിംഗ് പ്ലാൻ ചെയ്തത്. 73 ദിവസത്തിനുള്ളിൽ തീർന്നു. രണ്ട് ദിവസം കൂടി ഷൂട്ട് ചെയ്യൂ, നമ്മൾക്കൊന്നിച്ചിരിക്കാം എന്ന് നിത്യയും വിജയ് സേതുപതിയും എന്നോട് കെഞ്ചി. കുടുംബം പോലെയായിരുന്നു സെറ്റിലെന്ന് പാണ്ഡ്യരാജ് പറഞ്ഞു. നിത്യയും പ്രസ്മീറ്റിൽ അനുഭവങ്ങൾ പങ്കുവെച്ചു.
ഈ സിനിമ ഷൂട്ട് ചെയ്യുന്നത് എന്റെ ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങളിലൊന്നായിരുന്നു. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഒരുപാട് പേർ ഉണ്ടാകും. എല്ലാവരും ഒരേ വേവ്ലെങ്തിലായിരുന്നു. ഈഗോയില്ലാതെ വളരെ സിംപിളായിരുന്നു എല്ലാവരും. ഒരാളുമായെങ്കിലും പ്രശ്നമുണ്ടായാൽ ആ എക്സ്പീരിയൻസ് പെർഫെക്ട് ആകില്ല. ഈ സിനിമയിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്നും നിത്യ പറഞ്ഞു.

പ്രസ് മീറ്റിൽ താൻ മലയാളി അല്ലെന്നും നിത്യ പറയുന്നുണ്ട്. എന്തുകൊണ്ട് തമിഴിൽ തുടരെ സിനിമകൾ ചെയ്യാതെ മലയാളത്തിൽ സിനിമകൾ ചെയ്യുന്നെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. മലയാളത്തിൽ സിനിമകൾ ചെയ്യുന്നേയില്ല. തിരുച്ചിത്രമ്പലത്തിന് ശേഷം ചെയ്ത സിനിമയാണിത്. മാത്രമല്ല ഞാൻ മലയാളിയല്ല. ബാംഗ്ലൂർകാരിയാണ്. എല്ലാ ഭാഷയും സംസാരിക്കും. തമിഴ് മലയാളത്തേക്കാൾ നന്നായി സംസാരിക്കുമെന്നും നിത്യ പറഞ്ഞു.
ഇതാദ്യമായല്ല താൻ മലയാളി അല്ലെന്ന് നിത്യ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്. മലയാളി കുടുംബമാണെങ്കിലും നിത്യ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. എന്നാൽ മലയാളികളോടുള്ള ദേഷ്യമാണ് നിത്യ പ്രകടിപ്പിക്കുന്നതെന്ന് വാദമുണ്ട്. കരിയറിൽ ഏറ്റവും കൂടുതൽ വിമർശനം നിത്യക്ക് കേട്ടത് മലയാളികളിൽ നിന്നാണ്. മലയാള സിനിമാ ലോകവും ഒരു ഘട്ടത്തിൽ നിത്യയെ മാറ്റി നിർത്തി. നിർമാതാക്കളുടെ സംഘടന നിത്യക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
അഹങ്കാരി, ദേഷ്യക്കാരി എന്നീ ഇമേജുകൾ നിത്യക്ക് നൽകിയത് മലയാള സിനിമാ ലോകമാണെന്ന് സംസാരമുണ്ട്. പ്രേക്ഷകരും നിത്യക്ക് ഇന്ന് മോളിവുഡിൽ വലിയ സ്വീകാര്യത നൽകുന്നില്ല. ഏറ്റവും കൂടുതൽ ട്രോളുകൾ നിത്യക്ക് വന്നത് മലയാളത്തിൽ നിന്നാണ്. മാസ്റ്റർപീസ് എന്ന സീരിസിലൂടെയാണ് നടി മലയാളത്തിൽ ഒടുവിൽ സാന്നിധ്യം അറിയിച്ചത്. മലയാളത്തിൽ നിത്യ വല്ലപ്പോഴുമേ പ്രൊജക്ടുകൾ ചെയ്യാറുള്ളൂ.


Click it and Unblock the Notifications











