മോഹൻലാലാണ് അത് ചെയ്തതെന്ന് ഫാസിൽ സാർ പറഞ്ഞു; 'എന്റെ പേരു പോലും അറിയില്ലായിരുന്നു': വിനയപ്രസാദ്
മലയാളത്തിന്റെ ഒരേയൊരു മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട് 31 വർഷങ്ങളായി. ഇന്നും അതിൻെ പ്രൗഡി നഷടപ്പെടാതെ നിലനിൽക്കുന്ന മണിച്ചിത്രത്താഴ് റീ-റിലീസ് ചെയ്തിരിക്കുന്നു. മണിച്ചിത്രത്താഴ് സിനിമ ഉണ്ടാക്കിയ ഒരു മാജിക്കാണ് ഇന്നും ജനങ്ങൾക്കിടയിൽ ആ സിനിമ ചർച്ച ചെയ്യപ്പെടുന്നതിനു കാരണം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മനപ്പാഠമാണ്. അത്തരത്തിൽ ഗംഗയെ പോലെ പ്രേക്ഷകരുടെ മനസു കീഴടക്കിയ കഥാപാത്രമാണ് ശ്രീദേവി.
പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് വിനയപ്രസാദ് മലയാളത്തിലേക്ക് എത്തുന്നത്. വിനയപ്രസാദിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് മണിച്ചിത്രമാണ്. എങ്കിലും മലയാളികൾ പലർക്കും ഈ കന്നട നടിയെ അറിയില്ലായിരുന്നു. മലയാളികൾക്ക് പോലും അത്ര പരിചിതമല്ലാത്ത ഈ മുഖം മണിച്ചിത്രത്താഴിലേക്ക് പരിചയപ്പെടുത്തിയത് മോഹൻലാൽ തന്നെയാണ്. അതിനു പിന്നിലെ കഥ സൈന സൗത്ത് പ്ലസ് ചാനലിലൂടെ വിനയപ്രസാദ് പറയുന്നു.

"1992ൽ ബാംഗ്ലൂരിൽ വെച്ച് ഓണാഘോഷം നടത്തിയിരുന്നു. അന്ന് എന്റെ ആദ്യത്തെ കന്നട സിനിമ റിലീസ് ചെയ്തിട്ട് സൂപ്പർ ഹിറ്റായി നിൽക്കുകയായിരുന്നു. ആ സമയത്ത് മോഹൻലാൽ അതേ ഓണം പരിപാടിയിൽ ചീഫ് ഗസ്റ്റായി എത്തിയിരുന്നു. അന്ന് ഞാനും ആ പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടുന്നാണ് അദ്ദേഹത്തെ കാണുന്നത്. മലയാളം അറിയുമോ തമിഴ് അറിയുമോ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തിൽ അവിടുന്നാണ് അദ്ദേഹവും എന്നെ നേരിട്ടു കാണുന്നത്.
എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിൽ റിലീസ് ചെയ്യുന്ന സിനിമകളും അല്ലാതെയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ പ്രസംഗത്തിനിടെ ഞാൻ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചെല്ലാം സംസാരിച്ചു. ഇതെല്ലാം കേട്ട് അദ്ദേഹം നോക്കിയിരുന്നു. ആ പരിപാടിക്കു ശേഷം ഏകദേശം 2 മാസം കഴിഞ്ഞാണ് ഫാസിൽ സാറിന്റെ പ്രൊഡക്ഷൻ മാനേജൻ എന്നെ വിളിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമ ചെയ്യുന്നുണ്ട്, താങ്കൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. "
"ഫാസിൽ, മോഹൻലാൽ ഈ പേരുകൾ കേട്ടാൽ ആരാണ് പറ്റില്ലെന്ന് പറയുന്നത്. ഞാൻ വരാമെന്നു പറഞ്ഞു. അവിടെ എത്തിയപ്പോൾ ഫാസിൽ സാർ ആണ് പറഞ്ഞത് എന്നെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് മോഹൻലാൽ ആണെന്ന്. അതായത് ശ്രീദേവി എന്ന കഥാപാത്രം വിനയ ചെയ്താൽ വളരെ നന്നായിരിക്കും എന്ന് മോഹൻലാൽ സാർ ഫാസിൽ സാറിനോട് പറഞ്ഞു. മോഹൻലാൽ സാറിന് എന്റെ മുഴുവൻ പേര് പോലും അറിയില്ലായിരുന്നു, എന്നിട്ടും ആ സിനിമയിലേക്ക് എന്നെ പരിഗണിച്ചു.

അങ്ങനെയാണ് മണിച്ചിത്രത്താഴിന്റെ ഭാഗമാവുന്നത്. ഒരു തവണ പോലും അദ്ദേഹമാണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടു പോലുമില്ല." വിനയ പ്രസാദ് പറഞ്ഞു. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്കു ശേഷം ഒരിക്കൽ വിനയ പ്രസാദ് മോഹൻലാലിനെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അന്ന് ലാലേട്ടൻ വിനയ പ്രസാദിനോട് പറഞ്ഞത് നിങ്ങളെ കാണുമ്പോൾ എനിക്ക് ശ്രീദേവിയെ മാത്രമാണ് ഓർമ വരുന്നത് എന്നാണ്. അത് ശരിക്കും വലിയൊരു അംഗീകാരമായാണ് വിനയപ്രസാദ് കാണുന്നത്.
മണിച്ചിത്രത്താഴ് സിനിമ ഇന്നും ഒരു മാജിക്കാണ്. അങ്ങനെയൊരു സിനിമ ഇനി ഒരിക്കലും സംഭവിക്കില്ല എന്നതാണ് സത്യം. ശ്രീദേവി എന്ന കഥാപാത്രവും അതുപോലെയാണ്. 30 വർഷങ്ങൾക്കിപ്പുറവും വിനയപ്രസാദ് എന്ന പേര് കേൾക്കുമ്പോൾ ശ്രീദേവി എന്ന കഥാപാത്രത്തെ മാത്രമാണ് ഓർമയിൽ വരുന്നത്. അത് ആ നടിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് തന്നെയാണ്.


Click it and Unblock the Notifications











