വിവാഹത്തിന് താൽപര്യമില്ലാഞ്ഞിട്ടല്ല; ചേച്ചി വിവാഹം കാരണം സഫർ ചെയ്ത ആളാണ്; ഒരാൾ വരുമെന്നാണ് വിശ്വാസം: അഭിരാമി
സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ചേച്ചിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമൃതയ്ക്ക് ഒപ്പം ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയത് മുതലാണ് അഭിരാമി കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ഒരു സംരംഭക കൂടിയാണ് താരം. കൊച്ചിയിൽ സ്വന്തമായൊരു കഫേ നടത്തുന്നുണ്ട് താരം.
ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാംഅമൃതയ്ക്ക് ഏറ്റവുമധികം പിന്തുണ നൽകിയത് അഭിരാമിയാണ്. കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും വരുമ്പോൾ അമൃതയ്ക്ക് മുന്നിൽ കവചം തീർക്കാറുള്ളത് അഭിരാമിയാണ്. ഇതിന്റെ പേരിൽ അഭിരാമിയും പലപ്പോഴും സൈബർ ആക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. എങ്കിലും പ്രതികരിക്കാൻ അഭിരാമി മടിക്കാറില്ല.

ശരീരഭാഷ കൊണ്ടും വളരെ ബോൾഡായ വ്യക്തിയാണ് അഭിരാമി എന്നാണ് ആരാധകർ പറയാറുള്ളത്. എന്നാൽ ലുക്ക് കണ്ട് ആരും തന്നെ ജഡ്ജ് ചെയ്യരുതെന്നാണ് അഭിരാമി പറയുന്നത്. തന്റെ ലുക്കിൽ നിന്നും നേരെ ഓപ്പോസിറ്റായ ഒരാളാണ് താനെന്ന് അഭിരാമി പറയുന്നു. ജനം ടിവിക്ക് നൽകിയ ഓണം സെപ്ഷ്യൽ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്.
വീട്ടിലെ ഓണാഘോഷത്തെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമെല്ലാം അഭിരാമി സംസാരിച്ചു. 'ഞാൻ അത്യാവശ്യം കുക്ക് ചെയ്യുന്ന ആളാണ്. ചെറുപ്പം മുതൽ അമ്മ കുക്ക് ചെയ്തു കണ്ട ആളായതുകൊണ്ടും, അമ്മയുടെ ഒപ്പം ഫുൾ ടൈം കിച്ചണിൽ നിന്ന ആളെന്ന നിലയിലും ഭക്ഷണം ഉണ്ടാക്കാനൊക്കെ അറിയാം. സദ്യ എന്നൊക്കെ പറയുന്നത് അമ്മയ്ക്ക് രണ്ടുദിവസത്തെ പരിപാടിയാണ്. സദ്യ കഴിച്ച ശേഷം നല്ലതാണു എന്ന് പറഞ്ഞു കേൾക്കാൻ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്',
'ഓണപരിപാടികളിൽ എല്ലാവരും ഒത്തുകൂടും. ഒട്ടും കഴിക്കാത്ത ആളുകൾ വരെ അമ്മയുണ്ടാക്കുന്ന സദ്യ മുഴുവൻ കഴിച്ചു ഇല കാലിയാക്കിയിട്ടേ എഴുന്നേറ്റ് പോകൂ. എനിക്ക് സദ്യയിൽ ഏറെ ഇഷ്ടം ഇഞ്ചിക്കറിയാണ്. ഓണത്തിന് രണ്ടുദിവസം മുൻപേ അമ്മ എല്ലാം തയ്യാറാക്കി വയ്ക്കും. പുളിശ്ശേരി ഒക്കെ അമ്മ സൂപ്പറായിട്ട് ഉണ്ടാക്കും. ആരും ഇല്ലാത്ത ഒരോണം ഈ വർഷം ആയിരിക്കും. അല്ലെങ്കിൽ നിറയെ ആളുകൾ ഉണ്ടാകും', അഭിരാമി പറഞ്ഞു.
നമ്മളെ ആൺകുട്ടികളെ പോലെയാണ് വളർത്തിയത്. അതുകൊണ്ടുതന്നെ എന്ത് വന്നാലും നേരിടാനുള്ള ഒരു ധൈര്യമുണ്ട്. പഠിക്കുന്ന സമയം അത്യാവശ്യം നല്ലപോലെ പഠിക്കുമായിരുന്നു. എന്നും ടോപ്പറായിരുന്നു താനെന്ന് അഭിരാമി പറഞ്ഞു. തുടർന്നാണ് തന്റെ വിവാഹത്തെ കുറിച്ച് മനസുതുറന്നത്.
'വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോൾ അതിലേക്ക് എത്തിയിട്ടില്ല. എന്റെ എക്സ്ട്രീം ക്യാരക്റ്റർ സഹിക്കാൻ ഉള്ള ഒരാൾ വരണം. അതിപ്പോൾ സമയം എടുത്തിട്ടായാലും വരട്ടെ എന്ന നിലപാടാണ്. പിന്നെ സത്യത്തിൽ വിവാഹം കഴിക്കാൻ പേടിയാണ്. ഒരു വിവാഹം കഴിച്ചിട്ട് ഇത്രയും കാലമായി സഫർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി',

'ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്. ഇപ്പോൾ മുന്നിലുള്ളത് കഫ്റ്റീരിയ മാത്രമാണ്. അതിന് നിറയെ ബ്രാഞ്ചസ് വരണം എന്നാണ് ആഗ്രഹം. എന്നെ മനസിലാക്കി, സഹിക്കാൻ കഴിയുന്ന ഒരാൾ വരുമെന്നാണ് വിശ്വാസം. ലേറ്റായി നടന്നാലും ലേറ്റസ്റ്റ് ആയി വരും എന്നാണ് വിശ്വാസം. അതല്ലാതെ വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല. പേടിയാണ്',
'ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്ന് ഞാൻ പറയില്ല. അതുകണ്ടിട്ടുള്ള ആൾക്കാരുടെ ആറ്റിട്യൂഡ് കണ്ട് ഒരുപക്ഷേ അതൊക്കെ ഇൻഫ്ലുവെൻസ് ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്', അഭിരാമി സുരേഷ് പറഞ്ഞു. നടൻ ബാലയെയാണ് അമൃത വിവാഹം ചെയ്തത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ വേർപിരിയുകയായിരുന്നു.


Click it and Unblock the Notifications