ധ്യാനിനെ ഉപദേശിക്കാൻ പോയി പണി കിട്ടി! കോടികളുടെ കണക്ക് പറഞ്ഞിട്ട് ഞാനാണോ ചേട്ടനാണോ ശരിയെന്ന് ചോദിച്ചു: വിനീത്
മലയാള സിനിമയിലെ മിന്നും താരങ്ങളായ സഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. നടൻ ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും അച്ഛനെ പോലെ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ സ്വഭാവം കൊണ്ടൊക്കെ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരാണ് വിനീതും ധ്യാനും. മലയാള സിനിമയിലെ ഇന്നത്തെ യുവ താരങ്ങളിൽ ചിലരെയും സംവിധായകരേയുമൊക്കെ കൈ പിടിച്ചു കൊണ്ടു വന്നയാളാണ് വിനീത്. നടനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ധ്യാന്‍.
ധ്യാനിന്റെ സിനിമകളേക്കാളും പ്രേക്ഷകര്‍ പലപ്പോഴും കാത്തിരിക്കുന്നത് ധ്യാനിന്റെ അഭിമുഖങ്ങൾക്ക് വേണ്ടിയാണ്. തമാശകള്‍ പറഞ്ഞും കഥകള്‍ പങ്കുവച്ചുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള ധ്യാനിന്റെ കഴിവ് പലപ്പോഴും പ്രേക്ഷകർ കണ്ടിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് തന്നെ വലിയൊരു ഫാന്‍ ബേസുണ്ട് എന്നതാണ് വസ്തുത. ധ്യാന്റെ തമാശകള്‍ക്ക് ഇരയായവരില്‍ ചേട്ടന്‍ വിനീത് മുതല്‍ നിവിന്‍ പോളി വരെയുള്ളവരുണ്ട്.

ധ്യാനിന്റെ അഭിമുഖങ്ങളിലായാലും വിനീതിന്റെ അഭിമുഖങ്ങളിൽ ആയാലും ഇവരെ കുറിച്ചുള്ള ചോദ്യങ്ങൾ പതിവാണ്. വിനീത് ശ്രീനിവാസൻ അഭിനയിച്ച പുതിയ ചിത്രമായ പൂക്കാലത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലും ആ പതിവിന് മാറ്റം വന്നിട്ടില്ല. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ധ്യാനിനെ ഉപദേശിക്കാൻ പോയി പണി കിട്ടിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
കോടികളുടെ കണക്ക് പറഞ്ഞ് ധ്യാൻ തോൽപിച്ചു കളഞ്ഞു എന്നാണ് വിനീത് പറയുന്നത്. അഭിമുഖത്തിനിടെ ധ്യാനിനെ നായകനാക്കി വിനീത് ചെയ്യാനിരിക്കുന്ന സിനിമയെ കുറിച്ച് ചോദിച്ച ശേഷം വീട്ടിൽ നിങ്ങൾക്കിടയിൽ സിനിമ സംസാരമാകാറുണ്ടോ. ജേഷ്ഠൻ എന്ന നിലയിൽ ധ്യാനിനെ ഉപദേശിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസൻ.
'ഞാൻ അവസാനമായിട്ട് അവനെ ഉപദേശിച്ചപ്പോൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ സംസാരം ഞാൻ പറയാം. മുകുന്ദൻ ഉണ്ണിയുടെ റിലീസിന് മുൻപ് ഞാൻ ധ്യാനിനെ കണ്ടപ്പോൾ ഞാൻ ധ്യാനിനോട് പറഞ്ഞു, ധ്യാനെ നിന്നെ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ. നീ അവർക്ക് കയ്യടിക്കാൻ കഴിയുന്ന ഒരു പടം കൊടുത്ത് കഴിഞ്ഞാൽ അവർ കൈ കഴക്കുന്ന വരെ കയ്യടിക്കാൻ റെഡിയാണ്. നീ അങ്ങനൊരു പടം കൊടുക്ക്. കുറച്ചുകൂടെ സെലക്ടിവ് ആവെന്ന്,'
'ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞു, 'ചേട്ടന്റെ ഇപ്പോൾ ഇറങ്ങാൻ പോകുന്ന പടമില്ലേ, അതിന് എത്ര ബഡ്ജറ്റായി?' ഞാൻ അത് പറഞ്ഞു. 'ആ സിനിമ തരക്കേടില്ലാതെ ഓടിയാൽ അത് എത്ര കളക്റ്റ് ചെയ്യും?' ഇത്രയും. 'ആ സിനിമ പൊട്ടിയാൽ അതിന്റെ റവന്യു എത്രയാകും? അപ്പോൾ നിർമ്മാതാവിന് തട്ട് കിട്ടിയാൽ എന്തോരം നഷ്ടം ഉണ്ടാവും?' ഇത് പറഞ്ഞിട്ട് അവൻ ഒരു കണക്ക് പറഞ്ഞു.

'ഇനി എന്റെ സിനിമയെ കുറിച്ച് പറയാമെന്ന് പറഞ്ഞ് തുടങ്ങി, എന്റെ സിനിമ ഒന്നര കോടി രൂപയ്ക്കോ ഒന്നേ മുക്കാൽ കോടി രൂപയ്ക്കോ ആണ് തീരുന്നത്. അത് ലിസ്റ്റിനെ പോലെയുള്ള ആളുകൾ ഉണ്ടെങ്കിൽ സാറ്റലൈറ്റ് അത് ഇത് എന്നൊക്കെ പറഞ്ഞ് ഒരു കണക്ക് അങ്ങോട്ട് പറഞ്ഞു,'
'എന്നിട്ട് എന്നോട് ചോദിച്ചു ചേട്ടൻ ചെയ്യുന്നതാണോ ഞാൻ ചെയ്യുന്നതാണോ ശരിയെന്ന്. ഞാൻ ഉത്തരമുട്ടി. ഞാൻ പോയിട്ട് പിന്നെ വരാമെന്ന് പറഞ്ഞ് മുങ്ങി. ഇതാണ് അവനെ ഉപദേശിക്കാൻ പോയാൽ ഉള്ള അവസ്ഥ,' വിനീത് ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് ഒരുക്കിയത് ഫാമിലി എന്റർടൈനർ ചിത്രമാണ് പൂക്കാലം. വിജയരാഘവൻ പ്രധാന കാഥാപത്രമാകുന്ന ചിത്രത്തിൽ വിനീതിനെ കൂടാതെ ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗണേഷ് രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications