ആ സീനിന് ശേഷം പ്രണവ് ആളാകെ മാറി, എന്റെ സങ്കടം കണ്ട് അവനും കരഞ്ഞു: വിജയരാഘവന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയരാഘവന്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ പ്രണവ് മോഹന്‍ലാല്‍ വരെയുള്ളവര്‍ക്കൊപ്പം അഭിനയിച്ച നടനാണ് വിജയരാഘവന്‍. ഇപ്പോഴിതാ ഹൃദയത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് വിജയരാഘവന്‍.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമായിരുന്നു ഹൃദയം. ചിത്രത്തില്‍ പ്രണവിന്റെ നായക കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് വിജയരാഘവന്‍ എത്തിയത്. ചിത്രത്തില്‍ വിജയരാഘവനും പ്രണവ് മോഹന്‍ലാലും ഒരുമിച്ചുള്ള വികാരഭരിതമായ രംഗം ഏറെ ചര്‍ച്ചയായിരുന്നു. ഈ രംഗത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് വിജയരാഘവന്‍ പങ്കുവച്ചിരുന്നത്.

ആ രംഗം ചിത്രീകരിച്ച ശേഷം വിനീത് റെയില്‍വെ സ്റ്റേഷനിലൂടെ ഓടുകയായിരുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം സന്തോഷം കൊണ്ട് വിനീത് ആ റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഓടുകയായിരുന്നു. എനിക്ക് അതിന് മാത്രമൊന്നും ആ സീനില്‍ തോന്നിയില്ല. ആ സീന്‍ മുന്നില്‍ കണ്ടാണ് വിനീത് എന്നെ വിളിച്ചത്. ഈ ഒറ്റ സീന്‍ ചെയ്യാനായിട്ടാണ് ചേട്ടനെ വിളിച്ചിട്ടുള്ളതെന്ന് വിനീത് എന്നോട് പറഞ്ഞു എന്നാണ് വിജയരാഘവന്‍ പറയുന്നത്.
ഇtu ഒരൊറ്റ സീന്‍ കുട്ടേട്ടന്‍ തന്നെ ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നെന്ന് വിനീത് പറഞ്ഞുവെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്. ആ രംഗം സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്നും വിജയരാഘവന്‍ പറയുന്നുണ്ട്. പ്രണവിനെ കെട്ടിപ്പിടിക്കുന്ന രംഗത്തിന് ശേഷം പ്രണവില്‍ മാറ്റമുണ്ടായെന്നും വിനീത് പറഞ്ഞതായി വിജയരാഘവന്‍ പറയുന്നുണ്ട്. കെട്ടിപ്പിടുത്തത്തിന് മുമ്പും ശേഷവുമുള്ള പ്രണവ് രണ്ടും രണ്ടാണെന്നാണ് ക്രൂവിലുള്ളവര്‍ പറഞ്ഞതെന്നാണ് വിജയരാഘവന്‍ പറയുന്നത്.
എന്ത് മാജിക്കാണ് ഞാന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ചെയ്തതെന്ന് വിനീത് എന്നോട് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അത് പക്ഷെ മാജിക്ക് ഒന്നുമല്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്. പിന്നാലെ എന്താണ് ആ രംഗത്തില്‍ നടന്നതെന്നും പ്രണവ് മോഹന്‍ലാലുമായുണ്ടായ അടുപ്പത്തെക്കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്.
അപ്പു ആരുടെ അടുത്തും അധികം സംസാരിക്കാറില്ല. എന്നോടും അങ്ങനെ ആയിരുന്നു. പ്രത്യേകിച്ച് ലാലിന്റെ സുഹൃത്താണല്ലോ ഞാന്‍. അച്ഛന്റെ സുഹൃത്തായ ഒരാളും കൂടിയാകുമ്പോള്‍ സ്വഭാവികമായിട്ടും നമ്മുടെ അടുത്ത് നിന്ന് സ്വല്‍പ്പം അകന്ന് അല്ലെ നില്‍ക്കുക. ആ അകല്‍ച്ച നമ്മള്‍ ഒന്ന് മാറ്റി അത്രയേ അന്ന് സംഭവിച്ചിട്ടുള്ളൂവെന്നാണ് വിജയരാഘവന്‍ പറയുന്നത്.

ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ മോനെയെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ഒന്ന് നോക്കി. ഉണ്ടോയെന്ന് ഞാന്‍ പിന്നെയും ചോദിച്ചപ്പോള്‍ അവന്‍ കൂടെയുള്ള പയ്യനെ വിളിച്ചിട്ട് ഒരു സിഗരറ്റ് എനിക്ക് തരാന്‍ പറഞ്ഞു. ഞാന്‍ അത് കത്തിച്ച് നീ വലിക്കില്ലേയെന്ന് അവനോട് ചോദിച്ചു. അങ്ങനെ കുറച്ച് സംസാരങ്ങള്‍ ഉണ്ടായെന്നും അങ്ങനെ അകലം കുറഞ്ഞുവെന്നാണ് വിജയരാഘവന്‍ പറയുന്നത്.
അവന്‍ എന്നെ ഹഗ് ചെയ്യുമ്പോള്‍ എന്റെ കണ്ണിലേക്ക് തന്നെ നോക്കണമെന്ന് ഞാന്‍ പറഞ്ഞു. കണ്ണിലേക്ക് നോക്കുമ്പോള്‍ എനിക്ക് സങ്കടം വരും അപ്പോള്‍ അവനും സങ്കടം വരും. അത് നാച്ചുറലായിട്ട് ഉണ്ടായതാണ്. എവിടെയോ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു അത് മാറിയെന്ന് മാത്രമേയുള്ളൂവെന്നാണ് ആ രംഗത്തെക്കുറിച്ച് താരം പറയുന്നത്.


Click it and Unblock the Notifications