വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു, അമ്മ മുടി മുറിച്ചു; അമ്മയ്ക്ക് അച്ഛന്‍ നല്‍കിയ വാക്ക്..!
മലയാളികളുടെ പ്രിയ നടനാണ് വിജയരാഘവന്‍. നാടകത്തിലൂടെയാണ് വിജയരാഘവന്‍ സിനിമയിലെത്തുന്നത്. നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ അച്ഛന്റെ കൈ പിടിച്ചാണ് അഭിനയത്തിന്റെ അരങ്ങിലേക്ക് ചുവടുവെക്കുന്നത്.നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയരാഘവന്‍ തിളങ്ങി. തന്റെ 72-ാം വയസിലും നിറഞ്ഞാടുകയാണ് വിജയരാഘന്‍ എന്ന അഭിനയപ്രതിഭ.
ഇപ്പോഴിതാ തന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛനേയും അമ്മയേയും കുറിച്ച് വിജയരാഘവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മനസ് തുറന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും മകനായി ജനിച്ചത് മഹാഭാഗ്യമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''സുറുമയിട്ട കണ്ണുകള്‍, അതായിരുന്നു നായകനായ ആദ്യ സിനിമ. ആദ്യമായി 1500 രൂപ അഡ്വാന്‍സും കിട്ടി. നാടകത്തിലഭിനയിക്കുമ്പോള്‍ അച്ഛനാണ് പൈസ തരുന്നത്. അച്ഛന്‍ തരുന്നതു കൊണ്ട് അഭിനയച്ചതിനു ലഭിച്ച ശമ്പളമായി തോന്നില്ലല്ലോ. അന്നു മുതലിന്നോളം സിനിമയാണ് അന്നം, അത് മഹാഭാഗ്യമല്ലേ. '' എന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്. പിന്നാലെയാണ് താരം തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സംസാരിക്കുന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
''ജന്മം തന്നെ വലിയ ഭാഗ്യമായി തോന്നും. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഉള്ള എന്‍എന്‍ പിള്ളയുടെ മകനായത്. പ്രണയത്തിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്ന ചിന്നമ്മയുടെ മകനായത്. എന്റെ സൗഭാഗ്യമാണത്. വിവാഹത്തിന് അമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. പത്തൊമ്പതാം വയസില്‍ ജീവിതം തേടി അച്ഛന്‍ മലയായിലേക്ക് പോയി. പോകും മുമ്പേ അമ്മയോട് വാക്കു പറഞ്ഞിരുന്നു, ചിന്നയെ ഞാന്‍ വിവാഹം കഴിക്കും.
പിന്നെ ഒരു വിവരവുമില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചു പോയെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. പക്ഷെ അമ്മ കാത്തിരുന്നു. മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മുടി മുറിച്ചു കളഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ അറിഞ്ഞു, അമ്മ കാത്തിരിക്കുന്നുണ്ടെന്ന്. അങ്ങനെയാണ് നാട്ടിലേക്ക് എത്തിയത്.
അമ്മ മരിച്ചപ്പോള്‍ 21 ദിവസത്തോളം അച്ഛന്‍ തുടര്‍ച്ചയായി മദ്യപിച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയില്‍ ഒറ്റയ്ക്ക് കിടന്നു. ഉറക്കത്തില്‍ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിക്കും. അമ്മയോടുള്ള സ്‌നേഹം അന്നാണു തിരിച്ചറിഞ്ഞത്. അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചതു മഹാഭാഗ്യമല്ലേ.'' എന്നാണ് വിജയരാഘവന്‍ പറയുന്നത്.

കുട്ടിക്കാലത്ത് പട്ടിണിയുടെ മുഖം ഒരുപാട് കണ്ടിട്ടുണ്ട്. മുകളു പൊട്ടിച്ചതും കപ്പയും കഴിക്കുമ്പോള്‍ അത് ഇല്ലായ്മ കൊണ്ടായിരുന്ന എന്ന് തോന്നിയിട്ടില്ല. ഇന്ന് ഈ ജീവിതത്തിലിരിക്കുമ്പോഴാണ് അതു പട്ടിണിക്കാലമായിരുന്നുവെന്നു മനസ്സിലാകുന്നതെന്നും വിജയരാഘവന്‍ പറയുന്നു.
നാല്‍പ്പത് വര്‍ഷം പിന്നിട്ട കരിയറില്‍ ഈ വര്‍ഷമാണ് വിജയരാഘവനെ തേടി ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയരാഘവനെ തേടിയെത്തി. കിഷ്‌കിന്ധാ കാണ്ഡമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയിലെ വിജയരാഘവന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.


Click it and Unblock the Notifications











