രോഗത്തെ ചിരിച്ച മുഖത്തോടെ നേരിട്ട ഒരാൾ വീട്ടിലുണ്ട്; ബോധം വന്നപ്പോൾ മുതൽ സംസാരിച്ചത് സിനിമയെക്കുറിച്ച്: വിനീത്
രോഗത്തെ അതിജീവിച്ച് ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ അച്ഛൻ രോഗാവസ്ഥയെ നേരിട്ടത് എങ്ങനെയാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ
മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമയുടെ ചരിത്രമെടുത്താൽ അതിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു പേരാണ് ശ്രീനിവാസന്റേത്. നിരവധി സൂപ്പർ ഹിറ്റുകളാണ് ശ്രീനിവാസന്റെ രചനയിൽ മലയാളത്തിന് ലഭിച്ചിട്ടുള്ളത്.
അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. രോഗം തളർത്തിയപ്പോഴും സിനിമയിലേക്ക് തിരിച്ചുവരാവണമെന്ന അതീവ ആഗ്രഹമായിരുന്നു നടന്. ഒടുവിൽ രോഗത്തെ അതിജീവിച്ച് ശ്രീനിവാസൻ തിരിച്ചെത്തിയപ്പോൾ മലയാള സിനിമ ലോകവും പ്രേക്ഷകരും അത് ഒരുപോലെ ആഘോഷമാക്കി.

മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിച്ചത്. അതിനു മുൻപ് മഴവിൽ അവാർഡ്‌സ് വേദിയിൽ എത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. അതിനു ശേഷം നിരവധി സിനിമ വേദികളിലും ശ്രീനിവാസൻ എത്തി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ശ്രീനിവാസന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ, രോഗാവസ്ഥയെ അച്ഛന്‍ ശ്രീനിവാസൻ നേരിട്ടതിനെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു വിനീത് ശ്രീനിവാസൻ തന്റെ അച്ഛനെക്കുറിച്ച് സംസാരിച്ചത്. വിശദമായി വായിക്കാം.
ഒരു രോഗാവസ്ഥയെ ധൈര്യത്തോടെ, ചിരിച്ച മുഖത്തോടെ നേരിട്ട ഒരാളെ ഞാന്‍ എന്റെ വീട്ടില്‍ കാണുന്നുണ്ട്. ആദ്യം ഐസിയുവിലായിരുന്നു അച്ഛൻ ബോധം വന്ന സമയം മുതല്‍ എന്നോട് സംസാരിച്ചിരുന്നത് ചെയ്യാന്‍ പോവുന്ന സിനിമകളെ കുറിച്ചായിരുന്നു. മുന്നോട്ട് പോവാന്‍ ഭയങ്കരമായ ആഗ്രഹം അച്ഛന്‍ കാണിച്ചത് ജോലിയുമായി ബന്ധപ്പെടുത്തിയാണ്.
ലാസ്റ്റ് ബൈപ്പാസ് കഴിഞ്ഞ സമയത്ത് കുറുക്കന്‍ എന്ന സിനിമ ഞങ്ങൾ ഒന്നിച്ച് ചെയ്തു. ആ സമയത്ത് രാവിലെ ഞാന്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ താഴെ നിന്ന് അച്ഛന്‍ ഡയലോഗ് പഠിക്കുന്നത് കേള്‍ക്കാമായിരുന്നു. ഈ ഒരു സമയത്ത് ഡയലോഗ് ഓര്‍ത്തിരിക്കാന്‍ പറ്റുമോ എന്ന തരത്തിലുള്ള ആശങ്ക ഉണ്ടായിരുന്നു അച്ഛന്.
സെറ്റില്‍ വരുമ്പോള്‍ അങ്ങനെയുള്ള കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ വേണ്ടി ഇരുന്ന് പഠിക്കുകയാണ്. സെറ്റില്‍ വരുമ്പോള്‍ ഒറ്റ ടേക്കില്‍ അത് ഓക്കെ ആക്കുകയും ചെയ്യും. ആള്‍ക്കാര്‍ ക്ലാപ്പ് ചെയ്യുന്നതൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. അച്ഛന്‍ എനിക്ക് ഇൻസ്പിരേഷനാണ്.
അച്ഛന്റെ അടുത്ത സുഹൃത്തായ ഇന്നസെന്റ് അങ്കിള്‍ ക്യാന്‍സര്‍ സര്‍വൈവറാണ്. സ്ഥിരമായി അദ്ദേഹം ആരോഗ്യവുമായി മല്ലിട്ട് കൊണ്ടിരിക്കുന്നയാളാണ്. എല്ലാത്തിനെയും തമാശയോടെയാണ് അദ്ദേഹം കാണുന്നത്. അങ്ങനെയുള്ള ആളുകളെ നമ്മള്‍ ചുറ്റും കാണുമ്പോള്‍ ഇതിനെ ഇങ്ങനെയും സമീപിക്കാം. വിഷമത്തോടെയോ ഭയത്തോടെയോ ഇതിനെ കാണേണ്ടതില്ലെന്ന് നമുക്ക് തോന്നാം. നമുക്ക് മാതൃക കാണിച്ച് കൊടുക്കാന്‍ ഇങ്ങനെയുള്ളവര്‍ നമുക്ക് ചുറ്റിലുമുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

നേരത്തെ ആശുപത്രിയിലായിരുന്ന സമയത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും ഇനിയും സിനിമകള്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഐസിയുവിലായിരുന്ന സമയത്തും കഥകള്‍ കേട്ടിരുന്നുവെന്നും വരാനിരിക്കുന്ന സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നുമായിരുന്നു അദ്ദേഹം സുഹൃത്തുക്കളോടെല്ലാം പറഞ്ഞിരുന്നത്.
സിനിമാലോകവും പ്രേക്ഷകരും ഏറെ ആഗ്രഹിച്ച തിരിച്ചുവരവായിരുന്നു ശ്രീനിവാസന്റേത്. കുറുക്കൻ എന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. കീടം, പ്യാലി എന്നീ ചിത്രങ്ങളിലാണ് ശ്രീനിവാസൻ അവസാനമായി അഭിനയിച്ചത്. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഒരു ചിത്രവും പ്രേക്ഷകരുടെ ആഗ്രഹമാണ്. അതിനുമുള്ള കാത്തിരിപ്പിലാണ്. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ ആയിരുന്നു ശ്രീനിവാസന്റെ തിരക്കഥയിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications