അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്; വെളിപ്പെടുത്തി വിനീത്
മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍ ആണ് വിനീത് ശ്രീനിവാസന്‍. ഗായകനാി വന്ന് നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി കയ്യടി നേടുകയും മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടുകയും ചെയ്ത വ്യക്തി. ശ്രീനിവാസന്റെ മകന്‍ എന്നതിന് അപ്പുറത്ത് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കിയെടുക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാളികളെ ഒരു സിനിമ കാണാന്‍ വിനീത് ശ്രീനിവാസന്‍ എന്ന പേര് തന്നെ ധാരാളമാണ്. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് വിനീത്.
ഗായനകനായിട്ടാണ് വിനീത് സിനിമയിലേക്ക് എത്തുന്നത്. പിന്നാലെ നടനായും സംവിധായകനായും മാറി. മൂന്ന് മേഖലയിലും നിറ സാന്നിധ്യമാണ് വിനീത്. മികച്ച അഭിനേതാവാണെന്ന് പല വട്ടം തെളിയിച്ചിട്ടുള്ള താരമാണ് വിനീത്. എന്നാല്‍ താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നാണ് വിനീതിന്റെ തീരുമാനം. ഇതിന് പിന്നിലൊരു കാരണവുമുണ്ട്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിനീത് പറയുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. കാരണം ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്. എന്നാണ് വിനീത് പറയുന്നത്.

പിന്നാലെ താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ആ സമയത്ത് അച്ഛനില്‍ നിന്നും ലഭിച്ച പ്രതികരണത്തെക്കുറിച്ചും വിനീത് വാചാലനാകുന്നുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധായകന്‍ ആകുന്നത്. മലര്‍വാടിയുടെ സമയത്ത് ഞാന്‍ ആദ്യം എഴുതിയതിലൊക്കെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ടും ഞാന്‍ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ എനിക്ക് കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന്‍ ചിരിച്ചു: ''എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ'' എന്ന് പറഞ്ഞു. എന്നാണ് അച്ഛന്റെ പ്രതികരണത്തെക്കുറിച്ച ് താരം പറയുന്നത്.

അതേസമയം തന്റെ അച്ഛനില്‍ നിന്നും പഠിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നും വിനീത് പറയുന്നുണ്ട്. പുകവലി പോലുള്ള ശീലങ്ങളില്‍പ്പെട്ട് അച്ഛന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടുന്നത് ചെറുപ്പം മുതലേ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം ശീലങ്ങളിലേക്ക് പോവരുത് എന്ന് ഞാന്‍ അന്നേ മനസ്സിലുറപ്പിച്ചിരുന്നു. അതിലേക്ക് അച്ഛനും പോവരുത് എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ട് എന്നാണ് വിനീത് പറയുന്നത്. പ്രണവ് മോഹന്‍ലാല്‍ ആണ് ഹൃദയത്തിലെ നായകന്‍. പ്രണവിന്റെ കരിയറിനെ മാറ്റി മറിച്ച വിജയമായി മാറിയിരിക്കുകയാണ് ഹൃദയം. വ്യക്തിയെന്ന നിലയില്‍ പ്രണവ് എങ്ങനെയാണെന്നും അഭിമുഖത്തില്‍ വിനീത് പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന ഒരാളല്ല പ്രണവെങ്കില്‍ അവന്‍ നമ്മുടെ അടുത്തുവന്ന് നിന്നാല്‍പോലും നമ്മള്‍ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല എന്നാണ് വിനീത് പ്രണവിനെക്കുറിച്ച് പറയുന്നത്.
Recommended Video

ഭയങ്കര സിംപിളായിട്ടുള്ള മനുഷ്യനാണ്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തില്‍ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് എനിക്കുതോന്നിയത്. ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാള്‍ ആണെന്നും വിനീത് പറയുന്നു.. ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയകാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്. ഉദാഹരണത്തിന് നമ്മള്‍ ഒരു മലയുടെ മുകളില്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവിടെ ആള്‍ക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാന്‍ കണ്ടിട്ടുണ്ടെന്നും വിനീത് പറയുന്നു. അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ കുറെ പ്രത്യേകതകളുണ്ട് പ്രണവിനെന്നുമാണ് വിനീത് പറയുന്നത്.


Click it and Unblock the Notifications