ഒരു സ്റ്റാറിന്റെ കൂടെ പോയതാണ് എനിക്ക് പറ്റിയ മണ്ടത്തരം; നിവിന്റെ കൂടെ പോകാൻ പാടില്ലായിരുന്നു: വിനയ് ഫോർട്ട്
ശ്രദ്ധേയമായ ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് വിനയ് ഫോർട്ട്. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് വിനയ് ഫോർട്ടിനെ ശ്രദ്ധേയനാക്കിയത്. ആസിഫ് അലി, റിമാ കലിങ്കൽ എന്നിവർക്കൊപ്പം ഋതു എന്ന സിനിമയിലൂടെയാണ് വിനയ് ഫോർട്ടും സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അപൂർവരാഗം, അൻവർ, ഡാ തടിയാ, 7ത് ഡേ എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ സിനിമയിൽ സജീവമാവുകയായിരുന്നു താരം. എന്നാൽ നടനെന്ന നിലയിൽ വിനയ്‌ക്ക് ഒരു അഡ്രസ് നൽകിയത് പ്രേമത്തിലെ വേഷമാണ്.
വിമൽ സാർ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിലൂടെ വിനയ്ക്ക് ലഭിച്ചത്. പിന്നീട് 2019 ൽ തമാശ എന്ന സിനിമയിൽ വിനയ് ഫോർട്ട് നായകനുമായി. കരിയറിലെ വഴിത്തിരിവായി ഈ സിനിമ മാറി. പിന്നീട് ഉണ്ട, ചുരുളി, മാലിക്, കനകം കാമിനി കലഹം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ വിനയ് ഫോർട്ടിന് സാധിച്ചു.

നിവിൻ പോളി നായകനായ ബോസ് ആൻഡ് കോ ആണ് വിനയ് ഫോർട്ടിന്റെ അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രത്തിന്റെ പ്രസ് മീറ്റിന് എത്തിയ വിനയ് ഫോർട്ടിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പിലാണ് നടൻ പ്രസ് മീറ്റിന് എത്തിയത്. പിന്നാലെ ഇത് ട്രോളുകളിലും നിറഞ്ഞു. ട്രോളുകളെല്ലാം വിനയ് ഫോർട്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ എല്ലാം വൈറലായി മാറി. ചിത്രങ്ങളിലേയും വീഡിയോയിലെയും വിനയ് ഫോർട്ടിന്റെ എക്സ്പ്രഷനുകളാണ് വൈറലായി മാറിയത്.
ഇപ്പോഴിതാ അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് വിനയ് ഫോർട്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് നടത്തിയ ഹോം ടൂറിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടൻ. ഒരു സ്റ്റാറിന്റെ കൂടെ പ്രസ്സ് മീറ്റില്‍ പങ്കെടുത്തതാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് വിനയ് ഫോർട്ട് പറയുന്നു. നിവിന്റെ കൂടെ പ്രസ് മീറ്റിന് പോകാന്‍ പാടില്ലായിരുന്നു. നിവിന്‍ ഇരിക്കുമ്പോള്‍ ഒറ്റൊരുത്തനും എന്നെ മൈൻഡ് ചെയ്യില്ല. ചോദ്യങ്ങള്‍ എല്ലാം നിവിനിനോട് തന്നെ ആയിരിക്കും.
സത്യത്തില്‍ ഞാന്‍ അവിടെ ഇരുന്ന് ബോര്‍ അടിച്ചു. അതാണ് എന്റെ ഫേസിലെ എക്‌സ്പ്രഷന്‍ മാറിയത്. നിവിനോട് ചോദിക്കാന്‍ മാത്രമേ അവർക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നുള്ളു. അതാണ് മൈക്ക് അങ്ങനെ കൈമാറുന്നതൊക്കെ കണ്ടതെന്ന് വിനയ് ഫോർട്ട് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലുള്ള വിനയ് ഫോർട്ടിന്റെ വീട്ടിലായിരുന്നു ഹോം ടൂർ.

മൂന്ന് നിലകളുള്ള നടന്റെ വീട്ടിൽ ഒരു മിനി തിയേറ്ററും, വര്‍ക്ക് ഔട്ട്‌സ്‌പേസും ഒക്കെയുണ്ട്. അഞ്ച് വര്‍ഷം മുന്‍പാണ് ഈ വീട് വാങ്ങിയതെന്ന് നടൻ പറഞ്ഞു. വാങ്ങിയ ശേഷം ഇഷ്ടപ്രകാരം റിനോവേറ്റ് ചെയ്‌തെടുക്കുകയായിരുന്നു. അതേസമയം വീട്ടിലേക്ക് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വീട്ടിലേക്ക് ആളുകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ലെന്ന് നടൻ പറഞ്ഞു. സിനിമ ചര്‍ച്ചകള്‍ക്കായി തേവരയില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടെന്ന് വിനയ് വ്യക്തമാക്കി.
വീട്ടിലേക്ക് വരുമ്പോള്‍ ആദ്യം തിരയുന്നത് എപ്പോഴും അമ്മയെയാണ്. അമ്മ വീട്ടില്‍ നിന്ന് പുറത്ത് പോകാത്ത ആളാണ്. ഞാന്‍ ഷൂട്ടൊക്കെ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അമ്മ വീട്ടിലുണ്ടാവണം, ഇല്ലെങ്കില്‍ എനിക്കത് വീടായിട്ട് ഫീല്‍ ചെയ്യില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയെങ്കിലും അത് നിര്‍ബന്ധമാണ്. മോന്‍ ആയതിന് ശേഷം, എവിടെ പോയാലും അവന്റെ അടുത്തെത്താന്‍ മനസ്സ് കൊതിക്കുമെന്നും വിനയ് ഫോർട്ട് പറഞ്ഞു.


Click it and Unblock the Notifications











