ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, വിളിച്ചാല്‍ ഇനിയും വരും; ഓടിയ സംഭവത്തില്‍ വിനീതിന്റെ പ്രതികരണം
വാരനാട് എന്ന സ്ഥലത്തെ അമ്പലത്തില്‍ ഗാനമേളയ്ക്ക് എത്തിയ താരത്തിന് അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായത്.
മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസന്‍. ഗായകനായിട്ടാണ് വിനീത് സിനിമയിലെത്തുന്നത്. പിന്നീട് സംവിധായകനായും നടനായുമെല്ലാം വിനീത് മലയാള സിനിമയില്‍ കയ്യൊപ്പ് ചാര്‍ത്തി. തൊട്ടതെല്ലാം പൊന്നാക്കിയ അച്ഛന്റെ മകന്‍ അച്ഛനെ പോലെ തന്നെ സകലകലാ വല്ലഭനായി മാറുകയായിരുന്നു. ഇന്ന് നടനും സംവിധായകനുമൊക്കെയായി തിരക്കിലാണെങ്കിലും ഗായകനായി വേദികളിലുമെത്താറുണ്ട് വിനീത്.
അങ്ങനെ വിനീത് പങ്കെടുത്തൊരു പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിനീത് വേദിയില്‍ നിന്നും കാറിലേക്ക് ഓടിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാരനാട് എന്ന സ്ഥലത്തെ അമ്പലത്തില്‍ ഗാനമേളയ്ക്ക് എത്തിയ താരത്തിന് അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വിനീത് ഓടുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് പരിപാടി മോശമായതിനെ തുടര്‍ന്നാണെന്ന ആരോപണവും വന്നു. ഇതോടെ പരിപാടി നേരിട്ട് കണ്ടവരും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് അടക്കമുള്ളവര്‍ വിശീദകരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണുവമായി വിനീത് തന്നെ എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു വിനീതിന്റെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു.
അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും! എന്നാണ് വിനീത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം എന്നു പറഞ്ഞാണ് സുനീഷ് വരനാട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും, ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചു നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം തങ്കം ആണ് വിനീത് ശ്രീനിവാസന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലെത്തിയിരുന്നു. പോയ വർഷം പുറത്തിറങ്ങിയ മുകുന്ദനുണ്ണിയും വിനീത് ശ്രീനിവാസന്റെ കയ്യടി നേടിയ സിനിമയായിരുന്നു. നിരവധി സിനിമകളാണ് വിനീതിന്റേതായി പുറത്തിറങ്ങാനുള്ളത്. പൂക്കാലം, 2018 എന്നിവയാണ് റിലീസ് കാത്തു നില്‍ക്കുന്ന വിനീത് സിനിമകള്‍.
ഹൃദയം ആണ് വിനീത് സംവിധാനം ചെയ്ത് ഒടുവിലായി പുറത്തിറങ്ങിയ സിനിമ. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം വന്‍ വിജയമായിരുന്നു. അധികം വെെകാതെ വിനീത് സംവിധാനത്തിലേക്ക് തിരിച്ചെത്തും. പ്രണവിനെ നായകനാക്കിയുള്ള സിനിമയടക്കം അണിയറയിലുള്ളതായി വിനീത് നേരത്തെ അറിയിച്ചിരുന്നു.


Click it and Unblock the Notifications