'മുഴുവന്‍ പോസ്റ്ററും മാറ്റാന്‍ ലാലേട്ടന്‍ പറഞ്ഞു'; ആ തീരുമാനം ഇന്‍ഡസ്ട്രിയില്‍ വലിയ പ്രശ്‌നമായി: വിന്ദുജ
മലയാളികള്‍ക്ക് സുപരിചിതയാണ് വിന്ദുജ മേനോന്‍. നിരവധി സിനിമകളില്‍ നായികയായിരും സഹനടിയായും അഭിനയിച്ച് കയ്യടി നേടി. പവിത്രത്തിലെ മീനാക്ഷിയായിട്ടാണ് മലയാളികള്‍ ഇന്നും വിന്ദുജയെ ഓര്‍ക്കുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തുവെങ്കിലും നൃത്ത വേദിയില്‍ നിറ സാന്നിധ്യമാണ് വിന്ദുജ. നൃത്ത വിദ്യാലയത്തിനൊപ്പം സ്റ്റേജ് ഷോകളും നടത്തി വരുന്നു. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകള്‍ നേഹയും നൃത്ത രംഗത്ത് ഒരിടം കണ്ടെത്തുകയാണ്.
പവിത്രം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു സംഭവം ഓര്‍ത്തെടുക്കുകയാണ് വിന്ദുജ. മോഹന്‍ലാലും വിന്ദുജയും തകര്‍ത്തഭിനയിച്ച പവിത്രം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ്. മോഹന്‍ലാലിന് പറ്റിയൊരു പിഴവ് താന്‍ ചൂണ്ടിക്കാണിച്ചതിനെക്കുറിച്ചാണ് വിന്ദുജ സംസാരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്ദുജ മനസ് തുറന്നത്.

''1993 ല്‍ ഞാന്‍ പ്രീഡിഗ്രിയ്ക്ക് ചേരാനിരിക്കുന്ന സമയത്താണ് രാജീവേട്ടന്‍ പവിത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പവിത്രത്തിന് മുമ്പ് കമലദളത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് വിളിച്ചതാണ്. പരീക്ഷ കാരണം ആ വേഷം സ്വീകരിക്കാനായില്ല. പവിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത് കമലദളത്തില്‍ അഭിനയിക്കാത്തതിനെക്കുറിച്ചാണ്. റിലീസിങ് അടുത്തതിനാല്‍ നഗരത്തില്‍ നിറയെ കമലദളത്തിന്റെ പോസ്റ്ററുകളായിരുന്നു'' വിന്ദുജ ഓര്‍ക്കുന്നു.
സംസാരത്തിനിടയില്‍ ലാലേട്ടന്‍ തെറ്റായിട്ടാണ് സിനിമയില്‍ മുദ്രകള്‍ പിടിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലെന്നും എവിടെ നിന്നാണ് അത് ശ്രദ്ധിച്ചതെന്നും ചോദിച്ചു. പോസ്റ്ററില്‍ കണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എന്നേയും കൂട്ടി അദ്ദേഹം കാറില്‍ ആ പോസ്റ്റര്‍ കാണാന്‍ പോയി എന്നാണ് വിന്ദുജ പറയുന്നത്. അവിടെ ചെന്നപ്പോഴാണ് ഫോട്ടോ തിരിച്ചുവച്ചാണ് പോസ്റ്ററടിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. ഉടന്‍ ലാലേട്ടന്‍ ആ പോസ്റ്റര്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തുവെന്നും താരം പറയുന്നുണ്ട്.
സിനിമകള്‍ക്ക് പുറമെ നിരവധി സീരീലുകളിലും വിന്ദുജ അഭിനയിച്ചിരുന്നു. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമയില്‍ അവസരം ലഭിക്കുന്നത് കുറയുമെന്നത് ഇന്നും നിലനില്‍ക്കുന്ന ആരോപണമാണ്. തന്റെ കാലത്തും അത് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് വിന്ദുജ പറയുന്നത്.
''അന്ന് അത് ഇന്‍ഡസ്ട്രിയില്‍ വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ജ്വാലയായ്, സ്ത്രീ, ഇഷ്ടമായ്, സസ്‌നേഹം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചതു കൊണ്ടു കൂടിയാണ് ഇന്നും മലയാളികള്‍ എന്നെ തിരിച്ചറിയുന്നത്. നാടകത്തിലും വലിയ മുന്‍പരിചയങ്ങളില്ലാതെയാണ് അഭിനയിച്ചത്. മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു'' എന്നാണ് താരം പറയുന്നത്. തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് വിന്ദുജ വിവാഹിതയാകുന്നത്. എന്നാല്‍ വിവാഹം തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നാണ് വിന്ദുജ പറയുന്നത്.
2000-ത്തിലായിരുന്നു രാജേഷുമായുള്ള വിവാഹം. എന്റെ കരിയറിനെ ഒരു തരത്തിലും വിവാഹം ബാധിക്കരുത് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. രാജേഷ് അതിനെ പിന്തുണച്ചു. ഗര്‍ഭിണിയായി എട്ടാം മാസം വരെ ജ്വാലയായ് എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെന്നും വിന്ദുജ പറയുന്നു. മകള്‍ ജനിച്ച് 45-ാം ദിവസം മുതല്‍ ഞാന്‍ വീണ്ടും നൃത്തം പരിശീലിച്ചു തുടങ്ങിയിരുന്നു. പിന്നീട് സിംഗപ്പൂരിലെത്തിയപ്പോഴാണ് വീണ്ടും സ്‌റ്റേജില്‍ അവതരിപ്പിച്ചു തുടങ്ങിയതെന്നും താരം പറയുന്നു.

ബാലതാരമായിട്ടാണ് വിന്ദുജ കരിയര്‍ ആരംഭിക്കുന്നത്. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൊമ്പരത്തിപ്പൂവ്, ഞാന്‍ ഗന്ധര്‍വ്വന്‍, പിന്‍ഗാമി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1994 ല്‍ പുറത്തിറങ്ങിയ പവിത്രം ആണ് കരിയറില്‍ വഴിത്തിരിവായി മാറുന്നത്. 1999 ല്‍ പുറത്തിറങ്ങിയ ദേവദാസിയ്ക്ക് ശേഷം സിനിമയില്‍ നിന്നും പിന്മാറി. തുടര്‍ന്ന് സീരീയലുകളില്‍ സജീവമായി മാറുകയായിരുന്നു. ജനപ്രീയമായ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുന്നത് ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ്. എന്നാല്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് വിന്ദുജ സജീവമായത്.


Click it and Unblock the Notifications