ഉള്ളതു തുറന്ന് പറയുന്നവരെ മനസിലാക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും; ലാലിന്റെ പ്രതീക്ഷ പൂവണിയട്ടെ: വിനയന്‍
മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. ആദ്യമായി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തിനും മോഹന്‍ലാലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ ശ്രീ മോഹന്‍ലാലിന്റെ വലിയ സ്വപ്നം ''ബറോസ്'' വന്‍ വിജയമാകട്ടേ എന്നാശംസിക്കുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നില്‍ക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹന്‍ലാലും. സംഘടനാ പ്രശ്‌നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും. ഞാനെന്റെ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കമ്പോഴും. ഇവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ അതിന്റേതായ വിലയോടുതന്നെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

''പത്തൊമ്പതാം നൂറ്റാണ്ട്'' എന്ന സിനിമയില്‍ തുടക്കത്തിലും അവസാനവും ഉള്ള നരേഷനില്‍ മമ്മുക്കയുടെയും മോഹന്‍ലാലിന്റെയും ശബ്ദമുണ്ടായാല്‍ നന്നായിരിക്കുമെന്നു തോന്നിയപ്പോള്‍ ഒരു ഫോണ്‍ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാന്‍ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ല്‍ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാന്‍ എഴുതിയിരുന്നു. വിനയന്‍ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ. എന്ന സംശയമായിരുന്നു അന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.
കേസു കെടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ? അതില്‍ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും. കാര്യം കാണാന്‍ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകള്‍ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടില്‍ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാന്‍ കുറച്ചു പേരെങ്കിലും ഉണ്ട് അക്കൂട്ടത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാന്‍ പറഞ്ഞത്.
ആ വിഷയം അവിടെ നില്‍ക്കട്ടെ. ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാന്‍ വന്നത്. മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3ഉ ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹന്‍ലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. നാളെ റിലീസ് ചെയ്യുന്ന ''ബറോസ്സ്'' ഒരു വലിയ വിജയമാകട്ടെ.

നേരത്തെ നടന്‍ മമ്മൂട്ടിയും ബറോസിനും മോഹന്‍ലാലിനും ആശംസകളുമായി എത്തിയിരുന്നു. ''ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് 'ബറോസ് '. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു പ്രാര്‍ത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി.'' എന്നാണ്് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications